KeralaNews

'ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചു, വീട്ടിലേക്ക് ക്ഷണിച്ചു'; ഗുരുതര ആരോപണവുമായി ജൂനിയർ ആർട്ടിസ്‌റ്റ്

കൊച്ചി: നടൻ ബാബുരാജിനെതിരെ ഗുരുതര ആരോപണവുമായി ജൂനിയർ ആർട്ടിസ്‌റ്റ് രംഗത്ത്. ബാബുരാജ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും ആലുവയിലെ വീട്ടിലേക്ക് ക്ഷണിച്ചുവെന്നുമാണ് വെളിപ്പെടുത്തൽ. സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞായിരുന്നു ലൈംഗിക ചൂഷണം എന്നാണ് ജൂനിയർ ആർട്ടിസ്‌റ്റിന്റെ ആരോപണം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ഇത്തരം വെളിപ്പെടുത്തലുകളുമായി രംഗത്ത് വരുന്നത്.

തന്നെ കൂടാതെ വേറെയും പെൺകുട്ടികൾ ബാബുരാജിന്റെ കെണിയിൽ പെട്ടിട്ടുണ്ടെന്നാണ് ഇരയായ ജൂനിയർ ആർട്ടിസ്‌റ്റിന്റെ വെളിപ്പെടുത്തൽ. ഇയാൾ ആലുവയിലെ വീട്ടിലേക്ക് വരാൻ തന്നോട് ആവശ്യപ്പെട്ടുവെന്നും വെളിപ്പെടുത്തലിൽ പറയുന്നുണ്ട്. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജോയിന്റ് സെക്രട്ടറിയാണ് നടൻ ബാബുരാജ്.

'നേരിട്ട് കണ്ട് സംസാരിച്ച ശേഷം നമുക്ക് നല്ല റോൾ തിരഞ്ഞെടുക്കാം എന്നായിരുന്നു എന്നോട് പറഞ്ഞത്. അവിടെ വച്ചാണ് അദ്ദേഹം എന്നെ ലൈംഗികമായി പീഡിപ്പിച്ചത്. അത് മാനസികമായി തളർത്തിയിരുന്നു. ഞാൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീട്ടിലെ കുട്ടിയാണ്. ഒരുപാട് പെൺകുട്ടികൾ ഇയാളുടെ കെണിയിൽ വീണിട്ടുണ്ട്. സംവിധായകൻ അവിടെയുണ്ടെന്ന് വിശ്വസിപ്പിച്ചാണ്‌ എന്നെ അങ്ങോട്ട് കൊണ്ട് പോയത്' ജൂനിയർ ആർട്ടിസ്‌റ്റ് 24 ന്യൂസിനോട് പറഞ്ഞു.

പ്രമുഖ പരസ്യ ചിത്ര സംവിധായകനും ഒടിയൻ എന്ന സിനിമയുടെ സംവിധായകനുമായ ശ്രീകുമാർ മേനോന് എതിരെയും ഇതേ പെൺകുട്ടി ആരോപണം ഉന്നയിച്ചു. 'ബാബുരാജ് ചെയ്‌തത്‌ പോലെ തന്നെയാണ് ശ്രീകുമാർ മേനോനും എന്നോട് ചെയ്‌തത്‌. എറണാകുളം ക്രൗൺ പ്ലാസയിലേക്ക് എന്നെ വിളിച്ചു വരുത്തുകയായിരുന്നു. ചർച്ച കഴിഞ്ഞ ശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കാം എന്നായിരുന്നു പറഞ്ഞിരുന്നത്' ഈ രണ്ട് സംഭവങ്ങളും മാനസികമായി തളർത്തിയെന്നും പെൺകുട്ടി വ്യക്തമാക്കി.

ജനറൽ സെക്രട്ടറിയായ സിദ്ദിഖ് ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് രാജിവച്ചതിന് പിന്നാലെയാണ് സഹ ഭാരവാഹിയായ ബാബുരാജിന് എതിരെയും സമാനമായ പരാതി ഉയരുന്നത്. സിദ്ദിഖിന്റെ അഭാവത്തിൽ ബാബുരാജ് സെക്രട്ടറിയുടെ താൽകാലിക ചുമതല വഹിക്കുമെന്ന അഭ്യൂഹങ്ങൾ നേരത്തെ ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം പുറത്തുവന്നിരുന്നില്ല, അതിനിടെയാണ് പുതിയ ആരോപണം.

കൂടുതൽ താരങ്ങൾക്ക് എതിരെ ആരോപണം ഉയർന്നതോടെ അമ്മ പ്രതിരോധത്തിൽ ആവുകയാണ്. നേരത്തെ ജയസൂര്യ, മണിയൻപിള്ള രാജു, മുകേഷ്, ഇടവേള ബാബു എന്നിവർക്ക് എതിരെ ആരോപണവുമായി നടി മിനു കുര്യൻ രംഗത്ത് വന്നിരുന്നു. സിദ്ദിഖിനെതിരെ യുവ നടിയുടെ പരാതിയും നിലവിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker