KeralaNews

‘32,000 മാറി മൂന്നായി’ ‘കേരള സ്റ്റോറി’യുടെ ഡിസ്ക്രിപ്ഷൻ തിരുത്തി നിർമാതാക്കൾ

തിരുവനന്തപുരം: ‘ദി കേരള സ്റ്റോറി’ സിനിമയുടെ ട്രെയിലറിന്റെ യൂട്യൂബ് ഡിസ്ക്രിപ്ഷൻ തിരുത്തി നിർമാതാക്കൾ. കേരളത്തിലെ 32,000 യുവതികൾ മതം മാറി ഐഎസിൽ ചേർന്നുവെന്ന അവകാശവാദം തിരുത്തി മൂന്നുപേർ എന്നാക്കി. സിനിമയുടെ ട്രെയ്‌ലറിന്റെ യൂട്യൂബ് ഡിസ്ക്രിപ്ഷനിലാണ് നിർമാതാക്കൾ മാറ്റം വരുത്തിയത്. ‘മൂന്ന് യുവതികളുടെ ജീവിതം ഇല്ലാതായ കഥ’ എന്നാണ് ട്രെയ്‌ലറിന് പുതിയ ഡിസ്ക്രിപ്ഷനിൽ നൽകിയിരിക്കുന്നത്.

കേരളത്തിൽ നിന്ന് മതപരിവർത്തനത്തിലൂടെ രാജ്യംവിട്ട പെൺകുട്ടികളുടെ കണക്കിൽ ഉറച്ചുനിൽക്കുന്നുവെന്ന് സിനിമയുടെ സംവിധായകന്‍ സുദീപ്തോ സെൻ നേരത്തേ പറഞ്ഞിരുന്നു. 32,000 പേരെക്കുറിച്ചുള്ള പരാമർശം സിനിമ കണ്ടാൽ ബോധ്യപ്പെടുമെന്നും ഏഴ് വർഷം ഇതിനെക്കുറിച്ച് ഗവേഷണം നടത്തിയാണ് സിനിമ തയാറാക്കിയതെന്നും സുദീപ്തോ സെൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതേ സമയം തന്നെയാണ് 32,000 പേർ എന്നത് മൂന്ന് പേർ എന്നാക്കി ഡിസ്ക്രിപ്ഷനിൽ മാറ്റം വരുത്തിയിരിക്കുന്നത്.

അതേസമയം, ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിന് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകി. ചിത്രത്തിന് എ സർട്ടിഫിക്കറ്റോടെയാണ് പ്രദർശനാനുമതി നൽകിയിരിക്കുന്നത്. ചിത്രത്തിൽ സംഭാഷണങ്ങൾ അടക്കം പത്ത് മാറ്റങ്ങൾ വരുത്താൻ സെൻസർ ബോർഡ് നിർദേശിച്ചിട്ടുണ്ട്.

ഭീകരവാദികൾക്ക് പാകിസ്താൻ വഴി അമേരിക്കയും ധനസഹായം നൽകുന്നുവെന്ന സംഭാഷണം, കമ്മ്യൂണിസ്റ്റ് പാർട്ടി ഹിന്ദുക്കളെ അവരുടെ ആചാരങ്ങൾ ചെയ്യാൻ സമ്മതിക്കുന്നില്ലെന്ന സംഭാഷണം, ഇന്ത്യൻ കമ്യൂണിസ്റ്റുകൾ അവസരവാദികളാണ് എന്ന് പറയുന്നിടത്ത് നിന്ന് ഇന്ത്യൻ എന്ന വാക്ക് എന്ന് നീക്കം ചെയ്യണം, ചിത്രത്തിൻ്റെ അവസാനം ഭീകരവാദത്തെ പരാമർശിക്കുന്ന മുൻ മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണം തുടങ്ങിയ മാറ്റങ്ങളാണ് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നത്.

സുദീപ്തോ സെൻ സംവിധാനം  ചെയ്യുന്ന ചിത്രമാണ് ദി കേരള സ്റ്റോറി. മെയ് അഞ്ചിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ കഴിഞ്ഞ വർഷം നവംബറിൽ പുറത്തുവന്ന ടീസറും അടുത്തിടെ പുറത്തുവന്ന ട്രെയ്ലറും വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരിക്കുകയാണ്. ചിത്രത്തിനെതിരെ എൽഡിഎഫും യുഡിഎഫും ശക്തമായ വിമർശനമാണ് ഉയർത്തുന്നത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ദി കേരള സ്റ്റോറിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. മതനിരപേക്ഷതയുടെ ഭൂമികയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്‌ഥാനമായി പ്രതിഷ്ഠിക്കുക വഴി സംഘപരിവാർ പ്രൊപഗണ്ടകളെ ഏറ്റുപിടിക്കുകയാണ് ഈ സിനിമ ചെയ്യുന്നതെന്നാണ് ട്രെയ്ലറിൽ നിന്നും ലഭിക്കുന്ന സൂചനയെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker