KeralaNews

12 വയസുകാരന് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്; കാട്ടുപന്നിയെ വെടിവച്ചുകൊന്നു

തിരുവമ്പാടി (കോഴിക്കോട്): ചേപ്പിലംതോട് പുല്ലപ്പള്ളിയില്‍ 12-കാരനുനേരെ കാട്ടുപന്നിയുടെ ആക്രമം. പുല്ലപ്പള്ളിയില്‍ ഷനൂപിന്റെ മകന്‍ അദിനാന് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാവിലെ 9.15-ഓടെയാണ് സംഭവം.

രാവിലെ സൈക്കിളില്‍ സഞ്ചരിക്കവെ ആയിരുന്നു ആക്രമണം. സമീപത്തെ പറമ്പില്‍ നിന്നു ഇറങ്ങി വന്ന കാട്ടുപന്നി ആദ്യം സൈക്കിളില്‍ ഇടിക്കുകയായിരുന്നു. അദിനാന്‍ വീണതോടെ പന്നി കുട്ടിയേയും ആക്രമിച്ചു. ശേഷം സമീപത്ത വീട്ടുവളപ്പിലേക്ക് കയറിയ കാട്ടുപന്നിയെ പിന്നീട് വനം വകുപ്പിന്റെ എം പാനല്‍ ഷൂട്ടര്‍ എത്തി വെടിവെച്ചു കൊന്നു.

അദിനാനിന്റെ രണ്ട് കാലിനുമാണ് പരിക്കേറ്റത്. പതിനാറ് തുന്നിക്കെട്ടുകളുള്ള മുറിവുകളുണ്ട്. ഈ മേഖലയില്‍ കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതും മറ്റും സ്ഥിരമാണെങ്കിലും ആളുകളെ ആക്രമിക്കുന്നത് ആദ്യമാണ്. ആക്രമത്തില്‍ പരിക്കേറ്റ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീട്ടുവളപ്പിലേക്ക് കയറിയതിനാല്‍ വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പെട്ടെന്ന് വെടിവെച്ച് കൊല്ലാനായി. വനപ്രദേശമോ മറ്റോ അല്ലാതിരുന്നിട്ട് പോലും ജനവാസ മേഖലയില്‍ പന്നിയിറങ്ങിയതില്‍ വലിയ ആശങ്കയിലാണ് നാട്ടുകാര്‍.

കഴിഞ്ഞ ദിവസമാണ് കാട്ടുപന്നിയെ വെടിവെക്കാന്‍ നിര്‍ദേശം നല്‍കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചത്.

പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ചാകും പഞ്ചായത്ത് പ്രസിഡന്റ്മാരടക്കമുള്ളവര്‍ക്ക് കാട്ടുപന്നികളെ വെടിവെക്കാനുള്ള അധികാരം നല്‍കുക. നിലവിലെ വ്യവസ്ഥ കാട്ടുപന്നി ശല്യം തടയാന്‍ അപര്യാപ്തമായ സാഹചര്യത്തിലാണ് ഈ നീക്കം. നിലവില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡിനുള്ള അധികാരമാണ് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

കാട്ടുപന്നി ശല്യം നേരിടാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന നിയമനിര്‍മാണം സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker