കൊച്ചി: കൊതുകുശല്യം രൂക്ഷമായിട്ടും നിവാരണ നടപടികള്‍ കൈക്കൊള്ളാത്ത കൊച്ചി നഗരസഭയ്ക്കെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. കൊതുകിനെ കൊന്ന് കൊണ്ടുവരുന്നവര്‍ക്ക് പണം നല്‍കിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് എറണാകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
നഗരത്തില്‍ കഴിഞ്ഞ ഏതാനും നാളുകളായി കൊതുകുശല്യം രൂക്ഷമാണ്. പകല്‍ നേരങ്ങളില്‍ പോലും ഓഫീസുകളിലും, വീടുകളിലും കൊതുക് ശല്യം മൂലം ഇരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പ്രദേശവാസികള്‍ കോര്‍പ്പറേഷന്‍ അധികൃതരെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊതുകിനെ കൊന്നു കൊണ്ടുവരുന്നവര്‍ക്ക് പണം നല്‍കി പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.
കൊതുകിന്റെ വലിപ്പത്തിനനുസരിച്ചാണ് പ്രതിഫലം. വലിപ്പത്തിന് അനുസരിച്ച് അഞ്ച് പൈസ മുതല്‍ 50 പൈസവരെയാണ് കൊതുകിന് നല്‍കുക. അതേസമയം പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പേരാണ് കൊതുകുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അടുത്തേക്ക് എത്തിയത്.
മഴ മാറിയതിന് ശേഷമാണ് നഗരത്തില്‍ കൊതുകുകള്‍ പെരുകിയത്. ഇതിനിടെ കോര്‍പ്പറേഷന്റെ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയതോടെ ശല്യം വീണ്ടും രൂക്ഷമായി. ഫോഗിംഗും, ഓടകളില്‍ മരുന്ന് തളിക്കുന്നതുമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങങ്ങള്‍ കാര്യക്ഷമമല്ലാതായത് കൊതുകുകള്‍ പെരുകാന്‍ ഇടയാക്കി.
കൊതുകുശല്യം രൂക്ഷമായിട്ടും നടപടികള്‍ സ്വീകരിക്കാത്ത കോര്‍പ്പറേഷനെതിരെ നേരത്തെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൊതുകുബാറ്റുകള്‍ കയ്യിലേന്തി തിരുവാതിര കളിച്ച് പ്രതിഷേധിച്ചിരുന്നു.