FeaturedHome-bannerInternationalNews

ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ ആക്രമണം: ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: പേജർ, വാക്കിടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെ ലെബനനിൽ വീണ്ടും ആക്രമണവുമായി ഇസ്രായേൽ. ലെബനനിലെ സായുധ സംഘമായ ഹിസ്ബുള്ളയുടെ ഉന്നത കമാൻഡറെ ഇസ്രായേൽ വ്യോമാക്രമണത്തിൽ വധിച്ചു. ഹിസ്ബുള്ളയുടെ സ്പെഷ്യൽ ഓപ്പറേഷൻ യൂണിറ്റായ റെദ്വാൻ ഫോഴ്സിൻ്റെ ആക്ടിങ് കമാൻഡർ ഇബ്രാഹിം ആഖിൽ ആണ് കൊല്ലപ്പെട്ടത്. യൂണിറ്റിലെ മറ്റ് മുതിർന്ന കമാൻഡർമാരും കൊല്ലപ്പെട്ടു. തലസ്ഥാനമായ ബെയ്റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശത്ത് നടത്തിയ ആക്രമണത്തിലാണ് സംഭവം.

വ്യോമാക്രമണത്തിൽ ഒൻപതുപേർ കൊലപ്പെട്ടെന്നും 59 പേർക്ക് പരിക്കേറ്റെന്നുമാണ് ലെബനൻ ആരോഗ്യമന്ത്രാലയത്തിൻ്റെ പ്രാഥമിക കണക്ക്. റെദ്വാൻ യൂണിറ്റിൻ്റെ യോഗം നടക്കവെയാണ് ആക്രമണമുണ്ടായതെന്നാണ് ലെബനൻ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള രാജ്യാന്തര ഏജൻസിയായ റോയിറ്റേഴ്സിൻ്റെ റിപ്പോർട്ട്. ലെബനനിൽ 1983ൽ നാവികർക്ക് നേരെയുണ്ടായ മാരകമായ ബോംബാക്രമണത്തിലെ പങ്കിൽ യുഎസ് ആഖിലിൻ്റെ തലയ്ക്ക് ഏഴ് മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഹിസ്ബുള്ളയുടെ പക്കലുണ്ടായിരുന്ന പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ 37 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇസ്രായേൽ ചാരസംഘടനയായ മൊസാദും ഇസ്രായേൽ സൈന്യവുമാണ് സ്ഫോടനത്തിന് പിന്നിലെന്ന ആരോപണം ശക്തമാകവെയാണ് ഇപ്പോഴത്തെ ആക്രമണം.

പേജർ, വാക്കിടോക്കി സ്ഫോടനങ്ങളിൽ ഉത്തരവാദം ഏറ്റെടക്കാനോ ആരോപണം നിഷേധിക്കാനോ ഇസ്രായേൽ തയ്യാറായിട്ടില്ലെങ്കിലും ഇപ്പോഴത്തെ ആക്രമണം ഇസ്രായേൽ സ്ഥിരീകരിച്ചിട്ടുണ്ട്. ബെയ്റൂട്ടിൽ ലക്ഷ്യവെച്ചുള്ള ആക്രമണം നടത്തിയെന്ന ഒറ്റവരിയിലാണ് ഇസ്രായേലിന്റെ പ്രതികരണം. ആക്രമണത്തിന് പിന്നാലെ വടക്കൻ ഇസ്രായേൽ കേന്ദ്രീകരിച്ചു ഹിസ്ബുള്ള തിരിച്ചടി തുടങ്ങി. വടക്കൻ ഇസ്രായേലിലേക്ക് വലിയ റോക്കറ്റുകളുടെ വർഷിക്കുന്നുവെന്നാണ് ഇസ്രായേൽ സൈന്യത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. വടക്കൻ ഇസ്രായേലിലെ പ്രധാന ഇൻ്റലിജൻസ് ഹെഡ്ക്വാർട്ടേഴ്സ് ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഹിസ്ബുള്ള സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം വ്യോമാക്രമണത്തിൽ തകർന്നുവീണ കെട്ടിടങ്ങൾക്ക് അടിയിൽ കുടുങ്ങിയവർക്കായി തെരച്ചിൽ തുടരുകയാണ്. ഇക്കഴിഞ്ഞ ജൂലൈയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള ഉന്നത മിലിറ്ററി കമാൻഡർ ഫുവാദ് ഷുക്ർ കൊല്ലപ്പെട്ടിരുന്നു. 2006 മുതലാരംഭിച്ച ഇസ്രായേൽ – ഹിസ്ബുള്ള സംഘ‍ർഷം, ഇസ്രായേൽ – ഹമാസ് യുദ്ധത്തോടെയാണ് വഷളായത്.

ഇസ്രായേൽ – ഹിസ്ബുള്ള സംഘർഷം കൂടുതൽ വഷളാകുന്ന സാഹചര്യത്തിൽ പൗരന്മാ‍ർ ലെബനനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യുഎസ് നിർദേശം നൽകിയിട്ടുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടുത്തയാഴ്ച ന്യൂയോ‍ർക്കിലെ യുഎൻ ജനറൽ അസംബ്ലിയിൽ എത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker