24.5 C
Kottayam
Monday, May 20, 2024

KSRTC:വിദ്യാർഥികള്‍ക്ക്‌ നിയന്ത്രണവുമായി കെ.എസ്.ആർ.ടി.സി; ബസിന് പരമാവധി 25 വിദ്യാർഥികൾ

Must read

തിരുവനന്തപുരം: വിദ്യാർഥി യാത്രക്കൂലി ഇളവ് അനിയന്ത്രിതമായി വർധിച്ചതിനെത്തുടർന്ന് കെ.എസ്.ആർ.ടി.സി. നിയന്ത്രണമേർപ്പെടുത്തുന്നു. വരുമാനം കുറയുന്നത് കണക്കിലെടുത്ത് ഒരു ബസിന് പരമാവധി 25 വിദ്യാർഥികൾ എന്ന കണക്കിലേ ഇളവനുവദിക്കുകയുള്ളൂ. നിലവിലെ സാമ്പത്തികസ്ഥിതിയിൽ ഇതിൽക്കൂടുതൽ സൗജന്യം അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കോർപ്പറേഷൻ. ആദ്യഘട്ടമെന്നനിലയിൽ അഞ്ചൽ-കൊട്ടിയം റൂട്ടിൽ യാത്രാസൗജന്യം നിയന്ത്രിച്ചുകൊണ്ട് ഉത്തരവിറങ്ങി.

ഓരോ റൂട്ടിലുമുള്ള ബസുകൾ കണക്കിലെടുത്താകും യാത്ര ഇളവിനുള്ള കാർഡുകൾ അനുവദിക്കുക. ആദ്യം അപേക്ഷിക്കുന്നവർക്കാകും മുൻഗണന. കാർഡ് വിതരണത്തിൽമാത്രമാണ് നിയന്ത്രണമുള്ളത്. ബസിൽ 25-ലധികം വിദ്യാർഥികളെ കയറാനനുവദിക്കും. നിയന്ത്രണം നടപ്പാകുമ്പോൾ കെ.എസ്.ആർ.ടി.സി. ബസുകൾ കുറവുള്ള റൂട്ടുകളിൽ അർഹരായ വിദ്യാർഥികളിൽ കുറേപേർക്ക് യാത്രാസൗജന്യം കിട്ടാതെ വരും. സ്വകാര്യബസുകൾകൂടിയുള്ളതിനാൽ ഇവർക്ക് യാത്രാസൗകര്യം കുറയില്ലെന്നാണ് കെ.എസ്.ആർ.ടി.സി. അധികൃതർ പറയുന്നത്. പ്ലസ്ടുവരെയുള്ള വിദ്യാർഥികൾക്ക് കെ.എസ്.ആർ.ടി.സി.യിൽ യാത്ര സൗജന്യമാണ്. സ്വകാര്യബസുകളിൽ നിശ്ചിതതുക നൽകേണ്ടതുണ്ട്.

സ്വകാര്യബസുകളുമായി മത്സരിച്ചോടുന്ന റൂട്ടുകളിൽ, യാത്ര പൂർണമായും സൗജന്യമായ കെ.എസ്.ആർ.ടി.സി. ബസുകളിൽ വിദ്യാർഥികളുടെ എണ്ണം വർധിച്ചു. വിദ്യാർഥികളെ കെ.എസ്.ആർ.ടി.സി. ബസുകളിൽ പോകാൻ സ്വകാര്യബസുകാർ പ്രേരിപ്പിക്കുകയും ചെയ്തു. ഇതുകാരണം മറ്റുയാത്രക്കാർ സ്വകാര്യബസുകളിലേക്ക് മാറി.

ചില ട്രിപ്പുകളിൽ വരുമാനം പൂർണമായും ഇല്ലാത്ത അവസ്ഥയാണ്. ഇങ്ങനെ നഷ്ടം കടുത്തസാഹചര്യത്തിലാണ് പകുതിസീറ്റുകൾമാത്രം വിദ്യാർഥികൾക്ക് മാറ്റിവെക്കാൻ തീരുമാനിച്ചത്. ആർ.ടി.സി. നിയമപ്രകാരം യാത്രാസൗജന്യങ്ങൾ നിയന്ത്രിക്കാനുള്ള അധികാരം മാനേജ്‌മെന്റിനുമുണ്ടെന്ന് കെ.എസ്.ആർ.ടി.സി. അവകാശപ്പെടുന്നു.

നിലവിൽ സർക്കാർനിർദേശപ്രകാരമാണ് സൗജന്യം അനുവദിച്ചിട്ടുള്ളത്. ഇത് പുനഃപരിശോധിക്കണമെന്ന് പലതവണ കെ.എസ്.ആർ.ടി.സി. ആവശ്യപ്പെട്ടിട്ടുണ്ട്. നിർധനകുടുംബങ്ങളിലെ വിദ്യാർഥികൾക്കുമാത്രമായി സൗജന്യം നിയന്ത്രിക്കണമെന്ന നിർദേശമാണ് ഇപ്പോൾ മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല.

ഉമ്മൻചാണ്ടിസർക്കാരിന്റെ അവസാനകാലത്താണ് പ്ലസ്ടുവരെയുള്ള വിദ്യാർഥികൾക്ക് സൗജന്യയാത്ര അനുവദിച്ചിട്ടുള്ളത്. കാർഡിനുള്ള തുകമാത്രമാണ് വാങ്ങുന്നത്. അഞ്ചരലക്ഷം കൺസെഷൻ കാർഡുകൾ നൽകിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week