Kerala

ധനസ്ഥിതി വ്യക്തമാക്കാന്‍ ധവളപത്രം പുറത്തിറക്കണം; നികുതിപ്പണം ഉപയോഗിച്ചല്ല തെരഞ്ഞെടുപ്പ് പ്രചരണം നടത്തേണ്ടതെന്ന് വിഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ധനസ്ഥിതി വ്യക്തമാക്കാന്‍ ധവളപത്രം പുറത്തിറക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതുവരെ കാണ്ടിട്ടില്ലാത്ത ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. ഇക്കാര്യം സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയിലും സമ്മതിച്ചിട്ടുണ്ട്. സര്‍ക്കാരിന്‍റെ കയ്യില്‍ ഒരു പൈസയുമില്ലെന്ന് അദ്ദേഹം തലസ്ഥാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നിര്‍ത്തിവയ്ക്കപ്പെട്ടു, വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല, എല്ലാ സാമൂഹികക്ഷേമ പരിപാടികളും തടസപ്പെട്ടു, കെഎസ്ആര്‍ടിസി, വൈദ്യുതി ബോര്‍ഡ്, സപ്ലൈകോ, കെടിഡിഎഫ്സി എന്നിവ തകര്‍ന്നു. 28000 പട്ടികജാതി കുടുംബങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ മൂന്ന് വര്‍ഷമായി നല്‍കുന്നില്ല. കുട്ടികളുടെ ഉച്ചയൂണിന് നല്‍കാനും പണമില്ല. എന്നിട്ടും ധൂര്‍ത്തിന് ഒരു കുറവുമില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

രണ്ട് മാസം മുന്‍പാണ് തിരുവനന്തപുരത്ത് ഓണാഘോഷം നടന്നത്. അതിന്‍റെ പണം ഇതുവരെ കൊടുത്ത് തീര്‍ത്തിട്ടില്ല. എന്നിട്ടും തുലാവര്‍ഷക്കാലത്ത് മുഖ്യമന്ത്രി അല്ലാതെ ആരെങ്കിലും ഇങ്ങനെയൊരു പരിപാടി നടത്തുമോ? ഈ പരിപാടി കൊണ്ട് ഒരു പ്രയോജനവുമില്ല. സ്വര്‍ണത്തില്‍ നിന്നും ബാറുകളില്‍ നിന്നും ഉള്‍പ്പെടെ നികുതി പിരിക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. സംസ്ഥാനത്തിന്‍റെ യഥാര്‍ത്ഥ ധനസ്ഥിതി വ്യക്തമാക്കിയുള്ള ധവളപത്രം പുറത്തിറക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

ലൈഫ് മിഷന്‍ അഭിമാന പദ്ധതിയാണെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. ഒരു ഗഡു നല്‍കി തറ കെട്ടിയിട്ട് അടുത്ത ഗഡു വാങ്ങാന്‍ ഗുണഭോക്താക്കള്‍ എത്തുമ്പോള്‍ പണം നല്‍കാന്‍ ഇല്ലാതെ വിഇഒമാര്‍ പിന്‍വാതിലിലൂടെ മുങ്ങുകയാണ്. 27 കോടി കേരളീയത്തിന് നല്‍കിയ സര്‍ക്കാര്‍ ലൈഫ് പദ്ധതിക്ക് ഏഴ് മാസം കൊണ്ട് നല്‍കേണ്ട 717 കോടിയുടെ സ്ഥാനത്ത് ആകെ 18 കോടി മാത്രമാണ് നല്‍കിയത്. നവകേരള സദസിന് വേണ്ടി പഞ്ചായത്തുകളോടും സഹകരണബാങ്കുകളോടും പണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പഞ്ചായത്തുകള്‍ക്ക് ഓഗസ്റ്റില്‍ നല്‍കേണ്ട പദ്ധതി വിഹിതമായ 3000 കോടി ഇതുവരെ നല്‍കിയിട്ടില്ല. ജീവനക്കാര്‍ക്ക് 40000 കോടി നല്‍കാനുണ്ട്. ഒന്നും നല്‍കാനാകാതെ സര്‍ക്കാര്‍ വലിയ പ്രതിസന്ധിയിലാണ്.

മഴക്കാലത്ത് നടത്തുന്ന ഈ പരിപാടി എന്ത് നിക്ഷേപമാണ് കൊണ്ടുവരുന്നത്? മുഖ്യമന്ത്രിയുടെ മറുപടി എല്ലാവരെയും ചിരിപ്പിക്കുന്നതാണ്. ഇവിടെ വരുന്നവര്‍ ബേംബെയിലും ഡല്‍ഹിയിലും പോയി കേരളത്തെ പുകഴ്ത്തുമെന്നാണ് പറയുന്നത്. വെള്ളക്കെട്ടിനെ കുറിച്ചോ തിരുവനന്തപുരത്തെ തകര്‍ന്ന റോഡുകളെ കുറിച്ചോ ആണോ അവര്‍ പുകഴ്ത്താന്‍ പോകുന്നത്? ഇവര്‍ക്ക് ഇതൊന്നും മനസിലാകുന്നില്ലേ? അറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിക്കുകയാണോയെന്നും വിഡി സതീശൻ ചോദിച്ചു.

സര്‍ക്കാരിനെ കുറിച്ച് പ്രചരണം നടത്തണമെങ്കില്‍ അതിന് പാര്‍ട്ടിയുടെ പണം ഉപയോഗിക്കണം. നികുതിപ്പണം ഉപയോഗിച്ചാണോ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്? ജനസദസ് തെരഞ്ഞെടുപ്പ് പ്രചരണമാണെന്ന് ആര്‍ക്കാണ് അറിയാത്തത്. ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ നവംബറിലും ഡിസംബറില്‍ 140 നിയോജക മണ്ഡലങ്ങളില്‍ പാര്‍ട്ടി യാത്ര നടത്തുന്നതിന് പകരം സര്‍ക്കാര്‍ ചെലവില്‍ പ്രചരണം നടത്തുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker