’90കളിൽ ഒരു എതിരാളി വന്നു, അയാളുടെ വിജയങ്ങളെ ഞാൻ ഭയന്നു’ എതിരാളിയെ വെളിപ്പെടുത്തി വിജയ്
ചെന്നൈ:ഭാഷാഭേദമെന്യെ ഏവരും വളരെ പ്രതീക്ഷയോടും ആവേശത്തോടും കാത്തിരിക്കുന്ന സിനിമയാണ് വരിശ്. ബീസ്റ്റിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളിയാണ്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന പ്രമോഷണൽ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രത്യേകിച്ച് പാട്ടുകൾ. ജനുവരിയിൽ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മിഡിയയിൽ നിറയെ. അതിൽ ഏറെ ശ്രദ്ധനേടിയിരിക്കുകയാണ് വിജയിയുടെ സ്പീച്ച്. സിനിമാ ജീവിതത്തിന്റെ തുടക്കത്തിൽ തനിക്ക് ഒരു എതിരാളിയുണ്ടായിരുന്നുവെന്നും അത് ആരാണെന്നും ആണ് വിജയ് പറയുന്നത്.
‘‘ഇതും ഒരു കുട്ടിക്കഥയാണെന്ന് കരുതണം. 1990കളിൽ എനിക്ക് എതിരാളിയായി ഒരു നടൻ വന്നു. ആദ്യം ഒരു എതിരാളിയായിരുന്നു. പിന്നെ അയാളോടുള്ള എന്റെ മത്സരം ഗൗരവമുള്ളതായി. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ വിജയങ്ങളേയും ഞാൻ ഭയന്നു. ഞാൻ പോയ ഇടങ്ങളിലെല്ലാം അദ്ദേഹവും വന്നു. ഞാൻ ഇത്രയും വളരുന്നതിന് കാരണമായി നിലകൊണ്ടു. അയാളെ മറികടക്കണമെന്ന ആഗ്രഹത്തോടെ ഞാനും മത്സരിച്ചു കൊണ്ടേയിരുന്നു. ആ മത്സരാർത്ഥി ഉണ്ടായ വർഷം 1992. അയാളുടെ പേര് ജോസഫ് വിജയ്’’എന്നായിരുന്നു വിജയ് പറഞ്ഞത്.
ജയിക്കണമെന്ന വാശി ഉള്ളവരിൽ എപ്പോഴും ഒരു എതിരാളി ഉണ്ടാകണം. അയാൾ നിങ്ങൾ തന്നെയായിരിക്കണം. വേറൊരാളെ എതിരാളിയായി കാണേണ്ട ആവശ്യമില്ല. നിങ്ങൾ നിങ്ങളോടുതന്നെ പൊരുതണം. അതുമാത്രമേ നിങ്ങളെ മികച്ചതാക്കൂ എന്നും വിജയ് പറഞ്ഞു. അതേസമയം, വിജയ് പറഞ്ഞ എതിരാളി അജിത്ത് ആണെന്നാണ് ചിലർ പറയുന്നത്. അജിത്തിന്റെ തുനിവും വിജയിയുടെ വരിശും ഒരുമിച്ച് റിലീസിന് എത്തുന്നതിനാലാണ് വിജയ് ഇങ്ങനെ പറഞ്ഞതെന്നും ഇവർ പറയുന്നു.