അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം മാതാപിതാക്കള്‍ ചോദ്യം ചെയ്തു; 16കാരി തീകൊളുത്തി ജീവനൊടുക്കി
ഹൈദരാബാദ്: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് 16 വയസുകാരി തീകൊളുത്തി ജീവനൊടുക്കി. ഹൈദരാബാദ് സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് തീകൊളുത്തി മരിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം ലഭിച്ചതെന്ന് പോലീസ് വ്യക്തമാക്കി. മൊബൈല്‍ ഫോണില്‍ കൂടുതല്‍ നേരം ഉപയോഗിക്കുന്നതിനെ തുടര്‍ന്ന് മാതാപിതാക്കളും കുട്ടിയും തമ്മില്‍ തര്‍ക്കമുണ്ടാകുകയും വഴക്കിലേക്ക് എത്തുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്. കുട്ടിയെ കാണാതായത് മുതല്‍ അയല്‍ക്കാരുടെ സഹായത്തോടെ മാതാപിതാക്കള്‍ അന്വേഷണം ആരംഭിച്ചു. തെരച്ചിലിനൊടുവില്‍ ആളൊഴിഞ്ഞ പ്രദേശത്ത് നിന്നു തീകൊളുത്തിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. സമീപവാസികള്‍ വിവരമറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സമീപത്ത് നിന്നു കണ്ടെടുത്തു.