FeaturedHome-bannerKeralaNews

മുകേഷിനെതിരായ നടിയുടെ മൊഴിയിൽ വൈരുധ്യങ്ങൾ; ലൈം​ഗികബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം തള്ളി കോടതി

കൊച്ചി: നടനും എം.എൽ.എയുമായ മുകേഷിനെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കോടതി. ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. 2022-ൽ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് മുകേഷിന് പരാതിക്കാരി അയച്ച വാട്ട്സാപ്പ് സന്ദേശവും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ പുതുവത്സരദിനത്തിൽ നടി മുകേഷിനയച്ച ആശംസാ സന്ദേശവും കേസിൽ തിരിച്ചടിയാവുകയാണ്.

പരാതിക്കാരിയുടെ മൊഴിയിൽ ​നിരവധി വൈരുധ്യങ്ങളുണ്ട് എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. മുകേഷ് ലൈം​ഗികബന്ധത്തിന് നിർബന്ധിച്ചുവെന്ന പരാതിക്കാരിയുടെ ആരോപണം കോടതി തള്ളി. നടിയുടെ ആദ്യത്തെയും രണ്ടാമത്തെയും മൊഴികളിൽ ബലാത്സം​ഗം നടന്നുവെന്ന് വെളിവാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

രണ്ടാമത്തെ മൊഴിയിൽ ഈ വൈരുധ്യത്തിന് കാരണം പറയാൻ അവർക്ക് സാധിച്ചിട്ടില്ല. കഴി‍ഞ്ഞമാസം 29-ാം തീയതിയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുകേഷ് ജാമ്യഹർജി നൽകിയത്. അതിനുശേഷം 30-ാം തീയതി വീണ്ടും നടിയുടെ മൊഴിയെടുത്തിരുന്നു. ഇതിലാണ് വലിയ വൈരുധ്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

2010-ൽ പീഡനം നടന്നെന്ന് പറയുന്ന ദിവസം മുകേഷ് തന്റെ ബി.എം.ഡബ്ല്യൂ കാറിൽ പരാതിക്കാരിയുടെ ഫ്ളാറ്റിലെത്തി കൂട്ടിക്കൊണ്ടുപോവുകയും മരടിലെ സ്വന്തം വില്ലയിലെത്തിച്ചാണ് പീഡിപ്പിച്ചതെന്നാണ് നടി പരാതിയിൽ പറഞ്ഞിരുന്നത്. അന്നുതന്നെ മുകേഷ് തന്നെയാണ് പരാതിക്കാരിയെ കാറിൽക്കയറ്റി അവരുടെ ആലുവയിലെ ഫ്ലാറ്റിൽ തിരികെ കൊണ്ടുവിട്ടത്.

ഇതിൽ എവിടെയാണ് നിർബന്ധിത ലൈം​ഗിക പീഡനം എന്നതാണ് കോടതി ഉയർത്തിയ പ്രധാനചോദ്യം. ഈ സംഭവങ്ങൾക്കെല്ലാം ശേഷം 2022-ൽ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് അവർ മുകേഷിന് വാട്ട്സാപ്പ് സന്ദേശം അയച്ചിരുന്നു. അതും ഉത്തരവിന്റെ ഭാ​ഗമായി കോടതി ചൂണ്ടിക്കാട്ടി. ഇതെല്ലാം ഈ കേസിൽ നടി ഉന്നയിച്ച ആരോപണങ്ങൾക്ക് തിരിച്ചടിയായി മാറുകയാണ്.

പരാതിക്കാരിയായ നടി ഒരു നിയമ ബിരുദധാരിയാണെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. നിയമം പ്രാക്റ്റീസ് ചെയ്തിരുന്ന ഒരാൾക്ക് സാധാരണ നിയമവശങ്ങൾ അറിയില്ലെന്ന് പറയാനാവും എന്നും കോടതി ചോദിച്ചു. കേസിൽ മുകേഷിന് ജാമ്യം ലഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker