KeralaNews

രാമനാട്ടുകര വാഹനാപകടത്തില്‍പ്പെട്ടത് സ്വര്‍ണക്കവര്‍ച്ചാ സംഘമെന്ന് റിപ്പോര്‍ട്ട്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കോഴിക്കോട്: രാമനാട്ടുകര വാഹനാപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വര്‍ണ്ണക്കവര്‍ച്ചാ സംഘമാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലീസിന് സൂചന ലഭിച്ചതായി റിപ്പോര്‍ട്ട്. സ്വര്‍ണ്ണം കടത്തുന്നവരെ കൊള്ളയടിക്കുന്നവരാണ് സംഘങ്ങളെന്നാണ് പോലീസ് അനുമാനം. അതേസമയം സംഘത്തിലെ അംഗങ്ങള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് ചെര്‍പ്പുളശ്ശേരി പോലീസ് പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെ 4.45-നായിരുന്നു കോഴിക്കോട് രാമനാട്ടുകരയില്‍വെച്ച് ബൊലേറോയും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബൊലേറോ യാത്രികരായ പാലക്കാട് ചെര്‍പ്പുളശ്ശേരി, പട്ടാമ്പി സ്വദേശികളുമായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്. ചരല്‍ ഫൈസല്‍ എന്നൊരാള്‍ ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഇദ്ദേഹത്തിന് എസ്‌കോര്‍ട്ട് പോയതായിരുന്നു ഈ സംഘമെന്നാണ് വിവരം. ഈ സംഘത്തിന്റെ തലവനായിരുന്നു ഫൈസല്‍.

നിരവധി കേസുകളില്‍ പ്രതിയാണ് ചരല്‍ ഫൈസല്‍ എന്നും ചെര്‍പ്പുളശ്ശേരി പോലീസ് പറയുന്നു. വീടുകയറി ആക്രമിക്കല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകളില്‍ പ്രതിയായിരുന്നു മരിച്ച താഹിര്‍ എന്ന് ചെര്‍പ്പുളശ്ശേരി പോലീസ് പറഞ്ഞു. നാസര്‍ എന്നയാള്‍ക്കെതിരെയും കേസ് ഉള്ളതായി പോലീസ് കൂട്ടിച്ചേര്‍ത്തു.

അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതായും ആലോചിച്ച ശേഷം പരാതി നല്‍കുമെന്നും താഹിറിന്റെ മാതാപിതാക്കള്‍ പ്രതികരിച്ചു. താഹിറും നാസറും ചരല്‍ ഫൈസലും എസ്.ഡി.പി.ഐയില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, കേസുകളില്‍ പ്രതികളായതിനു പിന്നാലെ ഇവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയെന്ന് പാലക്കാട് എസ്.ഡി.പി.ഐ. ജില്ലാ നേതൃത്വം അറിയിച്ചു.

ഇവര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോയതാണെന്ന കാര്യത്തില്‍ ഏതെങ്കിലും വിധത്തിലുള്ള സ്ഥിരീകരണം പോലീസിന് ലഭിച്ചിട്ടില്ല. വിമാനത്താവളത്തില്‍ പോയതാണോ എന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ഉറപ്പില്ലെന്നാണ് താഹിറിന്റെ ബന്ധുക്കള്‍ പറയുന്നത്. 21 വയസ്സുകാരനായ താഹിറിന് നാല്‍പ്പതു ലക്ഷത്തോളം രൂപയുടെ കടമുണ്ടായിരുന്നെന്നും വിവരമുണ്ട്. റെന്റ് എ കാര്‍ ബിസിനസ് താഹിര്‍ നടത്തിയിരുന്നു.

കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി പാലക്കാട്ടേക്ക് തിരിച്ചുപോകേണ്ട യുവാക്കള്‍ എന്തിന് രാമനാട്ടുകരയിലേക്ക് വന്നുവെന്നതാണ് പോലീസിന് സംശയം ജനിപ്പിച്ചത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഫറോക്ക് സ്റ്റേഷനിലെത്തി അപകടത്തില്‍ മരിച്ചവരുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തു. കോഴിക്കോട്-പാലക്കാട് ഹൈവേയിലെ എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് 10 കിലോമീറ്ററോളം ദൂരെയാണ് അപകടമുണ്ടായിരിക്കുന്നത്. എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് കൊണ്ടോട്ടി വഴിയാണ് പാലക്കാട്ടേക്ക് പോകേണ്ടിയിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker