26 C
Kottayam
Sunday, April 28, 2024

കണ്ണൂരിലെ തെരുവില്‍ അലഞ്ഞ് തിരിഞ്ഞ് നടന്ന തമിഴ് യുവാവിനെ ചോദ്യം ചെയ്ത പോലീസ് ഞെട്ടി

Must read

കണ്ണൂര്‍: തമിഴ്‌നാട്ടില്‍ നിന്ന് പതിനഞ്ച് വര്‍ഷം മുമ്പ് വീടുവിട്ടിറങ്ങിയ യുവാവിനെ കണ്ണൂരില്‍ കണ്ടെത്തി. തമിഴ്‌നാട് പാളയംകോട്ട് സ്വദേശി ഏഷ്യാറ്റിക് വേലായുധനെ (36) യാണ് ഒന്നര പതിറ്റാണ്ടിന് ശേഷം കണ്ടെത്തിയത്. എന്‍ജിനിയറിംഗ് ബിരുദം നേടിയ ശേഷം എംബിഎ പഠിക്കുന്നതിനായി ചെന്നൈയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിംഗ് ആന്‍ഡ് മാനേജ്‌മെന്റില്‍ വേലായുധന്‍ ചേര്‍ന്നു. ഇക്കാലയളവില്‍ തമിഴിലെ യുവതാരം ശിവകാര്‍ത്തികേയന്‍ ഇയാളുടെ സഹപാഠിയായിരുന്നു. എംബിഎക്ക് പഠിക്കുന്ന കാലയളവിലാണ് നാടുവിട്ടതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. നാടുവിടാന്‍ തീരുമാനിച്ച വേലായുധന്‍ കേരളത്തിലേക്ക് വണ്ടികയറുകയായിരുന്നു. ഭിക്ഷാടനം നടത്തിയും ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഭക്ഷണം കഴിച്ചും അലഞ്ഞുതിരിഞ്ഞു നടന്നു.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കറങ്ങിയ ശേഷം കഴിഞ്ഞയാഴ്ചയാണ് കണ്ണൂരിലെത്തിയത്. വിശപ്പ് രഹിത നഗരത്തിന്റെ ഭാഗമായി കണ്ണൂര്‍ ടൗണ്‍ പോലീസ് നടപ്പാക്കുന്ന ഭക്ഷണപൊതി വിതരണകേന്ദ്രത്തില്‍ ദിവസവുമെത്തി ഭക്ഷണവുമായി പോകുന്ന വേലായുധനെ ടൗണ്‍ സിഐ പ്രദീപന്‍ കണ്ണിപ്പൊയില്‍ ശ്രദ്ധിച്ചതോടെയാണ് കഥ മാറിയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പതിവ് പോലെ ഭക്ഷണപ്പൊതി എടുക്കാന്‍ ചെന്ന വേലായുധനെ പോലീസുകാര്‍ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.

തുടര്‍ന്ന് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് 15 വര്‍ഷം മുമ്പ് നാടുവിട്ട കഥ പോലീസിനോട് പറഞ്ഞത്. എന്‍ജിനിയറിംഗും എംബിഎ ബിരുദവും നേടിയതായി ഇയാള്‍ അവകാശപ്പെടുന്നു. തുടര്‍ന്ന് ടൗണ്‍ പോലീസ് ചെന്നൈ പോലീസുമായി ബന്ധപ്പെട്ടു. ഇയാള്‍ 15 വര്‍ഷം മുമ്പ് നാടുവിട്ടതാണെന്ന് പോലീസ് അറിയിച്ചു. ചെന്നൈ പോലീസ് വേലായുധന്റെ ബന്ധുക്കളെ വിവരമറിയിച്ചു. വ്യാഴാഴ്ചയോടെ ബന്ധുക്കള്‍ കണ്ണൂരിലെത്തും. ബന്ധുക്കള്‍ എത്തുന്നതുവരെ ചൊവ്വ പ്രത്യാശഭവനില്‍ വേലായുധനെ പാര്‍പ്പിച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week