24.9 C
Kottayam
Saturday, May 25, 2024

മെസിയല്ലാതെ മറ്റാര്‌! എട്ടാംതവണയും ബാലൺ ദ്യോർ സ്വന്തമാക്കി മെസ്സി

Must read

പാരീസ്: 2023 ബാലണ്‍ ദ്യോര്‍ പുരസ്‌കാരം അര്‍ജന്റൈന്‍ താരം ലയണല്‍ മെസ്സിക്ക്. മെസ്സിയുടെ എട്ടാമത്തെ ബാലണ്‍ ദ്യോറാണിത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാളണ്ടിനെ മറികടന്നാണ് മെസ്സിയുടെ നേട്ടം. സ്‌പെയിനിന്റെ മധ്യനിരതാരം ഐതാന ബോണ്‍മാറ്റിയാണ് മികച്ച വനിതാ താരം. ബാഴ്‌സലോണയിലെയും സ്‌പെയിനിലെയും മികച്ച പ്രകടനമാണ് ഐതാനയെ ഈ നേട്ടത്തിലെത്തിച്ചത്. കഴിഞ്ഞവർഷം ഫ്രാൻസിന്റെ കരീം ബെൻസിമയായിരുന്നു ബാലൺദ്യോർ ജേതാവ്.

ഇതോടെ ബാലണ്‍ ദ്യോര്‍ സ്വന്തമാക്കുന്ന പ്രായമേറിയ താരം കൂടിയായി മെസ്സി മാറി. ഖത്തറില്‍ കഴിഞ്ഞവര്‍ഷം നടന്ന ലോകകപ്പ് കിരീടനേട്ടമാണ് പ്രധാനമായും മെസ്സിക്ക് തുണയായത്. കഴിഞ്ഞ സീസണില്‍ 41 ഗോളും 26 അസിസ്റ്റും നേടി.

30 അംഗ നോമിനേഷന്‍ ലിസ്റ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത് ലയണല്‍ മെസ്സിക്കും എര്‍ലിങ് ഹാളണ്ടിനുമാണ്. ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാമിനെ മികച്ച യുവതാരമായി തിരഞ്ഞെടുത്തു. ജമാല്‍ മുസ്യാലയെ മറികടന്നാണ് ഈ നേട്ടം. മികച്ച പുരുഷ ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയും വനിതാ ക്ലബ് ബാഴ്‌സലോണ എഫ്.സി.യുമാണ്.

മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ലെവ് യാഷിന്‍ ട്രോഫി അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനസിന് സ്വന്തം. സോക്രട്ടീസ് പുരസ്‌കാരം വിനീഷ്യസ് ജൂനിയറിനും മികച്ച സ്‌ട്രൈക്കര്‍ക്കുള്ള ഗെര്‍ഡ് മുള്ളര്‍ ട്രോഫി എര്‍ലിങ് ഹാളണ്ടിനും ലഭിച്ചു.

ഖത്തർ ലോകകപ്പിലെ മികച്ച പ്രകടനമുൾപ്പടെ മുൻനിർത്തിയാണ് മെസ്സിക്ക് ഇത്തവണ ബാലൺദ്യോർ സമ്മാനിച്ചത്. നേരത്തെ 2009, 2010, 2011, 2012, 2015, 2019, 2021 വർഷങ്ങളിലായിരുന്നു പുരസ്‌കാരനേട്ടം. അഞ്ചുതവണ രണ്ടാം സ്ഥാനത്തും മെസ്സി എത്തിയിരുന്നു. ബാലൺദ്യോർ പുരസ്‌കാരം നേടിയ ഏക അർജന്റീനാ താരവും കൂടിയാണ് മെസ്സി.

പി.എസ്.ജി.ക്കുവേണ്ടി 2022-23 സീസണിൽ ഫ്രഞ്ച് ലീഗ് വൺ കിരീടം നേടിയ മെസ്സി, പിന്നീട് ഇന്റർ മയാമിക്കുവേണ്ടി ലീഗ്‌സ് കപ്പ് ട്രോഫിയും നേടി. സീസണിലെ 55 കളിയിൽ 32 ഗോളുമടിച്ചു. ലോകകപ്പിൽ അർജന്റീനയെ കിരീട ജേതാക്കളായ മെസ്സി, ഏഴ് ഗോളടിച്ച് മികച്ച താരത്തിനുള്ള പുരസ്‌കാരവും നേടിയിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞവർഷം ഫിഫ ദി ബെസ്റ്റ് പുരസ്‌കാരവും 36-കാരൻ സ്വന്തമാക്കി. ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിക്കുമെന്ന് പറഞ്ഞെങ്കിലും പിന്നീട് തീരുമാനം മാറ്റി. ലോകകപ്പിന് ശേഷം അർജന്റീനാ ടീമിൽ ഗോളടിച്ച് തിളങ്ങുകയാണ് മെസ്സി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week