28.4 C
Kottayam
Friday, May 3, 2024

ക്ലബ് ഫുട്‌ബോളില്‍ പുതിയ റെക്കോഡുമായി റൊണാള്‍ഡോ

Must read

ഗൂഡിസണ്‍ പാര്‍ക്ക്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് വിജയം. പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് കരിയറിലെ 700-ാം ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ എവര്‍ട്ടണിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് മുന്‍ ചാമ്പ്യന്‍മാര്‍ തോല്‍പ്പിച്ചത്. ഇതോടെ പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്താന്‍ ചുവന്ന ചെകുത്താന്‍മാര്‍ക്കായി.

സ്വന്തം തട്ടകത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ വിറപ്പിച്ചാണ് എവര്‍ട്ടണ്‍ തുടങ്ങിയത്. അഞ്ചാം മിനിറ്റില്‍ തന്നെ എവര്‍ട്ടണ്‍ മുന്നിലെത്തി. മനോഹരമായ ലോങ് റേഞ്ചര്‍ ഗോളിലൂടെ അലക്‌സ് ഇവോബിയാണ് എവര്‍ട്ടണിന് ലീഡ് സമ്മാനിച്ചത്. എന്നാല്‍ അധികം വൈകാതെ തന്നെ യുണൈറ്റഡ് തിരിച്ചടിച്ചു. ആന്‍ണി മാര്‍ഷ്യലിന്റെ അസിസ്റ്റില്‍ വിങ്ങര്‍ ആന്റണിയാണ് വലകുലുക്കിയത്. ഇതോടെ ആദ്യ മൂന്ന് പ്രീമിയര്‍ ലീഗ് മത്സരത്തിലും ഗോള്‍ നേടുന്ന ഏക മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരമായി ആന്റണി മാറി. ആന്റണിയുടെ ചരിത്രഗോളിന് പിന്നാലെ വിജയഗോളിനായി യുണൈറ്റഡ് ആക്രമിച്ച് കളിച്ചു.

29-ാം മിനിറ്റില്‍ പരിക്കേറ്റ ആന്‍ണി മാര്‍ഷ്യലിന് പകരക്കാരനായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളത്തിലിറങ്ങി. ഒടുവില്‍ ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ ക്രിസ്റ്റ്യാനോയിലൂടെ ചുവന്ന ചെകുത്താന്‍മാര്‍ മുന്നിലെത്തി. ക്ലബ്ബ് കരിയറിലെ താരത്തിന്റെ 700-ാം ഗോള്‍ കൂടിയായിരുന്നു അത്. സ്‌പോര്‍ട്ടിങ് ലിസ്ബണിനായി അഞ്ച് ഗോളുകള്‍, റയല്‍ മഡ്രിഡിന് വേണ്ടി 450 ഗോളുകള്‍, യുവന്റസിനായി 101 ഗോളുകള്‍, മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനായി 144 ഗോളുകള്‍ എന്നിങ്ങനെ നാല് ക്ലബ്ബുകള്‍ക്കായാണ് 700 ഗോള്‍ നേടിയത്.

മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനായി 2003-09 കാലയളവില്‍ 118 ഗോളുകളാണ് നേടിയത്. 2021-ല്‍ ടീമിലേക്ക് തിരിച്ച് വന്നതിന് ശേഷം 26 തവണയും വലകുലുക്കി. റയല്‍ മഡ്രിഡിനായി 450 ഗോള്‍ നേടിയ താരം ക്ലബ്ബിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരവുമാണ്. പോര്‍ച്ചുഗലിനായി 189 മത്സരങ്ങളില്‍ നിന്നായി 117 ഗോളുകളും ക്രിസ്റ്റിയാനോ നേടിയിട്ടുണ്ട്.

ക്രിസ്റ്റ്യാനോയുടെ ഗോളില്‍ എവര്‍ട്ടണിനെ മറികടന്ന യുണൈറ്റഡ് നിലവില്‍ പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവും മൂന്ന് തോല്‍വിയുമടക്കം 15 പോയന്റാണ് ടെന്‍ഹാഗിനും സംഘത്തിനുമുളളത്. ആദ്യ ഗോള്‍ വഴങ്ങിയതിന് ശേഷം മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വിജയിക്കുന്ന നൂറാം പ്രീമിയര്‍ ലീഗ് മത്സരം കൂടിയാണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week