26.1 C
Kottayam
Monday, April 29, 2024

സംസ്ഥാനത്തെ 32 ശതമാനം യുവാക്കള്‍ ലഹരി ഉപയോഗത്തിന് അടിമകള്‍; കേരള പോലീസ് ഹൈക്കോടതയില്‍

Must read

കൊച്ചി: സംസ്ഥാനത്തെ 31.8 ശതമാനം യുവജനങ്ങള്‍ മദ്യം, പുകവലി, പാന്‍പരാഗ്, തുടങ്ങിയ ലഹരി ഉപയോഗത്തിന് അടിമകളാണെന്ന് ഹൈകോടതിയില്‍ പോലീസിന്റെ റിപ്പോര്‍ട്ട്. കഞ്ചാവ്, ചരസ്, ബ്രൗണ്‍ ഷുഗര്‍, ഹെറോയിന്‍, എല്‍.എസ്.ഡി തുടങ്ങിയവയാണ് പ്രചാരത്തിലുള്ള ലഹരി മരുന്നുകള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്തെ ലഹരി കച്ചവടവുമായി ബന്ധപ്പെട്ട് മൂന്നുവര്‍ഷത്തിനുള്ളില്‍ 627 കേസ് രജിസ്റ്റര്‍ ചെയ്തതായും ഐ.ജി പി. വിജയന്‍ സമര്‍പ്പിച്ച വിശദീകരണ പത്രികയില്‍ പറയുന്നു. സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടി മുന്‍ ജില്ല പോലീസ് സൂപ്രണ്ട് എന്‍. രാമചന്ദ്രന്‍ എഴുതിയ കത്തും ചില മാധ്യമവാര്‍ത്തകളും പരിഗണിച്ച് ഹൈകോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് വിശദീകരണം.

ഇന്റര്‍നാഷനല്‍ ജേണല്‍ ഓഫ് കമ്യൂണിറ്റി മെഡിസിന്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് 2017ല്‍ തയാറാക്കിയ സര്‍വേ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് വിശദീകരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സ്‌കൂള്‍ -കോളജ് പരിസരത്തെ ലഹരിവില്‍പനയുമായി ബന്ധപ്പെട്ട് 2017ല്‍ 182ഉം 2018ല്‍ 222ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2019 ഒക്ടോബര്‍ വരെ 223 കേസാണ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്തെ ലഹരിക്കേസുകള്‍ 2017ല്‍ 9244ഉം അറസ്റ്റിലായവര്‍ 9359ഉം ആയിരുന്നു. 2018ല്‍ കേസുകള്‍ 8700ഉം അറസ്റ്റുകള്‍ 9521ഉം ആയി. 2019 ഒക്ടോബര്‍ വരെ 8028 കേസ് രജിസ്റ്റര്‍ ചെയ്തു. ഇക്കാലയളവില്‍ 8867 പേരാണ് അറസ്റ്റിലായത്.

ബംഗാള്‍, അസം, ഒഡിഷ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികളില്‍ നിന്നാണ് ലഹരി മരുന്നുകള്‍ കൂടുതലായി എത്തുന്നത്. പുതുതലമുറ മയക്കുമരുന്നുകള്‍ ഗോവയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്ന് വരുന്നു. വിതരണശൃംഖല തകര്‍ത്തും ആവശ്യം കുറച്ചുകൊണ്ടുവന്നും ലഹരി ഉപയോഗം ക്രമേണ ഇല്ലാതാക്കാനാണ് ശ്രമമെന്നും വിശദീകരണത്തില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week