നവ്യ ഉടുത്ത സാരിവിറ്റതെന്തിന്?വിമര്‍ശകര്‍ക്ക് മറുപടിയുമായി താരം
കൊച്ചി:ഉപയോഗിച്ച സാരികൾ ഇൻസ്റ്റഗ്രാം പേജിലൂടെ വിറ്റതിന് നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതികരണവുമായി നടി നവ്യ നായർ. തന്റെ സാരികൾ വിറ്റുകിട്ടിയ പണമുപയോഗിച്ച് ഗാന്ധിഭവനിലെ കുടുംബാംഗങ്ങൾക്ക് പുതുവസ്ത്രങ്ങൾ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു താരം.
പ്രീലവ്ഡ് നവ്യ നായർ’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് തന്റെ വിലപിടിപ്പുള്ള സാരികൾ കുറഞ്ഞ വിലയ്ക്ക് നവ്യ വിൽക്കുന്നത്. സാരികൾ വിറ്റു ലഭിച്ച മുഴുവൻ തുകയും ഗാന്ധിഭവനിലെ ആയിരത്തിലധികം അന്തേവാസികൾക്ക് സഹായമായി നൽകിയിക്കുകയാണ് നവ്യ.
കുടുംബത്തോടൊപ്പം കൈനിറയെ സമ്മാനങ്ങളുമായാണ് നടി എത്തിയത്. ഗാന്ധിഭവൻ സ്‌പെഷ്യൽ സ്‌കൂളിന് ഒരുലക്ഷം രൂപയും താരം നൽകി. ‘സ്നേഹത്തിന്റെ, നന്മയുടെ, ചേർത്ത് പിടിക്കലിന്റെ, കരുണയുടെ, സാന്ത്വനത്തിന്റെ ‘ഉയിർപ്പു’കളാവട്ടെ ലോകമെങ്ങും’ എന്ന അടിക്കുറിപ്പോടെ ഗാന്ധിഭവൻ സന്ദർശിച്ചതിന്റെ വീഡിയോയും നടി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.
സാരി വിറ്റതിന് വിമർശിച്ചവരോട് പരാതിയില്ലെന്ന് നവ്യ പറഞ്ഞു. സാരി വിൽപന പണത്തോടുള്ള ആർത്തികൊണ്ടാണ് എന്നടക്കം താരം വിമർശനം ഏറ്റുവാങ്ങിയിരുന്നു. ‘പല സാഹചര്യങ്ങൾ കൊണ്ടായിരിക്കാം ഈ അച്ഛനമ്മമാർ ഇവിടെ എത്തിപ്പെട്ടിട്ടുണ്ടാവുക. പൂർണമായി ആരെയും കുറ്റം പറയാൻ സാധിക്കില്ല.
എല്ലാ തെറ്റിനും ശരിക്കും അപ്പുറം നമുക്ക് മനസിലാക്കാൻ കഴിയാത്തവയും ഉണ്ട്. അതുകൊണ്ടുതന്നെ ആരെയും കുറ്റപ്പെടുത്തിയില്ലെങ്കിലും അഭിനന്ദിക്കാനും സ്‌നേഹിക്കാനും നമുക്ക് പറ്റുമല്ലോ.
സാരിയുടെ കാര്യം പറഞ്ഞപ്പോൾ ആദ്യം ചിന്തിച്ചത് ജനങ്ങളുടെ അഭിപ്രായമാണ്. ഇവിടെ കൊണ്ടുവന്ന എല്ലാം എന്നോടുള്ള ഇഷ്ടം കൊണ്ട് ജനങ്ങൾ സമ്മാനിച്ചതാണ്. ഇനിയും അതിൽ നിന്ന് എന്തുകിട്ടിയാലും ഇവിടെ കൊണ്ടുവരും’- നവ്യ പറഞ്ഞു.ഒരിക്കൽ ധരിച്ചതോ അല്ലെങ്കിൽ വാങ്ങിയിട്ടും ഉടുക്കാതെ പോയതോ ആയ സാരികളാണ് താരം വിൽപനയ്ക്ക് വച്ചത്.
ചിലതിനൊപ്പം ബ്ലൗസും ഉണ്ട്. ഇതിന്റെ വിലയും അടിക്കുറിപ്പായി നൽകിയിട്ടുണ്ട്. ലിനൻ സാരികൾക്ക് 2500 രൂപയും കാഞ്ചീപുരം സാരികൾക്ക് 4600 രൂപ വരെയും ബനാറസ് സാരികൾക്ക് 4500 രൂപ തൊട്ടുമാണ് വില. ഷിപ്പിംഗ് ചാർജും നൽകണം.