2026 ഫുട്‌ബോൾ ലോകകപ്പിൽ 48 ടീമുകൾ; ഫൈനൽ ജൂലായ് 19ന്
സൂറിച്ച്: ഫുട്‌ബോള്‍ ലോകകപ്പില്‍ പുതിയ പരിഷ്‌കാരവുമായി അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ. 2026 ഫുട്‌ബോള്‍ ലോകകപ്പില്‍ 48 രാജ്യങ്ങള്‍ പങ്കെടുക്കുമെന്ന് ഫിഫ അറിയിച്ചു. ഇതുവരെ 32 ടീമുകള്‍ക്കാണ് ലോകകപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.
യു.എസ്.എ, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായാണ് 2026 ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്നത്. ആകെ 104 മത്സരങ്ങള്‍ ലോകകപ്പിലുണ്ടാകുമെന്നും ഫിഫ അറിയിച്ചു. 1998 ലോകകപ്പ് മുതല്‍ 64 മത്സരങ്ങള്‍ മാത്രമാണ് ടൂര്‍ണമെന്റിലുണ്ടായിരുന്നത്.
അടുത്ത ലോകകപ്പില്‍ നാല് ടീമുകളടങ്ങുന്ന 12 ഗ്രൂപ്പുകളുണ്ടാകും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ നേരിട്ട് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടും. എല്ലാ ഗ്രൂപ്പില്‍ നിന്നുമായി ഏറ്റവും മികച്ച എട്ട് മൂന്നാം സ്ഥാനക്കാര്‍ക്കും അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാം എന്നതും പ്രത്യേകതയാണ്. ഇങ്ങനെ ആകെ വരുന്ന 32 ടീമുകള്‍ നോക്കൗട്ട് മത്സരം കളിക്കും.
ഈ മാറ്റം വരുന്നതോടെ കൂടുതല്‍ രാജ്യങ്ങള്‍ക്ക് ലോകകപ്പിന്റെ ഭാഗമാകാം. ഒരു ടീമിന് ചുരുങ്ങിയത് മൂന്ന് മത്സരങ്ങള്‍ കളിക്കാനാകും. ഫൈനല്‍ വരെയെത്തുന്ന ടീമിന് എട്ട് മത്സരങ്ങള്‍ കളിക്കണം. ഇതുവരെ അത് ഏഴായിരുന്നു. റൗണ്ട് ഓഫ് 32 എന്ന പുതിയ നോക്കൗട്ട് റൗണ്ട് ഈ ലോകകപ്പിലെ പ്രത്യേകതയാണ്. 2026 ജൂലായ് 19 നാണ് ഫൈനല്‍.
An important date for the diary 👀📆
— FIFA (@FIFAcom) March 14, 2023
The FIFA Council has confirmed when the @FIFAWorldCup 2026 final will take place – as well as the format for the first-ever 48-team edition. pic.twitter.com/fdXZkLfTvh