കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടാനച്ഛന്‍ സ്വകാര്യഭാഗത്ത് ചൂല്‍ കുത്തിയിറക്കി; അഞ്ചു വയസുകാരന് ദാരുണാന്ത്യം

ഭോപ്പാല്‍: കിടക്കയില്‍ മൂത്രമൊഴിച്ചുവെന്ന് ആരോപിച്ച് രണ്ടാനച്ഛന്‍ അഞ്ചുവയസുകാരന്റെ സ്വകാര്യഭാഗങ്ങളില്‍ ചൂല്‍ കുത്തിയിറക്കിയതുള്‍പ്പെടെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കി. അതിക്രമങ്ങള്‍ക്കിരയായ കുഞ്ഞ് അധികം വൈകാതെ തന്നെ മരിച്ചു. മധ്യപ്രദേശിലെ മന്ദൗസറില്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. പ്രതിയായ ജാഫര്‍ എന്നയാള്‍ സംഭവശേഷം സ്ഥലത്തു നിന്നു കടന്നു കളഞ്ഞു.

മദ്യത്തിന് അടിമയായിരുന്ന ജാഫര്‍ ഭാര്യയെയും അവരുടെ മകനെയും നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്ന ദിവസവും മദ്യപിച്ചെത്തിയ ഇയാള്‍ ഭക്ഷണവുമായെത്തിയ ഭാര്യയുമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ദേഷ്യത്തില്‍ പാത്രങ്ങള്‍ വലിച്ചെറിയുകയും ചെയ്തിരുന്നു. ഇതിനു ശേഷം ഭര്‍ത്താവിന് കിടക്കുന്നതിനായി കിടക്ക തയ്യാറാക്കിയ ശേഷം അടുക്കളയിലേക്ക് പോയി എന്നാണ് ഭാര്യയായ അസ്മ പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. ഈ സമയത്താണ് ജാഫര്‍, അഞ്ചുവയസുകാരനായ കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങിയത്.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടി കിടക്കയില്‍ മൂത്രം ഒഴിച്ചിരുന്നു. ഈ ദേഷ്യം തീര്‍ക്കാനായിരുന്നു മര്‍ദ്ദനം. അതിക്രൂരമായ മര്‍ദ്ദനത്തിന് പുറമെ കുട്ടിയുടെ സ്വകാര്യഭാഗത്ത് ചൂലും കുത്തിയിറക്കി. നിലവിളി കേട്ടെത്തിയ അമ്മ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ജാഫര്‍ ഇവരെയും ആക്രമിച്ചു. കുട്ടി അബോധാവസ്ഥയിലായതോടെ ഇയാള്‍ സ്ഥലം വിടുകയായിരുന്നു. മുഖത്തും തലയ്ക്കും അടക്കം ഗുരുതര പരിക്കേറ്റ കുഞ്ഞുമായി അസ്മ ആശുപത്രിയിലെത്തിയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പിന്നാലെയാണ് ഇവര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 |  Whatsapp Group 2 | Telegram Group

മദ്യത്തിന് അടിമയായ ജാഫര്‍ സംശയ രോഗിയായിരുന്നുവെന്നാണ് മാതാവും സഹോദരങ്ങളും പറയുന്നത്. ഭാര്യയ്ക്ക് പല ആളുകളുമായി ബന്ധമുണ്ടെന്ന് ഇയാള്‍ സംശയിച്ചിരുന്നു. ഇതിന്റെ പേരില്‍ കലഹവും പതിവായിരുന്നു എന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്.. നേരത്തെ ഭാര്യയെയും കത്തി ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അന്ന് എങ്ങനെയോ രക്ഷപ്പെട്ടുവെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.