കൊവിഡ് വാക്സിന്റെ പാര്‍ശ്വഫലത്തെ തുടര്‍ന്ന് മകള്‍ മരിച്ചു; 1000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയില്‍
മുംബൈ: കൊവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷം മകള്‍ മരിച്ചതിന് പിന്നാലെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയില്‍. ഔറംഗബാദ് സ്വദേശി ദിലീപ് ലുനാവത് ആണ് ആയിരം കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. വാക്സിന്റെ പാര്‍ശ്വഫലങ്ങളാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ സ്നേഹലിന്റെ മരണത്തിന് കാരണം എന്ന് പിതാവ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
മഹാരാഷ്ട്ര സര്‍ക്കാര്‍, വാക്സിന്‍ നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവരെ എതിര്‍ കക്ഷികളാക്കിക്കൊണ്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. പ്രതിരോധ വാക്സിന്റെ രണ്ടാമത്തെ ഡോസ് 2021 ജനുവരി 28 ന് എടുക്കുകയും, പാര്‍ശ്വഫലങ്ങള്‍ കാരണം മാര്‍ച്ച് ഒന്നിന് മരിക്കുകയും ചെയ്തതായി ഹര്‍ജിയില്‍ പറയുന്നു. എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്സിന്‍ നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മകള്‍ പ്രതിരോധ വാക്സിന്‍ സ്വീകരിച്ചത്.
വാക്സിന്‍ പൂര്‍ണ സുരക്ഷിതമാണെന്നും പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നും മകള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നുവെന്നും ദിലീപിന്റെ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടറുടെയും സര്‍ക്കാരിന്റെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് മകള്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചതെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.