28.9 C
Kottayam
Tuesday, May 14, 2024

കൃപാസനത്തിന്റെ ഭയങ്കര ഭക്ത,ഒരുപാട് അത്ഭുതങ്ങൾ എന്റെ ജീവിതത്തിൽ നടന്നിട്ടുണ്ട്: ആശ അരവിന്ദ്

Must read

കൊച്ചി:നടിയും അവതാരകയുമായ ആശ അരവിന്ദ് കൃപാസനത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. താൻ കൃപാസനത്തിന്റെ ഭക്തയാണെന്നും അതുമൂലം തന്റെ ജീവിതത്തിൽ ഒരുപാട് അത്ഭുതങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ആശ പറയുന്നു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘മോളുടെ പഠിത്തം കാരണമിപ്പോൾ നാട്ടിലുണ്ട്. എങ്കിലും കുറച്ച് അവധി കിട്ടിയാൽ ഒമാനിലേക്ക് പോകും. പതിനെട്ട് വർഷമായി ഒമാനിലാണ്. ഞാൻ വളരെ ഹോംലി ആയിട്ടുള്ള ഒരാളാണ്. ഇത്രയും നാളും ഡിസിപ്ലിനൊക്കെ ഉണ്ടായിരുന്നു. ഞാൻ ഭയങ്കര ദൈവ വിശ്വാസിയാണ്. എല്ലാവർക്കും നന്മ വരാൻ പ്രാർത്ഥിക്കും. അതാണ് മെയിൻ.

മദർ മേരിയാണ് ഇഷ്ടപ്പെട്ട ദൈവം. പള്ളിയിൽ പോകാറുണ്ട് ഞാൻ. കൃപാസനത്തിന്റെ ഭയങ്കര ഭക്തയാണ് ഞാൻ. എനിക്ക് നല്ല വിശ്വാസമാണ്. എനിക്ക് നല്ലതാണെന്ന് തോന്നി. ഞാൻ അവിടുത്തെ ഒരാളെപോലെയാണ് അവിടെ ചെല്ലുമ്പോൾ. എന്റെ ജീവിതത്തിൽ ഒരുപാട് അത്ഭുതങ്ങൾ നടന്നിട്ടുണ്ട്.’

‘ഏറ്റവും വലിയ അത്ഭുതം പ്രളയശേഷം ജലകന്യക എന്ന സിനിമയാണ്. അത് എനിക്ക് അവിടെ പ്രാർത്ഥിച്ച് കിട്ടിയതാണ്. ആ സിനിമയുടെ പോസ്റ്ററിന് കൃപാസനത്തിലെ മാതാവുമായിട്ട് ഒരുപാട് സാമ്യമുണ്ട്. അത് ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയതാണ്. ഞാൻ പണ്ടേ സ്പിരിച്ച്വലി സ്ട്രോങ്ങായ ആളാണ്. ചെറുപ്പം മുതലേ അങ്ങനെ തന്നെയാണ്. ഞാൻ  യോഗയൊക്കെ ചെയ്യാറുണ്ട്. എല്ലാ മതങ്ങളെയും റെസ്‌പെക്ട് ചെയ്യുകയും സ്നേഹിക്കുകയും ചെയുന്നുണ്ട്’- ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആശ അരവിന്ദ് പറഞ്ഞു.

തനി നാടൻ കഥാപാത്രങ്ങളിലൂടെ ആണ് ആശ അരവിന്ദ് എന്ന കലാകാരിയെ മലയാളി പ്രേക്ഷകർ ഓർത്തിരിക്കുന്നത്. സിനിമയിലും മിനിസ്ക്രീനിലും ഒരുപോലെ നിറഞ്ഞു നിൽക്കുന്ന ആശ നിരവധി പരസ്യ ചിത്രങ്ങളുടെയും ഭാഗമായിട്ടുണ്ട്. അമിതാഭ് ബച്ചനും ധോണിയ്ക്കും ഒപ്പമൊക്കെ പരസ്യങ്ങളിലൂടെ ഒന്നിച്ചഭിനയിച്ചിട്ടുള്ള താരമാണ് ആശ.

