തിരുവനന്തപുരം: വാരിക്കോരി നൽകിയെന്നു റെയിൽവേ മന്ത്രി ആവർത്തിക്കുമ്പോഴും മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ കേരളത്തിന് അർഹിക്കുന്ന പരിഗണന ബജറ്റിൽ ലഭിച്ചില്ല. കുറവു വിഹിതം കിട്ടിയവരിൽ മൂന്നാമതാണു കേരളത്തിന്റെ സ്ഥാനം. ഉത്തർപ്രദേശിനും മഹാരാഷ്ട്രയ്ക്കും 15,000 കോടിക്കു മുകളിൽ ലഭിക്കുമ്പോഴാണു കേരളത്തിനു നൽകിയ 3011 കോടി രൂപ വലിയ വിഹിതമായി അവതരിപ്പിക്കുന്നത്.
കർണാടക–7559, തമിഴ്നാട്–6362, തെലങ്കാന–5336, ആന്ധ്രപ്രദേശ്–9151 കോടി എന്നിങ്ങനെയാണു ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കു ലഭിച്ചത്. പാത ഇരട്ടിപ്പിക്കലല്ലാതെ കാര്യമായ പുതിയ പദ്ധതികളൊന്നും കേരളത്തിനില്ല. 30 വർഷത്തിനിടെ യാത്രാ ട്രെയിനുകൾക്കായി ഒരു കിലോമീറ്റർ പാത പോലും കമ്മിഷൻ ചെയ്യാത്ത സംസ്ഥാനമാണു കേരളം. 1994 ൽ നിർമിച്ച തൃശൂർ–ഗുരുവായൂർ പാതയാണ് അവസാനം തുറന്നത്.
വല്ലാർപാടത്തേക്കു ചരക്കുനീക്കത്തിനായി നിർമിച്ച പാതയും കമ്മിഷൻ ചെയ്യാത്ത അങ്കമാലി–കാലടി (7 കി.മീ) പാതയുമാണ് അതിനുശേഷം നിർമിച്ചത്. എറണാകുളം– കൊച്ചിൻ ഹാർബർ ടെർമിനസ് പാതയിൽ യാത്രാ ട്രെയിനുകൾ ഇല്ലാതായി. ഷൊർണൂർ യാഡിലെ കുപ്പിക്കഴുത്ത് ഒഴിവാക്കാൻ പുതിയ പാലം നിർമിക്കാനും പാലക്കാട്, തൃശൂർ ഭാഗങ്ങളിലേക്കുള്ള ഒറ്റവരിപ്പാതകൾ ഇരട്ടിപ്പിക്കാനും കഴിഞ്ഞ ഫെബ്രുവരിയിൽ 367 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചതൊഴിച്ചാൽ മറ്റു വലിയ പദ്ധതികൾക്കൊന്നും സമീപ കാലത്ത് അനുമതി ലഭിച്ചിട്ടില്ല.
കൊച്ചുവേളി മാസ്റ്റർ പ്ലാൻ നാലാംഘട്ടം പൂർത്തിയാക്കാൻ 40 കോടി രൂപ മതിയെങ്കിലും അനുവദിച്ചിട്ടില്ല. അങ്കമാലി–എരുമേലി ശബരിപാതയുടെ പകുതി ചെലവ് വഹിക്കുന്ന കാര്യത്തിൽ കേരളം കൃത്യമായ മറുപടി നൽകാത്തതിനാൽ കേന്ദ്ര തീരുമാനം വൈകുന്നു. എറണാകുളം–ഷൊർണൂർ മൂന്നാം പാതയുടെ ലൊക്കേഷൻ സർവേ തീർന്നിട്ടില്ല.
കേന്ദ്ര ബജറ്റിൽ കേരളത്തിലെ റെയിൽപാത ഇരട്ടിപ്പിക്കലിന് 1085 കോടി രൂപയും അങ്കമാലി–ശബരിമല പാതയ്ക്കു 100 കോടി രൂപയും നീക്കിവച്ചു. ഷൊർണൂർ –എറണാകുളം മൂന്നാം പാതയ്ക്ക് 5 കോടി രൂപയും കൊല്ലം–തിരുനെൽവേലി – തിരുച്ചെന്തൂർ–വിരുദുനഗർ ഗേജ് മാറ്റത്തിനു 2 കോടി രൂപയുമുണ്ട്. ഇരട്ടിപ്പിക്കുന്ന പാതകളും തുകയും: (തുക കോടി രൂപയിൽ): തുറവൂർ–അമ്പലപ്പുഴ (500), തിരുവനന്തപുരം–കന്യാകുമാരി (365), കുമ്പളം–തുറവൂർ (102.5), എറണാകുളം–കുമ്പളം (105), കുറുപ്പുന്തറ–ചെങ്ങന്നൂർ (11.5), അമ്പലപ്പുഴ– ഹരിപ്പാട് (1.2).
പാത നവീകരണത്തിനായി 300.19 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. നീളമുള്ള ട്രെയിനുകൾ നിർത്തിയിടാൻ സൗകര്യമൊരുക്കുന്നതിന് തിരുവനന്തപുരം ഡിവിഷന് 47 ലക്ഷം രൂപ നൽകും. ആലുവയിൽ അധിക നടപ്പാതയ്ക്ക് 59 ലക്ഷം രൂപ. തിരുനാവായ– ഗുരുവായൂർ പാതയെ പരാമർശിച്ചിട്ടുണ്ടെങ്കിലും കാര്യമായ തുക നീക്കിവച്ചിട്ടില്ല. എറണാകുളത്ത് ഒരു പിറ്റ്‌ലൈൻ കൂടി നിർമിക്കുന്നതിന് ഒരു ലക്ഷം രൂപ നീക്കിവച്ചു.
മേൽപാത, അടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിനും തുക നീക്കിവച്ചിട്ടുണ്ട്. ഇതിനും പാലം, ടണൽ നിർമാണം, സിഗ്നലിങ് മെച്ചപ്പെടുത്തൽ തുടങ്ങിയവയ്ക്കും വിഹിതമുണ്ട്. കേരളത്തിലല്ലെങ്കിലും ഒട്ടേറെ മലയാളികൾ എത്തുന്ന മംഗലൂരു സെൻട്രൽ സ്റ്റേഷനിൽ അധിക പ്ലാറ്റ്ഫോം ലൈനിനു 4.74 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ റെയിൽവേ വികസനത്തിന് അനുവദിച്ചത് 3011 കോടി രൂപയാണ്. 2023–24 ൽ വിഹിതം 2,033 കോടി രൂപയായിരുന്നു.