അവസരങ്ങള്‍ കിട്ടാന്‍ അഭിനയിക്കാന്‍ മാത്രം അറിഞ്ഞാല്‍ പോരാ; വെളിപ്പെടുത്തലുമായി യാമി ഗൗതം
മുംബൈ: ബോളിവുഡില്‍ തനിക്ക് നേരിടേണ്ടിവന്ന വിവേചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി യാമി ഗൗതം. വെള്ളിത്തിരയിലെ മിന്നും താരമായി നില്‍ക്കുമ്പോഴും സിനിമാ മേഖലയില്‍ നിന്ന് തനിക്ക് അവഗണന നേരിടേണ്ടി വന്നിട്ടുണ്ടെന്ന് യാമി ഗൗതം പറയുന്നു. ബോളിവുഡില്‍ അവസരങ്ങള്‍ തേടിയെത്തണമെങ്കില്‍, നന്നായി അഭിനയിച്ചാല്‍ മാത്രം പോരെന്നതാണ് അവസ്ഥയെന്നും താരം വ്യക്തമാക്കി.
ഇപ്പോള്‍ ഒരു അഭിമുഖത്തില്‍, ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രശസ്തയായ ഒരു സെലിബ്രിറ്റി മാനേജര്‍ പറഞ്ഞ വാക്കുകള്‍ പങ്കുവെക്കുകയാണ് യാമി. യാമിയുടെ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. ബോളിവുഡിലെ പാര്‍ട്ടികളിലും മറ്റും സ്ഥിരമായി പങ്കെടുക്കണമെന്നും എന്നാല്‍ മാത്രമേ, സിനിമാ ലോകം തന്നെ ശ്രദ്ധിക്കുകയുള്ളൂവെന്നും സൂപ്പര്‍ താരത്തിന്റെ മാനേജര്‍ പറഞ്ഞതായി യാമി വ്യക്തമാക്കി.
‘ദിവസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഒരു മീറ്റിംഗിനായി നേരത്തെ എത്തുകയുണ്ടായി. അവിടെ ഞാനൊരു സൂപ്പര്‍ താരത്തിന്റെ മാനേജരെ കണ്ടു. വളരെ സീനിയറായ അവരോട് ഞാന്‍ സംസാരിച്ചു. സംസാരിക്കുന്നതിനിടെ അവര്‍ എന്നോട് ചോദിച്ചു, എന്തുകൊണ്ടാണ് എന്നെ പാര്‍ട്ടികളില്‍ കാണാത്തതെന്ന്. അത്തരം ഇടങ്ങളില്‍ എത്തണമെന്ന് അവര്‍ എന്നെ നിര്‍ബന്ധിച്ചു. എന്താണ് അതിലിത്ര വലിയ കാര്യമെന്ന് എനിക്ക് മനസിലായില്ല.
എന്നാല്‍, എന്നെ കാണാതെ ഞാന്‍ വന്നതായി അംഗീകരിക്കില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. നല്ലൊരു സിനിമയിലൂടെ വന്നുവെന്നാണ് ഞാന്‍ കരുതുന്നതെന്ന് അവരോട് മറുപടി പറഞ്ഞു. അതേസമയം, നെറ്റ് വര്‍ക്കുണ്ടാക്കണമെന്നും എല്ലായിടത്തും എത്തണമെന്നുമാണ് അവര്‍ പറഞ്ഞത്’.