കൃപാസനത്തിലെ ഉടമ്പടിയിലൂടെ ബിജെപിയിലേക്ക് പോയ മകൻ അനിലിനെ എകെ ആന്റണി സ്വീകരിച്ചെന്ന് ഭാര്യ എലിസബത്ത് വെളിപ്പെടുത്തിയത് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. കൃപാസനത്തിലെ ഉടമ്പടിയിലൂടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടായെന്നും എകെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി. പ്രാർത്ഥനയ്കക്കിടെ അനുഭവസാക്ഷ്യം പങ്കുവെക്കുന്ന എലിസബത്തിന്റെ വീഡിയോ കൃപാസനം അധികൃതരാണ് സമൂഹ മാധ്യമങ്ങൾ വഴി പുറത്തു വിട്ടത്.

വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അനിൽ ആന്റണി ബി ജെ പിയിലേക്ക് പോയത് എ കെ ആന്റണിക്ക് ഷോക്ക് ആയിരുന്നെങ്കിലും അനിലിനെ അദ്ദേഹം സ്വീകരിച്ചു. കൃപാസനത്തിലെ പ്രാർത്ഥനയിലൂടെയാണ് മകന്റെ ബി ജെ പി പ്രവേശത്തിന് അനുമതി ലഭിച്ചത്. കൃപാസനത്തിലെ വൈദികനാണ് ബി ജെ പി പ്രവേശനത്തിന് അനുമതി നൽകിയത്. അതുവരെ ബി ജെ പിയോട് ഉണ്ടായിരുന്ന വെറുപ്പ് മാറിയെന്നും എലിസബത്ത് പറഞ്ഞു.

കൃപാസനം പ്രാർത്ഥാന ചടങ്ങിന്റെ ഭാഗമായ അനുഭവസാക്ഷ്യം പറച്ചിലിന്റെ ഭാഗമായാണ് എലിസബത്ത് ഇതു പറഞ്ഞത്. എ കെ ആൻറണിയുടെ ആരോഗ്യം വീണ്ടെടുത്തതും ആത്മവിശ്വാസം തിരികെ ലഭിച്ചതും കൃപാസനത്തിലെ ഉടമ്പടിയിലൂടെയാണ്. ബിജെപിയിൽ മകന് നിരവധി അവസരങ്ങൾ ലഭിക്കും എന്നെല്ലാം വീഡിയോയിൽ ആന്റണിയുടെ ഭാര്യ പറയുന്നുണ്ട്.

2022 ൽ കോവിഡ് രോഗശാന്തിക്കു വേണ്ടിയാണ് ആദ്യമായി ഉടമ്പടിയെടുത്തതെന്നും ഗുരുതരമായിരുന്ന രോഗം ഭേദമായെന്നും വീഡിയോയിൽ പറയുന്നു. മകന്റെ രാഷ്ട്രീയ പ്രവേശനത്തിലുള്ള തടസ്സം മാറ്റാനാണ് രണ്ടാമതും നിയോഗം വെച്ചത്. രാഷ്ട്രീയ പ്രവേശനം അനിൽ ആന്റണിയുടെ വലിയ സ്വപ്നമായിരുന്നു. പഠിച്ച് നല്ല ജോലി ലഭിച്ചിരുന്നതാണ്. പക്ഷേ താത്പര്യം രാഷ്ട്രീയത്തിലായിരുന്നു.

