കൊവിഡ് രണ്ടാം തരംഗം കൂടുതലും ബാധിക്കുന്നത് കുട്ടികളെ

ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ചെറുപ്പക്കാരെയും കുട്ടികളെയും കൂടുതലായും ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ പ്രായമായവരെയും മറ്റ് രോഗങ്ങളുള്ളവരെയുമാണ് രോഗം പെട്ടെന്ന് ബാധിച്ചിരുന്നെങ്കില്‍ രണ്ടാം തരംഗത്തില്‍ ഇതിനു മാറ്റംവന്നിരിക്കുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്.

അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിലായി 79,688 കുട്ടികള്‍ക്കാണ് രോഗം ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നില്ല. യു.കെയില്‍ കുട്ടികള്‍ക്ക് ആസ്ട്രാസെനെക്ക വാക്‌സിന്‍ നല്‍കിയിരുന്നു. എന്നാല്‍ ആസ്ട്രാസെനെക്ക വാക്‌സിന്‍ സ്വീകരിച്ചവരില്‍ രക്തം കട്ടപിടിച്ച് മരണം ഉണ്ടായതായി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കുട്ടികളിലെ വാക്‌സിനേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.

മഹാരാഷ്ട്രയില്‍ മാര്‍ച്ച് ഒന്നിനും ഏപ്രില്‍ നാലിനും ഇടയില്‍ 60,684 കുട്ടികള്‍ക്ക് കൊവിഡ് ബാധിച്ചിരിന്നു. ഈ കുട്ടികളില്‍ 9,882 പേര്‍ അഞ്ച് വയസിന് താഴെയുള്ളവരാണ്. ഛത്തീസ്ഗഡില്‍ 5,940 കുട്ടികളെയാണ് രോഗം ബാധിച്ചത്. അവരില്‍ 922 പേര്‍ അഞ്ച് വയസിന് താഴെയുള്ളവരാണ്. കര്‍ണാടകയില്‍ 7,327 ഉം 871 ഉം ആണ്. ഉത്തര്‍പ്രദേശില്‍ 3,004 കുട്ടികള്‍ രോഗബാധിതരാണ്. 471 പേര്‍ അഞ്ച് വയസിന് താഴെയുള്ളവരാണ്.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഡല്‍ഹിയില്‍ 2,733 കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചു. ഇതില്‍ 441 പേര്‍ അഞ്ച് വയസിന് താഴെയുള്ളവരാണ്. കുട്ടികളില്‍ പ്രതിരോധ ശേഷി കുറവായതിനാലും മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയവ കൃത്യമായി പാലിക്കാന്‍ കഴിയാത്തതും കോവിഡ് വേഗം ബാധിക്കാന്‍ ഇടയാക്കുന്നു. വകഭേദംവന്ന വൈറസ് വളരെ വേഗം പടരുന്നവയാണ്. മാത്രമല്ല അവ സൂപ്പര്‍ സ്‌പ്രെഡറുകളായി മാറുകയും ചെയ്യുന്നു.