ശബരിമല വിധിയില്‍ സന്തോഷം; ഇത്തവണ യുവതികളാരും മലചവിട്ടുമെന്ന് തോന്നുന്നില്ലെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: സുപ്രീംകോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധിയില്‍ സന്തോഷമുണ്ടെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കണിച്ചുക്കുളങ്ങരയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശാല ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നാലെ അന്തിമ തീരുമാനമാകൂ. അതുവരെ വിശ്വാസികളായ യുവതികളാരും ശബരിമലയില്‍ പോകുമെന്ന് താന്‍ കരുതുന്നില്ല.
കഴിഞ്ഞ മണ്ഡലകാലത്തിലെ പോലെ സര്‍ക്കാര്‍ സംരക്ഷണത്തില്‍ ഇത്തവണ യുവതികളാരും മലചവിട്ടുമെന്ന് തോന്നുന്നില്ല. സ്ത്രീപ്രവേശന വിഷയം ഏഴംഗ വിശാല ബെഞ്ചിന് വിട്ടതോടെ മുന്‍പത്തെ വിധി സ്റ്റേ ചെയ്തതിന് തുല്യമാണെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.
അതേസമയം, ഇന്നത്തെ വിധി വിശ്വാസത്തിന്റേയും വിശ്വാസ സമൂഹത്തിന്റേയും വിജയമെന്ന് എൻഎസ്എസ് പ്രതികരിച്ചു. സുപ്രീംകോടതി വിധിയെ അനുകൂലിച്ച് കോൺഗ്രസും ബിജെപിയും രംഗത്തെത്തി. യുവതികളെ പോലീസ് എത്തിക്കരുതെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വിശ്വാസം സംരക്ഷിക്കുന്ന വിധിയെന്ന് ഉമ്മൻചാണ്ടിയും പറഞ്ഞു. അതേസമയം, വിധി വക്രീകരിക്കാൻ ആരും നോക്കരുതെന്നും യുവതികൾ ശബരിമലയിലേക്ക് കയറാൻ ശ്രമിച്ചാൽ തടയുമെന്നുമായിരുന്നു കുമ്മനം രാജശേഖരന്റെ പ്രതികരണം.