ചിന്തൻ ശിബിരിൽ മക്കൾ രാഷ്ട്രീയത്തിനെതിരായി പ്രമേയം പാസാക്കി. അതിനർത്ഥം തന്റെ രണ്ട് മക്കൾക്കും അവർ എത്ര ആഗ്രഹിച്ചാലും രാഷ്ട്രീയത്തിൽ പ്രവേശിക്കാനാകില്ല എന്നാണ്. ഭർത്താവ് മക്കള‍്ക്കു വേണ്ടി ഒന്നും ചെയ്യില്ല. അങ്ങനെയാണ് രണ്ടാമതും നിയോഗം വെക്കുന്നത്. അതിനു ശേഷം ആരും പ്രതീക്ഷിക്കാത്ത രീതിയിലാണ് കാര്യങ്ങൾ പോയത്. പിന്നാലെ ബിബിസി വിവാദം ഉണ്ടാകുന്നത്. സോഷ്യൽമീഡിയ വഴി ഒരുപാട് പ്രശ്നങ്ങളുണ്ടായി.

മാതാവിനോട് എല്ലാം കൈവിട്ടു പോയോ എന്ന് പ്രാർത്ഥിച്ചു. മകന്റെ ഏറ്റവും വലിയ സ്വപ്നമാണ് രാഷ്ട്രീയത്തിലേക്ക് എത്തുക എന്നത്. മകന് 39 വയസ്സായി. ഇത്രയും വിദ്യാഭ്യാസവും എല്ലാമുള്ള മകന് അവന്റെ ആഗ്രഹം സാധിക്കുന്നില്ല. അമ്മയോട് കരഞ്ഞു പറഞ്ഞു. അപ്പോഴാണ് ബിജെപിയിൽ ചേരാൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ച് ആവശ്യപ്പെട്ടെന്ന് മകൻ പറഞ്ഞത്. ബിജെപിയിൽ ചേർന്നാൽ ഒരുപാട് അവസരങ്ങളുണ്ടാകുമെന്നും പറഞ്ഞു.

കോൺഗ്രസ് പാർട്ടിയിലാണ് ഞങ്ങൾ വിശ്വസിക്കുന്നതും ജീവിക്കുന്നതും. അപ്പോൾ ബിജെപിയിൽ പോകുന്ന കാര്യം ആലോചിക്കാൻ പോലും വയ്യ. അമ്മയോട് ആലോചന ചോദിക്കാനായി വീണ്ടും ഇവിടെ വന്നു. താൻ നൽകിയ തുണ്ട് ജോസഫ് അച്ചൻ അമ്മയുടെ കാൽക്കീഴിൽ വെച്ച് പ്രാർത്ഥിച്ച ശേഷം പറഞ്ഞു, മകൻ തിരിച്ചു വരാൻ പ്രാർത്ഥിക്കേണ്ടെന്ന്. ബിജെപിയിൽ മകന് നല്ലൊരു ഭാവി അമ്മ കാണിച്ചു തരും. ഉടനേ തന്നെ തന്റെ മനസ്സ് അമ്മ മാറ്റി തന്നു. ബിജെപിയോടുള്ള എല്ലാ വെറുപ്പും അറപ്പും ദേഷ്യവും എല്ലാം അമ്മ ഓൺ ദി സ്പോട്ടിൽ മാറ്റി തനിക്ക് വേറൊരു ഹൃദയം തന്നു.

വീടിന്റെ ക്രമസമാധാന നിലയും അമ്മയെ ഏൽപ്പിച്ചു. മകൻ ബിജെപിയിലേക്ക് പോയത് ഭർത്താവിന് വലിയ ഷോക്കായിരുന്നു. എങ്കിലും വളരെ സൗമ്യതയോടെ അദ്ദേഹം അത് തരണം ചെയ്തു. മകൻ വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ പൊട്ടിത്തെറിയുണ്ടാകുമോ എന്ന് പേടിച്ചെങ്കിലും അമ്മ എല്ലാവരുടേയും മനസ്സ് ശാന്തമാക്കി. വീട്ടിലേക്ക് വരുന്നതിൽ താൻ എതിരല്ലെന്നും പക്ഷേ, രാഷ്ട്രീയം മാത്രം സംസാരിക്കരുതെന്നുമാണ് അദ്ദേഹം മകനോട് പറഞ്ഞതെന്നും എലിസബത്ത് ആന്റണി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week