
സിഡ്‌നി: വിസാ നിയമങ്ങൾ കൂടുതൽ കർശനമാക്കി ഓസ്ട്രേലിയ. രാജ്യത്ത് പ്രവേശിക്കുന്നതിന് വിദ്യാർഥികൾ അവരുടെ സേവിങ്സ് ആയി കാണിക്കേണ്ട തുക ഉയർത്തിയതാണ് പുതിയ മാറ്റം. 2024 മെയ് 10 മുതല്‍ 29,710 ഓസ്ട്രേലിയന്‍ ഡോളര്‍ (16,29,964 രൂപ) അക്കൗണ്ടില്‍ കാണിക്കേണ്ടിവരും. ഉപരിപഠനത്തിനായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് ഓസ്‌ട്രേലിയയിലേക്ക് പോകാനാഗ്രഹിക്കുന്നവർക്ക് തിരിച്ചടിയാവുന്നതാണ് ഇപ്പോഴത്തെ തീരുമാനം.
ഓസ്‌ട്രേലിയയിലെത്തിയതിനു ശേഷമുള്ള വിദ്യാര്‍ത്ഥികളുടെ ചെലവുകള്‍ വഹിക്കാനാകുമെന്ന് ഉറപ്പാക്കാനാണ് ഈ തീരുമാനമെന്നാണ് ഔദ്യോഗിക വിശദീകരണം. ജീവിതചെലവ് കണ്ടെത്താനായി വർഷത്തിൽ 25% ക്ലാസുകളിൽ പങ്കെടുക്കാതെ ജോലിക്കുപോകേണ്ടിവരുന്ന അവസ്ഥ ഇതോടെ ഒഴിവാക്കാനാകുമെന്നും അധികൃതർ പറയുന്നു.
ഏഴു മാസത്തിനിടയില്‍ രണ്ടാം തവണയാണ് വിദ്യാര്‍ത്ഥികള്‍ അക്കൗണ്ടില്‍ കാണിക്കേണ്ട തുക ഓസ്‌ട്രേലിയ ഉയര്‍ത്തുന്നത്. 21,041 ഓസ്‌ട്രേലിയന്‍ ഡോളറില്‍ (11,54,361 രൂപ) നിന്ന് 24,502 ഓസ്‌ട്രേലിയന്‍ ഡോളറിലേക്കാണ് (13,44,405 രൂപ) കഴിഞ്ഞ ഒക്ടോബറിൽ തുക ഉയര്‍ത്തിയിരുന്നു.
2022-ല്‍ കോവിഡ് നിബന്ധനങ്ങള്‍ പിന്‍വലിച്ചതിനു ശേഷം നിരവധി വിദ്യാർഥികൾ ഓസ്‌ട്രേലിയയിലേക്ക് പഠനത്തിയായി പോയിരുന്നു. താമസസൗകര്യങ്ങള്‍ ലഭ്യതക്കുറവ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നേരിടേണ്ടിവന്നിരുന്നു.
അടുത്തകാലത്തായി ഓസ്ട്രേലിയ കൊണ്ടുവന്നിട്ടുള്ള മറ്റു മാറ്റങ്ങൾ
- നേരത്തെ, ഓസ്‌ട്രേലിയ പഠനത്തിനായി തിരഞ്ഞെടുക്കുന്നതുൾപ്പെടെയുള്ള കാരണങ്ങള്‍ വിദ്യാർഥികൾ 300 വാക്കുകളിൽ എഴുതി നൽകേണ്ടിയിരുന്നു (ജനുവിൻ ടെംപററി എൻട്രാന്‍റ്). ഇതിനുപകരം, നിര്‍ദ്ദിഷ്ടട ചോദ്യങ്ങള്‍ക്കായിരിക്കും ഇനി വിദ്യാർഥികൾ ഉത്തരം നല്‍കേണ്ടിവരിക.
- പഠനത്തിനു ശേഷം ജോലി തേടി ഓസ്‌ട്രേലിയയില്‍ നിൽക്കാനാകുന്നതിന്റെ കാലപരിധി 2023 ജൂലൈ ഒന്നു മുതല്‍ രണ്ട് വര്‍ഷമാക്കി ഉയര്‍ത്തി.
- പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ജോലിചെയ്യാനാവുന്നതിന്‍റെ സമയക്രമം രണ്ടാഴ്ചയില്‍ 48 മണിക്കൂറായി കുറച്ചു.
- ക്ലാസ് തുടങ്ങി ആറു മാസത്തിനുള്ളില്‍ മുഖ്യ കോഴ്‌സിനൊപ്പം മറ്റ് രണ്ട് കോഴ്‌സുകള്‍ കൂടെ ഇനി മുതല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനാകില്ല.
- പഠനം തുടങ്ങി ആദ്യത്തെ ആറു മാസത്തിനിടയില്‍ രണ്ടു കോഴ്‌സുകള്‍ക്ക് ഒരേസമയം ചേരാനാകില്ലെന്ന നിബന്ധനയും 2023 സെപ്റ്റംബര്‍ മുതല്‍ ഓസ്‌ട്രേലിയ നടപ്പാക്കിയിരുന്നു.