നയൻതാരയ്ക്കെതിരെ കേസെടുത്തു; നടപടി മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ
ചെന്നൈ:അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ് എന്ന ചിത്രം മതവികാരം വ്രണപ്പെടുത്തിയെന്ന വിമർശനം ഉയർന്നതിന് പിന്നാലെ നായികയായ നയൻതാരയ്ക്കെതിരെ കേസെടുത്തു. മധ്യപ്രദേശിലെ ജബൽപൂരിലെ രണ്ട് വലതുപക്ഷ സംഘടനകൾ നൽകിയ വെവ്വേറെ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
നയൻതാരയ്ക്ക് പുറമേ അന്നപൂരണിയുടെ സംവിധായകൻ നീലേഷ് കൃഷ്ണ, നിർമാതാക്കൾ, നെറ്റ്ഫ്ളിക്സ് ഇന്ത്യാ കണ്ടന്റ് ഹെഡ് മോണിക്കാ ഷെർഗിൽ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.സിനിമയിലൂടെ ശ്രീരാമനെ മോശമായി ചിത്രീകരിക്കുകയും ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുകയും ചെയ്തെന്നും ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്.
വിവാദമുയർന്നതിനേ തുടർന്ന് ചിത്രം നെറ്റ്ഫ്ലിക്സ് തങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്ന് പിൻവലിച്ചിരുന്നു. ക്ഷേത്രപൂജാരിയുടെ മകൾ ഹിജാബ് ധരിച്ച് നിസ്കരിക്കുന്നതും ബിരിയാണിവെക്കുന്നതുമായ ദൃശ്യങ്ങൾ സിനിമയിലുണ്ട് എന്നതാണ് വിവാദത്തിന് ഇടയാക്കിയത്.
സിനിമ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന പരാതിയിൽ നേരത്തെ മുംബൈ പോലീസും കേസെടുത്തിരുന്നു. നയൻതാര, സിനിമയുടെ സംവിധായകൻ നിലേഷ് കൃഷ്ണ, നായകൻ ജയ് എന്നിവരുടെയും നിർമാതാക്കളുടെയും വിതരണക്കാരുടെയും പേരിലായിരുന്നു കേസ്.
ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും ഹിന്ദുമതത്തെ അവഹേളിക്കുന്നതുമാണ് സിനിമ എന്നുകാണിച്ച് രമേഷ് സോളങ്കിയാണ് മുംബൈയിലെ എൽ.ടി. മാർഗ് പോലീസ് സ്റ്റേഷനിൽ പരാതിനൽകിയത്.ഡിസംബർ ഒന്നിന് തിയേറ്ററിൽ പ്രദർശനത്തിനെത്തിയ ചിത്രം 29-നാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്.