കണ്ണൂര്‍: പയ്യന്നൂരിൽ ഡോക്ടറെ ക്ലിനിക്കിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധനും കരിവെള്ളൂർ ഓണക്കുന്ന് സ്വദേശിയുമായ ഡോ. പ്രദീപ് കുമാറി (45) നെയാണ് പയ്യന്നൂർ എൽഐസി ജംഗ്ഷനിലെ ക്ലിനിക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രാത്രി 8.30ഓടെയാണ് സംഭവം. രാത്രി ഏഴുമണി വരെ രോഗികളെ പരിശോധിച്ചിരുന്നു. ബൈപ്പാസ് റോഡിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ വീടാണ് വർഷങ്ങളായി ഡോക്ടർ ക്ലിനിക്കായി ഉപയോഗിക്കുന്നത്. ഈ വീടിന്റെ അടുക്കള ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. ഡോക്ടറുടെ ബന്ധു അന്വേഷിച്ചെത്തിയപ്പോഴാണ് അടുക്കള ഭാഗത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി.
പയ്യന്നൂരിലെ പ്രമുഖ അസ്ഥിരോഗ വിദഗ്ധനായ ഇദ്ദേഹം താലൂക്ക് ആശുപത്രിയിലെ ജനകീനായ ഡോക്ടറാണ്. താലൂക്ക് ആശുപത്രിക്ക് സമീപത്തു തന്നെയാണ് ക്ലിനിക്കും നടത്തുന്നത്. ഓണക്കുന്നിലെ പരേതനായ ഗോവിന്ദന്റെയും കാർത്യായനിയുടെയും മകനാണ്. കാസർകോട് ഓലാട് സർക്കാർ ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഡോ. അമ്പിളിയാണ് ഭാര്യ. ഏകമകൻ: ആരുഷ്. സഹോദരങ്ങൾ: ഡോ. പവിത്രൻ (കോഴിക്കോട് മെഡിക്കൽ കോളജ്), ബീന (അധ്യാപിക).