ജയസൂര്യ, മുകേഷ്, മണിയന്‍പിള്ള, ഇടവേള ബാബു: നടന്മാർക്കെതിരെ നടി മിനു കുര്യന്റെ ഗുരുതര വെളിപ്പെടുത്തല്‍
കൊച്ചി: മലയാളത്തിലെ പ്രമുഖരായ നാല് നടന്മാരില്‍ നിന്നുള്‍പ്പെടെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്ന് പറഞ്ഞ് നടി മിനു കുര്യന്‍. നടനും എം എല്‍ എയുമായ മുകേഷ്, താരസംഘടനയായ അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, ജയസൂര്യ, മണിയന്‍പിള്ള രാജു എന്നിവരില്‍ നിന്നും ശാരീരികമായും വാക്കാലുമുള്ള അത്രിക്രമം നേരിട്ടുവെന്നാണ് മിനു കുര്യന്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തുന്നത്.
നടന്‍മാർക്ക് പുറമെ അഡ്വ.ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരിൽ നിന്നും അതിക്രമം നേരിട്ടുവെന്നും നടി വ്യക്തമാക്കുന്നുണ്ട്. 2013 ലാണ് താരങ്ങളില്‍ നിന്നും ദുരനുഭവമുണ്ടായത്. ഒരു സിനിമയുടെ പ്രവർത്തനങ്ങളുടെ ഭാഗമായിരിക്കെയായിരുന്നു ഇത്. സിനിമയുമായി പരമാവധി മുന്നോട്ട് പോകാന്‍ ശ്രമിച്ചിട്ടും അതിക്രമം സഹിക്കാന്‍ സാധിക്കാതെ മലയാള സിനിമ മേഖല തന്നെ ഉപേക്ഷിച്ച് പോകേണ്ടി വന്നു. ഇക്കാര്യം അന്ന് തന്നെ പറഞ്ഞിരുന്നുവെന്നും താരം കൂട്ടിച്ചേർക്കുന്നു.
‘മുകേഷ്, മണിയൻ പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ, അഡ്വ ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരിൽ നിന്ന് മലയാള സിനിമയിൽ എനിക്ക് നേരിടേണ്ടി വന്ന ശാരീരികവും വാക്കാലുള്ളതുമായ പീഡനങ്ങളുടെ ഒരു പരമ്പര റിപ്പോർട്ട് ചെയ്യാനാണ് ഞാൻ എഴുതുന്നത്.’ മിനു കുര്യന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
2013-ൽ, ഒരു പ്രോജക്റ്റിൽ ജോലി ചെയ്യുന്നതിനിടയിൽ ഈ വ്യക്തികളിൽ നിന്ന് എന്നെ ശാരീരികമായും വാക്കാലുള്ള അധിക്ഷേപത്തിനും ഇവർ വിധേയയാക്കി. പരമാവധി ശ്രമിച്ചുകൊണ്ട് തന്നെ ഞാന്‍ ജോലിയിൽ തുടരാന്‍ ശ്രമിച്ചു, പക്ഷേ ദുരുപയോഗം അസഹനീയമായിരുന്നു.
തൽഫലമായി, മലയാള സിനിമാ വ്യവസായം ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറ്റാൻ ഞാൻ നിർബന്ധിതനായി. കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച “അഡ്ജസ്റ്റ്‌മെൻ്റുമായി സഹകരിക്കാൻ കഴിയാതെ മിനു മലയാള സിനിമ മേഖല വിട്ടു” എന്ന ലേഖനത്തിൽ ഞാൻ ഈ ദുരുപയോഗത്തിനെതിരെ തുറന്ന് സംസാരിച്ചിരുന്നുവെന്നും മിനു കുര്യന്‍ കൂട്ടിച്ചേർക്കുന്നു.