24.9 C
Kottayam
Saturday, May 25, 2024

അയൽവാസി പെട്രോൾ ബോംബെറിഞ്ഞതിനെത്തുടർന്ന് ചികിത്സയിലായിരുന്ന അംഗപരിമിതൻ മരിച്ചു

Must read

തിരുവനന്തപുരം: അയൽവാസി പെട്രോൾ ബോംബെറിഞ്ഞതിനെത്തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അംഗപരിമിതൻ മരിച്ചു. നെയ്യാറ്റിൻകര അരുവിയോട് സ്വദേശി വർഗ്ഗീസാണ് (48) മരിച്ചത്.
ഇക്കഴിഞ്ഞ 12-ാം തീയതിയാണ് അയൽവാസിയായ സെബാസ്റ്റ്യൻ തൊട്ടടുത്ത് താമസിക്കുന്ന വർഗ്ഗീസിന് നേരെ പെട്രോൾ ബോംഗ് എറിഞ്ഞത്. ഇതേത്തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ വർഗീസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലായിരുന്ന വർഗീസിന്‍റെ നില ഇന്നലെ രാത്രിയോടെ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

വീടിന് മുന്നിൽ ശവപ്പെട്ടിക്കട നടത്തുകയാണ് വർഗീസ്. എന്നാൽ അയൽവാസിയായ സെബാസ്റ്റ്യന് ഇതിൽ എതിർപ്പുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. സെബാസ്റ്റ്യൻ പലതവണ വർഗീസിനെ ശവപ്പെട്ടിക്കട നടത്താൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് പഞ്ചായത്തിലും, മാരായമുട്ടം പോലീസിലും പരാതി നൽകിയിരുന്നു. എന്നാൽ പഞ്ചായത്ത് മുൻവശത്ത് ടാർപ്പൊലിൻ മറച്ച് ശവപ്പെട്ടിക്കട നടത്താൻ വർഗീസിന് അനുമതി നൽകി.

എന്നാൽ ഇതേച്ചൊല്ലി വീണ്ടും ഇവർ തമ്മിൽ വാക്കുതർക്കങ്ങളുണ്ടായിരുന്നു. 12-ാം തീയതിയും ഇവർ തമ്മിൽ ഇതേച്ചൊല്ലി തർക്കമുണ്ടായി. തുടർന്ന് സെബാസ്റ്റ്യൻ വർഗീസിന് നേരെ പെട്രോളിൽ മുക്കിയ പന്തം കൊളുത്തി എറിയുകയും, പെട്രോൾ നിറച്ച കുപ്പികളെറിയുകയും ചെയ്തെന്നും നാട്ടുകാർ പറയുന്നു. ശവപ്പെട്ടിക്കടയോടെ കത്തിക്കാൻ വേണ്ടിയാണ് സെബാസ്റ്റ്യൻ ഈ ആക്രമണം നടത്തിയതെന്ന് വർഗീസിന്‍റെ ബന്ധുക്കൾ ആരോപിക്കുന്നു. തീ ആളിക്കത്തുന്നത് കണ്ട് വർഗീസിന്‍റെ വീട്ടുകാർ നിലവിളിച്ചത് കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് തീ കെടുത്തി വ‍ർഗീസിനെ പുറത്തെത്തിച്ചത്. അംഗപരിമിതനായതിനാൽ ഓടി രക്ഷപ്പെടാൻ വർഗീസിനായില്ല. തുടർന്ന് സെബാസ്റ്റ്യൻ ഒളിവിൽപ്പോയെങ്കിലും, മാരായമുട്ടം പൊലീസ് അന്ന് തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week