ബി.ജെ.പി സ്ഥാനാര്‍ത്ഥിയായതോടെ സിനിമാ രംഗത്ത് മക്കളുടെ അവസരങ്ങള്‍ നഷ്ടമായിത്തുടങ്ങി; കൃഷ്ണ കുമാര്‍

തിരുവനന്തപുരം: ബി.ജെ.പി സ്ഥാനാര്‍ത്ഥിയായതോടെ സിനിമാ രംഗത്ത് മക്കളുടെ അവസരങ്ങള്‍ നഷ്ടമായിത്തുടങ്ങിയെന്ന് നടന്‍ കൃഷ്ണകുമാര്‍. രാഷ്ട്രീയം വ്യക്തമാക്കിയതിന് പിന്നാലെ സൈബര്‍ ആക്രമണത്തിനും ഇരയായി. തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും അഭിനയരംഗത്ത് സജീവമാകാനൊരുങ്ങുകയാണ് കൃഷ്ണകുമാര്‍.

അപ്രതീക്ഷിതമായാണ് തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി കൃഷ്ണകുമാര്‍ എത്തിയത്. രാഷ്ട്രീയം വ്യക്തമാക്കിയതോടെ സിനിമ രംഗത്ത് മക്കള്‍ക്ക് അവസരങ്ങള്‍ കുറഞ്ഞതായും കൃഷ്ണകുമാര്‍ പറയുന്നു. ഡേറ്റുകള്‍ മാറുകയും സിനിമകള്‍ നഷ്ടമാവുകയും ചെയ്തു. തനിക്ക് മാത്രമല്ല കുടുംബത്തിനും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകേണ്ടി വന്നു.

തെരഞ്ഞെടുപ്പിനിടയില്‍ മുടങ്ങിയ സീരിയലുകളുടെ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി വീണ്ടും അഭിനയരംഗത്തെ തിരക്കുകളിലേക്ക് കടക്കുകയാണ് അദ്ദേഹം പറഞ്ഞു. ആക്രമിക്കപ്പെട്ടവര്‍ ഉയരുമെന്നും മെയ് 2 തനിക്ക് അനുകൂലമാണെന്ന പ്രതീക്ഷയും കൃഷ്ണകുമാര്‍ വ്യക്തമാക്കുന്നു.