25.5 C
Kottayam
Saturday, May 18, 2024

വാങ്ങിയത് അമ്പത് ഗുണ്ടുകള്‍,വിദേശത്തുനിന്ന് ബോംബ് നിര്‍മ്മാണം പഠിച്ചു?കളമശ്ശേരി സ്‌ഫോടനത്തിൽ ദുരൂഹത അവസാനിയ്ക്കുന്നില്ല

Must read

കൊച്ചി: കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിടെ സ്‌ഫോടനംനടത്തിയ മാർട്ടിൻ വിദേശത്തുനിന്ന് ബോംബുനിർമാണത്തെക്കുറിച്ച് പഠിച്ചിരുന്നതായി പോലീസിന് സൂചനലഭിച്ചു. നിർമാണം പഠിക്കാൻ ഒട്ടേറെത്തവണ ഇന്റർനെറ്റിൽ തിരഞ്ഞിട്ടുണ്ട്. ആരെങ്കിലും ബോംബുണ്ടാക്കാൻ പഠിപ്പിക്കുകയോ സഹായിക്കുകയോ ചെയ്തിട്ടുണ്ടോയെന്നും എൻ.ഐ.എ., എൻ.എസ്.ജി., ഇന്റലിജൻസ് ബ്യൂറോ, കേരള പോലീസ് തുടങ്ങിയവർ അന്വേഷിക്കുന്നുണ്ട്. താൻ മാത്രമാണ് സംഭവത്തിനുപിന്നിലെന്ന് മാർട്ടിൻ പറയുമ്പോഴും മൊഴി പൂർണമായി വിശ്വസിച്ചിട്ടില്ല.

കസ്റ്റഡിയിലായിരുന്ന ചിലവന്നൂർ വേലിക്കകത്ത് വീട്ടിൽ മാർട്ടിൻ ഡൊമിനി(57)ക്കിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കൊലപാതകം, വധശ്രമം, ഗൂഢാലോചന എന്നിവയ്ക്കുപുറമേ യു.എ.പി.എ. വകുപ്പും ചുമത്തിയാണ് അറസ്റ്റ്. ദുബായിൽ 18 വർഷത്തോളം നിർമാണമേഖലയിൽ പ്രവർത്തിച്ചതായി വിവരംകിട്ടി. വിദേശബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്. അഞ്ചരവർഷമായി വാടകയ്ക്ക് താമസിച്ച തമ്മനം കുത്താപ്പാടി കാദർപിള്ള റോഡിലെ വാടകവീട്ടിലും പോലീസ് പരിശോധനനടത്തി. ആധാർ കാർഡ്‌, ബാങ്ക്‌ പാസ്‌ബുക്ക്, പാസ്‌പോർട്ട്‌ എന്നിവ കണ്ടെടുത്തിട്ടുണ്ട്.

ഞായറാഴ്ച അഞ്ചുമണിയോടെ കസ്റ്റഡിയിലെടുത്ത മാർട്ടിനെ അന്വേഷണസംഘങ്ങൾ ചോദ്യംചെയ്തിരുന്നു. മാർട്ടിൻ നൽകിയ തെളിവുകളും മൊഴികളും സി.സി.ടി.വി. ദൃശ്യങ്ങളും ഫോൺ സംഭാഷണങ്ങളും പരിശോധിക്കുന്നുണ്ട്. ഞായറാഴ്ച പുലർച്ചെ സ്കൂട്ടറിൽ വീട്ടിൽനിന്നു പുറത്തുപോകുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. സ്ഫോടനം നടത്തുന്നതിനുമുമ്പും ശേഷവും മാർട്ടിൻ ഫോൺ ചെയ്തവരെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്.

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂർ കടുവൻകുഴി ലിബ്ന (12) തിങ്കളാഴ്ച പുലർച്ചെ മരിച്ചതോടെയാണ് മരണസംഖ്യ മൂന്നായത്. 21 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. അഞ്ചുപേരുടെ നില അതിഗുരുതരമാണ്. പലർക്കും 60 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്.

പരിക്കേറ്റ് വിവിധ ആശുപത്രികളിൽ കഴിയുന്നവരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, സംസ്ഥാനമന്ത്രിമാർ എന്നിവർ സന്ദർശിച്ചു. സൗജന്യചികിത്സ മുഖ്യമന്ത്രി വാഗ്ദാനംചെയ്തിട്ടുണ്ട്. സ്ഫോടനംനടന്ന സാമ്ര കൺവെൻഷൻ സെന്റർ ഇപ്പോഴും അന്വേഷണ ഏജൻസികളുടെ നിയന്ത്രണത്തിലാണ്.

സ്ഫോടനംനടത്താൻ തൃപ്പൂണിത്തുറയിൽനിന്നാണ് മാർട്ടിൻ ഗുണ്ടുകൾ വാങ്ങിയതെന്നു കണ്ടെത്തി. ബോംബ് പൊട്ടുമ്പോൾ തീ ആളിക്കത്താൻ എട്ടുലിറ്റർ പെട്രോൾ വാങ്ങിയതിന്റെ ബില്ലും മാർട്ടിന്റെ കൈവശം കണ്ടെത്തി. ഏഴുതവണയായാണ് പെട്രോൾ വാങ്ങിയതെന്നാണ് അന്വേഷണസംഘത്തോട് പറഞ്ഞത്.

ഗുണ്ടുകളിലെ വെടിമരുന്നു കത്തിക്കാനുള്ള തീപ്പൊരിയുണ്ടാക്കാൻ ആറു ബാറ്ററിയും നാലു റിമോട്ടുകളും കൊച്ചിയിലെ കടയിൽനിന്ന് വാങ്ങിയതായും സമ്മതിച്ചു. പ്ലാസ്റ്റിക് കവറിൽ പെട്രോൾ നിറച്ച് ഗുണ്ടുമായി ബന്ധിപ്പിച്ചു. ബാറ്ററി ഘടിപ്പിച്ച് റിമോർട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നു. രണ്ടു സ്ഫോടനമേ ഹാളിൽ നടന്നുള്ളൂവെന്നും സ്ഥിരീകരിച്ചു. കനത്തപുകയും തീയും വെടിമരുന്നിന്റെ ഗന്ധവുമുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week