24.9 C
Kottayam
Monday, May 20, 2024

ഒന്നിച്ച് മദ്യപിച്ച്, ഭക്ഷണം കഴിച്ച്, ഒരേ കട്ടിലിൽ കിടന്നു; പിന്നെ നിഷ്കരുണം തലയ്ക്കടിച്ചു കൊന്നു,മറയൂരില്‍ നടന്നത്‌

Must read

മറയൂര്‍: മറയൂര്‍ പെരിയകുടിയില്‍ ബന്ധുവായ രമേശിനെ (26) തലയ്ക്കടിച്ച് മൃഗീയമായി കൊന്ന കേസിലെ പ്രതി സുരേഷിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച കമ്പി മറയൂര്‍ ചന്ദന ഗോഡൗണിന് സമീപം ഉപേക്ഷിച്ചത് പ്രതി കാണിച്ചുകൊടുത്തു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11-നാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ ശനിയാഴ്ച ഉച്ചയോടുകൂടി സമീപത്തുള്ള വനമേഖലയില്‍നിന്ന് പിടികൂടിയിരുന്നു. സ്വത്തുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പ്രതിയുടെ മൊഴി. തെളിവെടുപ്പ് സമയത്തും തുടര്‍ന്നും യാതൊരുവിധ കുറ്റബോധവുമില്ലാതെയാണ് സുരേഷ് പെരുമാറിയത്. തെളിവെടുപ്പിനായി കുടിയിലെത്തിക്കുമ്പോള്‍ വളരെ കുറച്ചുപേര്‍ മാത്രമേ കൊലപാതകംനടന്ന വീടിന് സമീപം എത്തിയുള്ളൂ.

മറയൂര്‍ ഇന്‍സ്‌പെക്ടര്‍ പി.റ്റി.ബിജോയ്, എ.എസ്.ഐ.മാരായ അനില്‍ സെബാസ്റ്റ്യന്‍, സുദീപ് നായര്‍, കെ.എം.ഷമീര്‍, എന്‍.എസ്.സന്തോഷ്, റ്റി.എസ്.രാഹുല്‍, സജു സണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

സംഭവദിവസം വെള്ളിയാഴ്ച രമേശ് വാങ്ങിക്കൊണ്ടുവന്ന മദ്യം ഇരുവരും വീടിന്റെ പരിസരത്ത് കുടിച്ചു. ഒന്നിച്ച് ഭക്ഷണം കഴിച്ചു. ഇതിനിടയില്‍ സ്ഥലത്തിന്റെ കാര്യം ഉയര്‍ന്നുവന്നു. സ്ഥലംതന്നില്ലെങ്കില്‍ കൊല്ലുമെന്നൊക്കെ രമേശ് പറഞ്ഞെങ്കിലും സുരേഷ് ഒന്നും സംസാരിച്ചില്ല. പിന്നീട്, സുരേഷിന്റെ വീട്ടില്‍ ഒരുകട്ടിലില്‍ ഒന്നിച്ചുകിടന്നു.

രമേശ് ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയശേഷം സമീപം പണിതുകൊണ്ടിരുന്ന വീട്ടില്‍നിന്ന് ആണിപറിക്കുന്ന ഒരുകമ്പിയും ഒരു ഇരുമ്പുപൈപ്പും കൊണ്ടുവന്ന്, നല്ല ഉറക്കത്തിലായിരുന്ന രമേശിന്റെ തലയ്ക്ക് ഇരുമ്പുപൈപ്പുകൊണ്ട് നിരവധി തവണ അടിച്ചു. ആദ്യത്തെ അടിയില്‍തന്നെ ഒന്ന് അനങ്ങാന്‍പോലും കഴിയാതെയായി രമേശ്. പിന്നീട് ആണിപറിക്കുന്ന കമ്പി വായില്‍കൂടി കുത്തിയിറക്കി. കൃത്യം നടത്തിയശേഷം ഇരുമ്പുപൈപ്പുമായി പുറത്തിറങ്ങിയ സുരേഷ് നടന്ന് മറയൂര്‍ മേഖലയില്‍ വന്നു. സമീപവാസികള്‍ കുടിയിലുള്ളവരെയും പോലീസിനെയും വിവരമറിയിച്ചു.

രാത്രി 12.30-ന് പോലീസ് സംഘം കുടിയിലെത്തിയപ്പോഴേക്കും രമേശ് മരിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഫൊറന്‍സിക് സര്‍ജന്‍ ജെയിംസ്‌കുട്ടിയുടെ നേതൃത്വത്തില്‍ മൃതദേഹ പരിശോധനാ നടപടികള്‍ പൂര്‍ത്തികരിച്ചു. ഞായറാഴ്ച തീര്‍ഥമലക്കുടി പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. മറയൂര്‍ ചന്ദനഗോഡൗണിന് പിന്നില്‍നിന്നാണ് ഇരുമ്പുപൈപ്പ് കണ്ടെത്തിയത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week