Vikram movie: വിക്രം ഒടിടി റിലീസ് പ്രഖ്യാപിച്ചു; 400 കോടിയും കവിഞ്ഞ് കുതിപ്പ് തുടരുന്നു
കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ഒടിടി റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ കമല്‍ തന്നെയാണ് ഈ വിവരം പ്രഖ്യാപിച്ചത്. ഡിസ്‌നി ഹോട്ട്‌സ്റ്റാറില്‍ ചിത്രം ജൂലൈ 8 ന് റിലീസ് ചെയ്യുമെന്ന് കമല്‍ അറിയിച്ചു.
അതേ സമയം ചിത്രം അഞ്ചാം ആഴ്ചയും തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. തമിഴ്ചിത്രങ്ങളില്‍ ഏറ്റവും വലിയ വിജയമായിരിക്കുകയാണ് ചിത്രം. ആദ്യ ദിവസം മുതല്‍ നിരവധി ബോക്സ് ഓഫീസ് റെക്കോര്‍ഡുകളാണ് തകര്‍ത്തത്. 408 കോടിയാണ് ചിത്രം ഇതുവരെ നേടിയത്.
ജൂണ്‍ 3 നാണ് ചിത്രം റിലീസ് ചെയ്തത്. ഫഹദ് ഫാസില്‍, വിജയ് സേതുപതി, ഗായത്രി ശങ്കര്‍, ചെമ്പന്‍ വിനോദ്, നരേന്‍, കാളിദാസ് ജയറാം തുടങ്ങി ഒരു വലിയതാര നിര തന്നെ ചിത്രത്തിലെത്തിയിരുന്നു. സൂര്യ അതിഥി കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ സൂര്യയും കമലുമായിരിക്കും പ്രധാനതാരങ്ങള്‍.
റിലീസിന് മുന്‍പേ സാറ്റ്ലൈറ്റ്, ഒടിടി അവകാശം എന്നിവ വിറ്റ വകയില്‍ 200 കോടിയാണ് ചിത്രം നേടിയത്. ഒടിടി, സാറ്റ്ലൈറ്റ് അവകാശങ്ങള്‍ സ്വന്തമാക്കാന്‍ കടുത്ത മത്സരമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസന്റെ രാജ് കമല്‍ ഇന്റര്‍നാഷണല്‍ 150 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മിച്ചത്.