26.1 C
Kottayam
Monday, April 29, 2024

മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടി,യുകെയില്‍ വിസ നിയമങ്ങള്‍ കര്‍ശനമാക്കി

Must read

ലണ്ടന്‍: വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള  വിസ നിയമങ്ങള്‍ കര്‍ശനമാക്കി യു.കെ. വിദേശ വിദ്യാര്‍ത്ഥികള്‍ ആശ്രിത വിസയില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണമാണ് പ്രാബല്യത്തിലായത്. പോസ്റ്റ് ഗ്രാജ്വേറ്റ് റിസര്‍ച്ച് കോഴ്‌സുകളോ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുള്ള കോഴ്‌സുകളോ പഠിക്കാനെത്തുന്നവര്‍ക്കു മാത്രമേ ഇനി കുടുംബാംഗങ്ങളെ കൊണ്ടുവരാനാകൂ.

ബ്രിട്ടീഷ് സര്‍വകലാശാലകളില്‍ ചേരുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള കര്‍ശനമായ വിസ നിയമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്ന് പറയപ്പെടുന്നു. പുതിയ ചട്ടങ്ങള്‍ ഈ മാസം മുതല്‍ പ്രാബല്യത്തില്‍ വരും. ‘ഇന്ന് മുതല്‍, ഭൂരിഭാഗം വിദേശ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കും കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരാന്‍ കഴിയില്ല’ സോഷ്യല്‍ മീഡിയയിലൂടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചു.

അതിനിടെ ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള കനേഡിയൻ സ്റ്റഡി പെർമിറ്റ് അപേക്ഷകള്‍ ഈ വര്‍ഷം വളരെ വലിയ തോതില്‍ കുറഞ്ഞതായി റിപ്പോർട്ട്. വിസ അപേക്ഷകള്‍ 40% കുറഞ്ഞുവെന്നാണ് സമീപകാലത്ത് പുറത്ത് വന്ന ചില വിവരങ്ങള്‍ കാണിക്കുന്നത്. 2022 ജൂലൈയ്ക്കും ഒക്‌ടോബറിനും ഇടയിൽ, കനേഡിയൻ സർക്കാർ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഏകദേശം 146000 പുതിയ വിദ്യാർത്ഥി വിസകള്‍ നല്‍കിയിരുന്നു. എന്നാല്‍ 2023 ലെ ഇതേ കാലയളവിൽ സർക്കാർ അനുമതി നല്‍കിയത് 87000 ൽ താഴെ പേർക്ക് മാത്രമാണ്.

2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2023 ജൂലൈ മുതൽ ഒക്ടോബർ വരെ ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള സ്റ്റുഡന്റ് വിസ പ്രോസസ്സിംഗിൽ 60000 കുറവുണ്ടായതായും റിപ്പോർട്ടുകള്‍ കാണിക്കുന്നു. കാനഡയിലെ ഉയർന്ന ജീവിതച്ചെലവിനെക്കുറിച്ച് സോഷ്യൽ മീഡിയയിലും മറ്റുമുള്ള പ്രചരണവും ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ ഇടർച്ചയും ഇന്ത്യന്‍ വിദ്യാർത്ഥികളുടെ അപേക്ഷകള്‍ കുറയാന്‍ കാരണമായെന്നാണ് വിലയിരുത്തുന്നത്.

കാനഡയിലെ പല കോളേജുകളിലും ബഹുഭൂരിപക്ഷവും ഇന്ത്യന്‍ വിദ്യാർത്ഥികളാണ്. എന്നാല്‍ ഇന്ത്യക്ക് പുറമെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാർത്ഥികളേയും ആശ്രയിക്കണമെന്ന് കനേഡിയന്‍ സർക്കാർ തന്നെ സർവ്വകലാശാലകള്‍ക്കും കോളേജുകള്‍ക്കും നേരത്തെ നിർദേശം നല്‍കിയിരുന്നു. അതേസമയം അപേക്ഷകളിൽ കുറവുണ്ടായിട്ടും കഴിഞ്ഞ വർഷത്തേക്കാൾ 32,000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ കാനഡയിൽ പഠിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്.

2022-ൽ, 184 രാജ്യങ്ങളിൽ നിന്നുള്ള 551,405 അന്താരാഷ്ട്ര വിദ്യാർത്ഥികളെ കാനഡ സ്വാഗതം ചെയ്തു. 2022-ൽ കാനഡയിൽ പ്രവേശിക്കുന്ന പുതിയ അന്തർദേശീയ വിദ്യാർത്ഥികളുടെ ഒന്നാം നമ്പർ ഉറവിടം ഇന്ത്യയുമായിരുന്നു. അതായത് ഏകദേശം 226450 പേർ ഇന്ത്യന്‍ വിദ്യാർത്ഥികളായിരുന്നു.

പ്രതിസന്ധികള്‍ ശക്തമായതോടെ ഇന്ത്യക്കാരുടെ താല്‍പര്യം കുറഞ്ഞെങ്കിലും ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ കാനഡയിൽ പഠിക്കാനുള്ള ശക്തമായ ആഗ്രഹം പ്രകടിപ്പിക്കുന്നത് തുടരുകയാണെന്നും സമീപകാലത്ത് പുറത്ത് വന്ന സ്ഥിതിവിവരക്കണക്കുകൾ വിശദീകരിച്ചു. പ്രത്യേകിച്ചും, 2023 ജൂലൈ മുതൽ ഒക്‌ടോബർ വരെ പ്രോസസ്സ് ചെയ്ത മറ്റെല്ലാ രാജ്യങ്ങൾക്കുമുള്ള സ്റ്റഡി പെർമിറ്റുകളുടെ അളവിൽ 34% വർദ്ധനവുണ്ടായി. 2023 ഡിസംബറോടെ, മുൻ വർഷത്തേക്കാൾ 52% കൂടുതൽ സ്റ്റഡി പെർമിറ്റുകൾ പ്രോസസ്സ് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ കാണിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week