കൊച്ചിയില്‍ വീണ്ടും അക്രമി സംഘത്തിന്റെ വിളയാട്ടം; വീടുകളും വാഹനങ്ങളും തല്ലി തകര്‍ത്തു
കൊച്ചി: കൊച്ചി നഗരത്തില്‍ വീണ്ടും അക്രമിസംഘത്തിന്റെ അഴിഞ്ഞാട്ടം. പനമ്പിള്ളിനഗറില്‍ മദ്യപിച്ചെത്തിയവര്‍ വീടുകളും വാഹനങ്ങളും തല്ലി തകര്‍ത്തു. ഓയോ ഹോംസ് വഴി വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നവരാണ് പരിസരവാസികളെ പരിഭ്രാന്തരാക്കി അഴിഞ്ഞാടിയത്. ഇവരെ പിടികൂടാനെത്തിയ പൊലീസുമായും വാക്കേറ്റമുണ്ടായി.
ഇന്നലെ അര്‍ദ്ധരാത്രിയിലാണ് സംഭവം. ഓയോ ഹോംസ് വഴി വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നവര്‍ മദ്യപിച്ചശേഷം പരസ്പരം വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് അക്രമം അഴിച്ചുവിടുകയുമായിരുന്നു. വീടിന്റെ മുന്‍പിലുളള കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് തല്ലി തകര്‍ത്തത്. വീടിന് മുന്‍വശത്തെ ചെടിച്ചട്ടി ഉള്‍പ്പെടെ വീട്ടിലെ സാധനസാമഗ്രികളും അക്രമിസംഘം തകര്‍ത്തതായി പ്രദേശവാസികള്‍ പറയുന്നു. പരിസരവാസികളെ പരിഭ്രാന്തിയിലാഴ്ത്തിയാണ് അക്രമിസംഘം അഴിഞ്ഞാടിയത്.
വിവരം അറിഞ്ഞ് എത്തിയ പോലീസുകാര്‍ക്ക് നേരെയും അക്രമിസംഘം തട്ടി കയറാന്‍ ശ്രമിച്ചു. വീടിന്റെ മുന്‍വശം ഉണ്ടായിരുന്ന 3 കാറുകളും വീട്ടിലെ ഉപകരണങ്ങളും തല്ലി തകര്‍ത്തതായി പോലീസ് പറയുന്നു.