ഓണക്കാലത്ത് സപ്ലൈക്കോയുടെ വിലവർദ്ധന; അരി ഉൾപ്പെടെ മൂന്ന് സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടി
തിരുവനന്തപുരം: ഓണച്ചന്തകൾ ഇന്ന് തുടങ്ങാനിരിക്കെ മൂന്ന് സബ്സിഡി സാധനങ്ങൾക്ക് സപ്ലൈക്കോ വില കൂട്ടി. അരി, പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് വർധിപ്പിച്ചത്. സർക്കാർ സഹായം ലഭിച്ചിട്ടും സപ്ലൈക്കോയിൽ വിലവർധിപ്പിച്ചിരിക്കുകയാണ്. 7 വർഷത്തിന് ശേഷമുള്ള നാമ മാത്ര വർധനയെന്നാണ് മന്ത്രി ജി ആർ അനിൽ ന്യായീകരിച്ചത്.
കുറുവ അരിയുടെ വില 30 രൂപയിൽ നിന്ന് 33 രൂപയാക്കി. മട്ട അരിക്കും കിലോയ്ക്ക് മൂന്നു രൂപ കൂട്ടി. പച്ചരി വില 26 രൂപയിൽ നിന്ന് 29 രൂപയായി. തുവര പരിപ്പിന്‍റെ വില 111 രൂപയിൽ നിന്ന് 115 രൂപയായി. പഞ്ചസാരയ്ക്ക് ആറു രൂപ കൂട്ടി. 27 രൂപയായിരുന്നു ഇതുവരെയെങ്കിൽ ഇന്ന് 33 രൂപയായി ഉയർന്നു. അതേസമയം ചെറുപയറിനും വെളിച്ചെണ്ണക്കും വില കുറച്ചിട്ടുണ്ട്.
അടുത്തിടെ സര്‍ക്കാര്‍ സപ്ലൈക്കോയ്ക്ക് വിപണി ഇടപെടലിന് 225 കോടി അനുവദിച്ചിരുന്നു. ഇതിൽ 150 കോടിയാണ് കൈമാറിയത്. സപ്ലൈക്കോയുടെ ആകെ കുടിശ്ശിക 110 കോടിയാണ്. സപ്ലൈക്കോ വില കൂട്ടിയത് പർച്ചേസ് വില കൂടിയത് കൊണ്ടെന്നാണ് ഭക്ഷ്യ വകുപ്പിന്‍റെ വിശദീകരണം. വില കൂടിയ സാധനങ്ങൾക്ക് ഇപ്പോഴും പൊതു വിപണിയേക്കാൾ 30% ത്തോളം വില കുറവ് ഉണ്ടെന്നും ഭക്ഷ്യ വകുപ്പ് പറയുന്നു.
ഉത്പന്നങ്ങളുടെ മാര്‍ക്കറ്റ് വിലയിലുണ്ടായ വര്‍ധനയ്ക്ക് അനുസരിച്ചുള്ള ക്രമീകരണമെന്നാണ് വില വര്‍ധനയെ ന്യായീകരിച്ചുള്ള ഭക്ഷ്യ മന്ത്രി ജി ആര്‍ അനിലിന്‍റെ മറുപടി. സപ്ലൈക്കോയെ നിലനിര്‍ത്താന്‍ വേണ്ടിയാണ് തീരുമാനം. ഔട്ട്ലെറ്റുകളില്‍ ആവശ്യത്തിന് സാധനങ്ങള്‍ എത്തിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത്തവണത്തെ ഓണം സപ്ലൈക്കോ ഫെയർ ഉദ്ഘാടനം ചെയ്യുക. ഭക്ഷ്യ – പൊതുവിതരണ വകുപ്പുമന്ത്രി ജി ആർ അനിലിന്‍റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ – തൊഴിൽ വകുപ്പു മന്ത്രി വി ശിവൻകുട്ടി ആദ്യവില്പന നടത്തും.
സെപ്തംബര്‍ 5 മുതൽ 14 വരെയാണ് ഓണം ഫെയറുകൾ സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാതല ഫെയറുകൾ സെപ്തംബര്‍ 6 മുതൽ 14 വരെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രത്യേക സൗകര്യങ്ങളോടെ സംഘടിപ്പിച്ചിട്ടുണ്ട്. 13 ഇനം സബ്സിഡി സാധനങ്ങൾക്കു പുറമെ ശബരി ഉല്പന്നങ്ങൾ, മറ്റ് എഫ് എം സി ജി ഉല്പന്നങ്ങൾ, മിൽമ ഉല്പന്നങ്ങൾ, കൈത്തറി ഉല്പന്നങ്ങൾ, പഴം, ജൈവപച്ചക്കറികൾ എന്നിവ മേളയിൽ വിലക്കുറവിൽ വില്പന നടത്തും.