മുംബൈ: നടിയുടെ പരാതിയില്‍ ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപിനെതിരെ മുംബൈ പൊലീസ് ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അനുരാഗ് തന്നെ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചുവെന്ന നടിയുടെ ട്വീറ്റ് പുറത്തുവന്നത് . ചൊവ്വാഴ്ച വൈകിട്ടാണ് അഭിഭാഷകന്‍ നിതിന്‍ സത്പുട്ടിനൊപ്പം മുംബൈയിലെ വെര്‍സേവ പൊലീസ് സ്റ്റേഷനിലെത്തി നടി പരാതി നല്‍കിയത്.
ഒഷിവാര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനാണ് തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ അവസാനം വെര്‍സോവ പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നുവെന്നും നടിയുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് അനുരാഗിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് പൊലീസ് അറിയിച്ചത്.
‘ബലാത്സംഗം, തെറ്റായ സമീപനം, ന്യായവിരുദ്ധമായ തടങ്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കശ്യപിനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നു’ നിതിന്‍ സത്പുട്ട് ട്വീറ്റ് ചെയ്തു. 2013ല്‍ യാരി റോഡിലെ വെര്‍സേവയിലെ വസതിയില്‍ വച്ച് ബലാത്സംഗം ചെയ്‌തെന്ന നടിയുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
അനുരാഗ് കശ്യപ് തന്നോട് മോശമായി പെരുമാറിയെന്നും ക്രൂരമായി ഉപദ്രവിച്ചുവെന്നും നടി ആരോപിച്ചിരുന്നു. കശ്യപിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫിസിനെ ടാഗ് ചെയ്താണ് നടി ട്വീറ്റ് ചെയ്തത്. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് കശ്യപ് പ്രതികരിച്ചത്. കശ്യപിന് പിന്തുണയുമായി കുടുംബവും നിരവധി നടിമാരും രംഗത്തു വന്നിരുന്നു.