KeralaNews

രഞ്ജിത്തിന് പകരക്കാരന്‍ ആര്: ഒരു സ്ത്രീ വരണമെന്ന ആവശ്യം ശക്തം, താല്‍ക്കാലിക ചുമതല പ്രേംകുമാറിന്

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് രഞ്ജിത്തിന് പകരക്കാരനെ ഉടന്‍ നിയമിച്ചേക്കില്ല. വൈസ് ചെയർമാനായ നടന്‍ പ്രേംകുമാറിന് ചയർമാന്റെ അധിക ചുമതല കൂടി നല്‍കി തല്‍ക്കാലം പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം. ഡിസംബറില്‍ നടക്കുന്ന ഐ എഫ് എഫ് കെയ്ക്ക് മുന്നോടിയായി മാത്രമായിരിക്കും പുതിയ ചെയർമാനെ നിയമിക്കുക.

ബം​ഗാളി നടിയായ ശ്രീലേഖ മിത്രയുടെ ലൈംഗികാരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്നും രാജിവെച്ചത്. തുടക്കത്തില്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും രാജിക്കായുള്ള മുറവിളി ഉയർന്നതോടെ അദ്ദേഹം പദവി ഒഴിയുകയായിരുന്നു. ഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോള്‍ തനിക്ക് ദുരനുഭവം ഉണ്ടായെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

അതിനിടെ ചലച്ചിത്ര അധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിതയെ നിയമിക്കണമെന്ന ആവശ്യവുമായി കേരളത്തിലെ സ്ത്രീപക്ഷ പ്രവർത്തകർ രംഗത്ത് വന്നിട്ടുണ്ട്. ഇത് സംബന്ധിച്ച ഒരു തുറന്ന നിവേദനവും അവർ മുഖ്യമന്ത്രിക്ക് നല്‍കി. ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് യോഗ്യയായ ഒരു സ്ത്രീയെ നിയമിച്ചുകൊണ്ട് മാതൃക കാണിക്കാൻ കേരള സർക്കാർ തയ്യാറാവണം. 'ഇടതുപക്ഷം സ്ത്രീപക്ഷം' എന്നത് ആലങ്കാരികമായ ഒരു മുദ്രാവാക്യമാകേണ്ടതല്ലെന്നും നിവേദനത്തില്‍ പറയുന്നു.

ബഹുമാനപ്പെട്ട കേരള മുഖ്യ മന്ത്രിയ്ക്ക് വിഷയം – ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ നിയമനം.

സർ,

ഹേമകമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മലയാള സിനിമാമേഖലയിലെ സ്ത്രി വിവേചനങ്ങളെക്കുറിച്ച് വളരെ വലിയ ചർച്ചകൾ ഉയർന്നു വന്നിരിക്കുന്ന സമയമാണല്ലോ.

ധാരാളം സ്ത്രീകൾ ജോലി ചെയ്യുന്നതും , വിവിധ തരത്തിൽ ചൂഷണങ്ങളും സ്ത്രീ വിവേചനങ്ങളും നിലനിൽക്കുന്നതുമായ ഒരു തൊഴിലിടമാണ് മലയാള ചലച്ചിത്ര മേഖല എന്ന് കൂടുതൽ വ്യക്തമായിരിക്കുകയാണ്‌ . ഹേമ കമ്മറ്റി റിപ്പോർട്ടിലെ പരാമർശങ്ങളെത്തുടർന്ന് പല പ്രമുഖർക്കെതിരേയും ആരോപണങ്ങൾ ഉയർന്നു വരുമ്പോൾ മുഖ്യമന്ത്രിയെന്ന നിലയിൽ താങ്കൾ പ്രശ്നങ്ങൾ ശരിയായി മനസിലാക്കുകയും ഇത്തരം അക്രമങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് നാളിതുവരെയും ഒരു സ്ത്രീയെ പരിഗണിച്ചിട്ടില്ല എന്നത് ഒരു യാഥാർഥ്യമാണ്‌ . വീഴ്ചകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പിഴവുകൾ തിരുത്തേണ്ട സമയമാണിത്. ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് യോഗ്യയായ ഒരു സ്ത്രീയെ നിയമിച്ചുകൊണ്ട് മാതൃക കാണിക്കാൻ കേരള സർക്കാർ തയ്യാറാവണം. 'ഇടതുപക്ഷം സ്ത്രീപക്ഷം' എന്നത് ആലങ്കാരികമായ ഒരു മുദ്രാവാക്യമാകേണ്ടതല്ല; പ്രാവർത്തികമാക്കേണ്ട ഒരു ആദർശമാണ്.

ആയതിനാൽ മലയാള ചലച്ചിത്ര ലോകത്തെ സ്ത്രീവിരുദ്ധതയും ചൂഷണവും അവസാനിപ്പിക്കുന്നതിൻ്റെ ആദ്യത്തെ ചുവടുവയ്പെന്ന നിലയിൽ ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഒരു സ്ത്രീയെ നിയോഗിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ശക്തരായ സ്ത്രീ നേതാക്കൾക്ക് ഒട്ടും കുറവില്ലാത്ത നാടാണ് നമ്മുടേത്. രാഷ്ട്രീയ രംഗത്ത് മാത്രമല്ല ഇതര സാമൂഹ്യമേഖലകളിലും സാംസ്‌കാരിക, കായിക രംഗങ്ങളിലും സ്ത്രീകളുടെ സംഭാവനകൾ അതുല്യവും അവഗണിക്കാനാവാത്തതുമാണ്.

ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ സ്ഥാനത്തേക്ക് കഴിവും പ്രതിബദ്ധതയും ജെൻഡർ സെൻസിറ്റിവിറ്റിയുമുള്ള ഒരു സ്ത്രീയെ നിയമിക്കണമെന്ന് കേരളത്തിലെ സ്ത്രീപക്ഷ പ്രവർത്തകരായ ഞങ്ങൾ ആവശ്യപ്പെടുന്നു .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker