FeaturedHome-bannerKeralaNews

നിപ ആശങ്ക ഒഴിയുന്നു; പതിനൊന്ന് സാമ്പിളുകൾ കൂടി നെഗറ്റീവ്

കോഴിക്കോട്: നിപ സംശയത്തെത്തുടർന്ന് പരിശോധനയ്ക്കയച്ച പതിനൊന്ന് സാമ്പിളുകൾ കൂടി നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് . പോസിറ്റീവായ വ്യക്തിയുമായി അടുത്ത സമ്പർക്കം പുലർത്തിയവരാണിവർ. ഇതോടെ ഹൈറിസ്‌ക് വിഭാഗത്തിൽ 94 പേരുടെ ഫലം നെഗറ്റീയവായി. ആകെ 6 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 21 പേർ നിരീക്ഷണത്തിലാണ്. ഐഎംസിഎച്ചിൽ 2 കുഞ്ഞുങ്ങൾ ചികിത്സയിലുണ്ട്.

ആദ്യം മരിച്ചയാളുടെ കുട്ടി വെന്റിലേറ്ററിലാണ്. കുട്ടിയുടെ നിലയിൽ പുരോഗതിയുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അവസാനം പോസിറ്റീവായ ആളുടെ കോണ്ടാക്റ്റ് ലിസ്റ്റ് തയാറാക്കൽ നടക്കുകയാണ്. രോഗികൾ ചികിത്സയിലുള്ള ആശുപത്രികളിൽ മെഡിക്കൽ ബോഡുകൾ നിലവിൽവന്നു. രോഗികളുടെ നില സ്റ്റേബിളാണ് എന്നാണ് അവരുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

30-ാം തീയതി രോഗം ബാധിച്ചു മരിച്ച വ്യക്തിയുടെ സോഴ്സ് ഐഡന്റിഫിക്കേഷൻ നടക്കുകയാണ്. ആ വ്യക്തിയുടെ മൊബൈൽ ടവർ ലൊക്കേഷൻ ലഭ്യമാക്കണമെന്ന് പൊലീസിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അതിലൂടെ വ്യക്തി സഞ്ചരിച്ച ഇടം കണ്ടെത്താനാകും. സാമ്പിൾ കളക്ഷനായി കൂടുതൽ ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ നിപ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ബേപ്പൂര്‍ മേഖലയില്‍ വാര്‍ഡുകള്‍ അടക്കാന്‍ തീരുമാനിച്ചു. കോഴിക്കോട്ടെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ ഒന്നാണ് ബേപ്പൂര്‍. ചെറുവണ്ണൂരില്‍ നിപ സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കത്തിലുള്ള മേഖലകളാണ് അടക്കുന്ന്. 43, 44, 45,46,47,48, 51 വാര്‍ഡുകളാണ് അടക്കുന്നത്. ഈ വാര്‍ഡുകളിലേക്കുള്ള എല്ലാ റോഡുകളും അടക്കാനാണ് തീരുമാനം.

ടിപി ഹോസ്പിറ്റല്‍, ക്രസന്റ് ഹോസ്പിറ്റല്‍, സിമന്റ് ഗോഡൗണ്‍, ബോട്ട് ജെട്ടി എന്നിവിടങ്ങളില്‍ രോഗി എത്തിയിട്ടുണ്ട്. ആ സാഹചര്യത്തിലാണ് നിയന്ത്രണം. ഫറൂഖ് മുനിസിപ്പാലിറ്റി പൂര്‍ണമായും അടച്ചു. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജീപ്പില്‍ സഞ്ചരിച്ച് അനൗണ്‍സ്‌മെന്റ് നടത്തുന്നുണ്ട്.

ഉഷ സ്കൂൾ ഓഫ് അത്ലറ്റ്ക്സില്‍ ഇന്ന് നടത്താനിരുന്ന സെലക്ഷൻ പരേഡ് മാറ്റിവെച്ചു. നിപ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ പ്രതിഷേധിച്ചതോടെ സെലക്ഷൻ മാറ്റിവയ്ക്കുകയായിരുന്നു. 100 കണക്കിന് കുട്ടികളാണ് സെലക്ഷനായി കിനാലൂരിൽ എത്തിയത്.

നിപ ബാധിതരില്ലെങ്കിലും കണ്ണൂര്‍ ജില്ലയിലും ജാഗ്രത നിര്‍ദ്ദേശമുണ്ട്. ആരോഗ്യവിഭാഗം ക്രമീകരണങ്ങള്‍ ഒരുക്കി. പരിയാരം മെഡിക്കല്‍ കോളേജിലും ജില്ലാ ആശുപത്രിയിലും ഐസലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചു. ആശുപത്രികളില്‍ എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കി. പരിയാരത്ത് ഒരു വാര്‍ഡും ജില്ലാ ആശുപത്രിയില്‍ 12 കിടക്കകളുള്ള വാര്‍ഡുമാണ് സജ്ജമാക്കിയിരിക്കുന്നത്.

നാല് പേരാണ് കോഴിക്കോട് ജില്ലയില്‍ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ആരുടേയും നില ഗുരുതരമല്ല. ഇതുവരെ വന്ന 83 പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. എങ്കിലും 21 ദിവസം ക്വാറന്റീനില്‍ തുടരാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. 1,080 ആളുകളാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് കോര്‍പ്പറേഷനിലെ 7 വാര്‍ഡുകളും ഫറോക്ക് നഗരസഭയും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

നിപ ബാധിത മേഖലയില്‍ നിന്ന് വവ്വാലുകളെ പിടികൂടി ഇന്ന് പരിശോധനയ്ക്കയക്കും. മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദലിയുടെ പുരയിടത്തോട് ചേര്‍ന്ന വാഴത്തോട്ടത്തില്‍ നിന്ന് വവ്വാലുകളെ പിടികൂടാനായി ഇന്നലെ വല വിരിച്ചിരുന്നു. രണ്ടു വവ്വാലുകള്‍ വലയില്‍ കുടുങ്ങിയിരുന്നു. ഇവയില്‍ വൈറസുണ്ടോ എന്ന് പരിശോധിക്കും. സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ കൂടുതല്‍ പരിശോധനാ ഫലങ്ങളും ഇന്ന് പുറത്ത് വരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker