കേരളത്തിൽ തനിച്ചൊരു നിമിഷം,സെൽഫി പങ്കുവെച്ച് ശോഭന
കൊച്ചി:ഒരുകാലത്ത് തെന്നിന്ത്യ അടക്കിവാണിരുന്ന നടിമാരിലൊരാളായിരുന്നു ശോഭന. താരം അഭിനയിച്ച പല സിനിമകളിലേയും കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷക ഹൃദയത്തിലുണ്ട്. ശോഭനയുടെ എക്കാലവും പ്രേക്ഷകരെ വിസ്മയിപ്പിച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു മണിച്ചിത്രത്താഴിലേത്.
ഇതിനോടകം തന്നെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലായി ഒട്ടനവധി ചിത്രങ്ങളിൽ ശോഭന പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയായിരുന്നു ശോഭനയുടെ സിനിമയിലേക്കുള്ള കടന്നു വരവ്. അഭിനേത്രി എന്നതിലുപരി മികച്ചൊരു നർത്തകി കൂടിയാണ് താരം. നൃത്ത വേദികളെ സ്ഥിരം സാന്നിധ്യമാണിപ്പോൾ ശോഭന.
കലാർപ്പണ എന്നു പേരുള്ള തന്റെ നൃത്ത വിദ്യാലയത്തിൽ നിന്നുള്ള ഡാൻസ് വീഡിയോയുമായി ആരാധകർക്ക് മുന്നിൽ എപ്പോഴുമെത്താറുണ്ട് താരം. തമിഴിൽ അത്ര തിളങ്ങിയില്ലെങ്കിലും രജിനികാന്തിനൊപ്പം ദളപതിയിലെത്തിയ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ സിനിമയിൽ നിന്ന് അകലം പാലിച്ചിരിക്കുന്ന ശോഭന നൃത്തത്തിലാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.
സിനിമയിൽ നിന്നും വലിയൊരു ബ്രേക്കെടുത്ത ശോഭന അഭിനയത്തിലേക്ക് തിരികെയെത്തിയത് ദുൽഖർ സൽമാന്റെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ്. സുരേഷ് ഗോപിയായിരുന്നു ചിത്രത്തിൽ താരത്തിന്റെ ജോഡിയായെത്തിയത്.
ഇപ്പോഴിതാ തന്റെ മനോഹരമായ ഒരു ചിത്രവുമായെത്തിയിരിക്കുകയാണ് ശോഭന. കേരളത്തിൽ തനിച്ചൊരു നിമിഷം എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. സെറ്റ് സാരിയുടുത്ത് ആമ്പൽക്കുളത്തിന് സമീപത്തു നിന്നുള്ള സെൽഫി ചിത്രമാണ് ശോഭന പങ്കുവച്ചിരിക്കുന്നത്. കേരള, ഗോഡ്സ് ഓൺ കൺട്രി എന്നീ ഹാഷ്ടാഗുകളും ശോഭന ചിത്രത്തിനൊപ്പം പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ശോഭനയുടെ ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്.
എവർഗ്രീൻ നാച്ചുറൽ ബ്യൂട്ടി എന്നാണ് ശോഭനയുടെ ചിത്രത്തിന് ആരാധകർ നൽകുന്ന കമന്റുകൾ. തന്റെ യാത്രാ വിശേഷങ്ങളും ഇടയ്ക്ക് ശോഭന പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും സ്റ്റേജ് പരിപാടികളിലും ശോഭന പറഞ്ഞ വാക്കുകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്.