തിരുവനന്തപുരം: ചോദ്യങ്ങളെ ഭയപ്പെട്ടിട്ടല്ല മാധ്യമങ്ങളെ കാണാതിരുന്നതെന്നും അതിന് കാരണമുണ്ടായിരുന്നെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഴ് മാസങ്ങള്‍ക്ക് ശേഷം വാര്‍ത്താസമ്മേളനം നടത്തിയ മുഖ്യമന്ത്രി മാസപ്പടി വിവാദത്തിലും പുതുപ്പള്ളി തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ചും പ്രതികരിച്ചു. മകള്‍ വീണാ വിജയനിലൂടെ തന്നിലേക്കെത്താനാണ് ആദായ നികുതി വകുപ്പ് ശ്രമിച്ചതെന്നും മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
മാധ്യമങ്ങളെ വേണ്ട എന്നുവെച്ചിരുന്നെങ്കില്‍ ഇപ്പോള്‍ താന്‍ വരുമോയെന്നും അദ്ദേഹം ചോദിച്ചു. ‘മാധ്യമങ്ങളെ കാണുന്നതില്‍ ഗ്യാപ്പ് വന്നതിന് മറ്റു പ്രശ്‌നങ്ങളൊന്നുമില്ല. എല്ലാ ദിവസവും നിങ്ങളെ കാണറില്ലായിരുന്നല്ലോ, ആവശ്യമുള്ളപ്പോള്‍ കാണും, അത് ഇനിയും ഉണ്ടാകും. ചില പ്രത്യേക പ്രശ്‌നങ്ങളുണ്ടായിരുന്നു. ശബ്ദത്തിന് ഒരു പ്രശ്‌നംവന്നു. അങ്ങനെയുള്ള കാര്യങ്ങളൊക്കെ ബാധിച്ചിട്ടുണ്ട്. ചോദ്യങ്ങളെ ഞാന്‍ ഭയപ്പെട്ടിട്ടുണ്ടോ.ചോദിക്കുന്നതിന് മറുപടി പറയാറുണ്ട്. അതില്‍ അസ്വാഭാവികതയും ഇല്ല’ മുഖ്യമന്ത്രി പറഞ്ഞു.
പുതുപ്പള്ളിയില്‍ എല്ലാവരും വിലയിരുത്തി കഴിഞ്ഞു. അതില്‍ വ്യത്യസ്തമായിട്ടല്ല തന്റെ പ്രതികരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉമ്മന്‍ചാണ്ടുയുടെ മരണവുമായി ബന്ധപ്പെട്ട ഒരു പ്രത്യേക സാഹചര്യമുണ്ട്. അതുകൊണ്ട് തന്നെ ആ തിരഞ്ഞെടുപ്പിന് അതിന്റേതായ പ്രത്യേകതയുണ്ട്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ അത് ദൃശ്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുനഃസംഘടന മാധ്യമങ്ങള്‍ ഉണ്ടാക്കിയ ഒരു അജണ്ടയാണ്. പുനഃസംഘടന എല്‍ഡിഎഫിനകത്ത് ഒരു ചര്‍ച്ചാ വിഷയമേയല്ല. ഏതെങ്കിലും തരത്തിലുള്ള തീരുമാനം മുമ്പ് എടുത്തിട്ടുണ്ടെങ്കില്‍ അത് കൃത്യ സയമത്ത് തന്നെ നടപ്പാക്കും.
സോളാര്‍ ഗൂഢാലോചനയുടെ കാര്യങ്ങള്‍ പുറത്ത് വരാനിരിക്കുന്നതേയുള്ളൂ. ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ പുറത്ത് വന്നതിന്റെ ഉദ്ദേശ്യം എന്തായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന പിണറായിയെ ആണോ മരിച്ചുപോയ ഉമ്മന്‍ചാണ്ടിയെ ആണോ അത് ബാധിക്കുക എന്ന് പരിശോധിച്ചാല്‍ മതി. അതുകൊണ്ടാണല്ലോ അവര്‍ക്കിടയില്‍ പ്രശ്‌നമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇറക്കി വിട്ടയാള്‍ക്ക് പിന്നീട് കാണാന്‍ ധൈര്യം വരില്ലല്ലോ എന്നായിരുന്നു ദല്ലാള്‍ നന്ദകുമാറിന്റെ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടചോദ്യത്തിനുള്ള മറുപടി.
മാസപ്പടിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ തന്റെ ചുരുക്കപ്പേര് ഉണ്ടാകാനേ സാധ്യതയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ‘എത്ര പി.വിമാരുണ്ട് ഈ നാട്ടില്‍. ബിജെപി സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ ഊഹിച്ചതിന് ഞാന്‍ എന്ത് പറയാനാണ്. ഇത്തരമൊരു കാര്യത്തില്‍ എന്റെ സ്ഥാനമെടുത്ത് ഉപയോഗിച്ചത് എന്തിനാണ്. ഇന്നയാളുടെ ബന്ധുവാണ് എന്ന് എന്തിനാണ് പറയുന്നത്. കൃത്യമായ ഉദ്ദേശം അവര്‍ക്കുണ്ട്. ആ ഉദ്ദേശം കൃത്യമായ ആളെ പറയലല്ല, ആ ആളിലൂടെ എന്നിലേക്കെത്തലാണ്.
ആ രാഷ്ട്രീയം മനസ്സിലാക്കാന്‍ കഴിയത്താവരാണ് മാധ്യമങ്ങളെന്ന് പറയുന്നില്ല. ബന്ധപ്പെട്ട ആളോട് പ്രതികരണമെങ്കിലും ഏജന്‍സി തേടേണ്ടതായിരുന്നു. ഈ കണക്കുകളെല്ലാം മറച്ചുവെച്ചതല്ല. കണക്കുകളെല്ലാം സുതാര്യമായിരുന്നു. പിണറായി വിജയനെ ഇടിച്ചുതാഴ്ത്താനാണ് ശ്രമിക്കുന്നത്. അതിനെ കുടുംബാംഗങ്ങളെ കൂടി ഉപയോഗപ്പെടുത്താമെന്നാണ് നോക്കുന്നത്’ മുഖ്യമന്ത്രി പറഞ്ഞു.