ന്യൂഡൽഹി∙ വെസ്റ്റ് ഡൽഹി കരോൾബാഗിനു സമീപം രാജേന്ദ്ര നഗറിലെ റാവൂസ് ഐഎഎസ് പരിശീലനകേന്ദ്രത്തില്‍ അപ്രതീക്ഷിതമായി വെള്ളം ഇരച്ചുകയറി മരിച്ച മൂന്നു വിദ്യാർഥികളിൽ മലയാളിയും. ജെഎൻയുവിലെ ഗവേഷക വിദ്യാർഥിയായ എറണാകുളം സ്വദേശി നെവിൻ ഡാൽവിനാണ് മരിച്ചത്. നെവിനു പുറമേ ഉത്തർപ്രദേശ്, തെലങ്കാന സ്വദേശികളായ രണ്ടു വിദ്യാർഥിനികളും മരിച്ചു. ഡൽഹി പൊലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സംഭവത്തിൽ കനത്ത പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ എഎപി എംപി സ്വാതി മലിവാളിനു നേരെ വിദ്യാർഥികൾ പ്രതിഷേധം ഉയർത്തി. സ്വാതിക്കെതിരെ ‘ഗോ ബാക്ക്’ മുദ്രാവാക്യങ്ങൾ ഉയർന്നു. കോച്ചിങ് സെന്ററിൽ നടന്നത് അപകടമാണോ എന്ന് ആവർത്തിച്ചു ചോദിച്ച വിദ്യാർഥികളോട് അത് കൊലപാതമാണെന്ന് സ്വാതി പറഞ്ഞു. അപ്പോൾ കൊലപാതകത്തിന് ആരാണ് ഉത്തരവാദികൾ എന്ന് വിദ്യാർഥികൾ തിരിച്ചുചോദിച്ചു. മരണത്തിന്റെ ഉത്തരവാദിത്തം സംബന്ധിച്ച് വാക്കേറ്റം ഉയർന്നു. നിലവിൽ സംഭവസ്ഥലത്ത് കുത്തിയിരിക്കുന്ന സ്വാതിയോട് വിദ്യാർഥികൾ സംസാരിക്കുകയാണ്.
Old Rajender Nagar Incident | Three students who lost their lives after the basement of the institute was filled with water yesterday were residents of Kerala, Telangana and UP. All bodies have been sent to RML mortuary." Delhi Police
— ANI (@ANI) July 28, 2024
ശനിയാഴ്ച രാത്രിയിൽ പെയ്ത കനത്ത മഴയിൽ ഐഎഎസ് പരിശീലനകേന്ദ്രത്തിന്റെ താഴത്തെ നിലയില്‍ വെള്ളക്കെട്ട് ഉണ്ടായതാണ് അപകടകാരണം. ഇവിടെ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന മൂന്നു വിദ്യാർഥികളാണ് മരിച്ചത്. സംഭവസ്ഥലത്തെത്തിയ ദുരന്ത നിവാരണ സേനയാണ് കുടുങ്ങിക്കിടന്ന മറ്റു വിദ്യാർഥികളെ രക്ഷപ്പെടുത്തിയത്. മഴയെ തുടർന്ന് ഓടയിലും റോഡിലുമുണ്ടായ വെള്ളം ബേസ്മെന്റിലെ ലൈബ്രറിയിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു. ബേസ്മെന്റ് മുഴുവനായി വെള്ളത്തിൽ മുങ്ങി. ഇവിടെയിരുന്ന് പഠിക്കാനെത്തിയ വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. സംഭവത്തിൽ മന്ത്രി അതിഷി അന്വേഷണത്തിന് ഉത്തരവിട്ടു.