ഹേമ കമ്മിറ്റി റിപ്പോർട്ട്: വാദം കേൾക്കാൻ വനിതാ ജഡ്ജി ഉൾപ്പെട്ട പ്രത്യേകബെഞ്ച്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിശോധിക്കാന്‍ ഹൈക്കോടതി പ്രത്യേകബെഞ്ച് രൂപവത്കരിക്കും. വനിതാ ജഡ്ജി ഉള്‍പ്പെട്ട പ്രത്യേക ബെഞ്ചിന് രൂപംനല്‍കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യംചെയ്ത് നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം അറിയിച്ചത്.
ബെഞ്ചില്‍ ഏതൊക്കെ ജഡ്ജിമാരുണ്ടാവുമെന്ന കാര്യം ആക്ടിങ് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബര്‍ പത്തിന് പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും. അന്ന് റിപ്പോര്‍ട്ട് പ്രത്യേക ബെഞ്ചിന്റെ പരിഗണനയ്ക്കായിരിക്കും വരിക.
ഓഗസ്റ്റ് 22-നായിരുന്നു റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. സെപ്റ്റംബര്‍ ഒമ്പതിന് മുമ്പ് റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറുമെന്നാണ് വിവരം. മുദ്രവെച്ച കവറില്‍ പൂര്‍ണറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുടെ ബെഞ്ചാണ് നിര്‍ദേശിച്ചത്.
റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി പായിച്ചിറ നവാസ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു പൂര്‍ണരൂപം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.