KeralaNews

വാവ സുരേഷിന് ബോധം തിരിച്ചു കിട്ടി,വിഷത്തെ തോൽപ്പിച്ചത് ആത്മധൈര്യവും കൂട്ടായ്മയും

ഗാന്ധിനഗർ(കോട്ടയം):മൂർഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. അദ്ദേഹം ഡോക്ടർമാരോട് സംസാരിക്കുകയും ചെയ്തു. ബോധം വന്നയുടനെ ദൈവമേ എന്നാണ് ആദ്യം ഉച്ചരിച്ചത്. പിന്നീട് ഡോക്ടർ പേര് ചോദിച്ചപ്പോൾ സുരേഷ് എന്ന് മറുപടിയും നൽകി. ഇതോടെ തലച്ചോറിലേക്കുള്ള രക്തഒാട്ടം സാധാരണനിലയിലായതിന്റെ ആശ്വാസത്തിലായി വൈദ്യസംഘം.

വ്യാഴാഴ്ച ഉച്ചയ്ക്ക് അദ്ദേഹത്തെ കട്ടിലിൽ ചാരിയിരുത്തി. ദ്രവരൂപത്തിലുള്ള ആഹാരവും നൽകി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം തൃപ്തികരമെന്ന് വിലയിരുത്തിയത്. സ്വയം ശ്വസിക്കാൻ ശ്രമിച്ചിരുന്ന സുരേഷിന്റെ വെന്റിലേറ്റർ സഹായം ഇതോടെ താത്കാലികമായി മാറ്റി.

മൂന്നുമണിക്കൂർ കഴിഞ്ഞ് നിരീക്ഷണത്തിനുശേഷം വെന്റിലേറ്റർ പൂർണമായും മാറ്റി. ഇതിനിടയിൽ സുരേഷ് ഡോക്ടർമാരുടെ ചോദ്യങ്ങൾക്ക് ആദ്യം അവ്യക്തമായ മറുപടി നൽകിത്തുടങ്ങി. അരമണിക്കുറിനുശേഷം പേരും മറ്റ് വിവരങ്ങളും കൃത്യമായി പറഞ്ഞു. ഇത് ശരീരം ആരോഗ്യത്തിലേക്ക് മടങ്ങുന്നതിന്റെ സൂചനയായി.

ശനിയാഴ്ച മുറിയിലേക്ക് മാറ്റിയേക്കും. 24 മണിക്കൂറും പ്രത്യേകസംഘത്തിന്റെ നിരീക്ഷണത്തിൽ കഴിയുന്ന സുരേഷിന്റെ നില ബുധനാഴ്ച ഉച്ചയോടെയാണ് കാര്യമായി മെച്ചപ്പെട്ടുതുടങ്ങിയത്. ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിൽ വിവിധവിഭാഗങ്ങളിലെ മേധാവികളാണ് വാവ സുരേഷിനെ ചികിത്സിക്കുന്നത്. തിങ്കളാഴ്ചയാണ് വാവസുരേഷിനെ മൂർഖന്റെ കടിയേറ്റ് ആശുപത്രിയിലാക്കിയത്.

മൂർഖന്റെ വിഷം ശക്തമായി ഉള്ളിൽച്ചെന്നിട്ടും വാവ സുരേഷിന് രക്ഷയായത് അതിവേഗ വൈദ്യസഹായം. സംഭവം നടന്ന കുറിച്ചിയിലെ ഉൾപ്രദേശത്തുനിന്ന് മിനിറ്റുകൾക്കകം അദ്ദേഹത്തെ ആദ്യ ആശുപത്രിയിൽ എത്തിച്ചു. കൂടെയുള്ളവരും ഡോക്ടർമാരും എല്ലാം സജ്ജമാക്കി. ഒപ്പം വാവ സുരേഷിന്റെ ആത്മധൈര്യവും.

പാമ്പിന്റെ കടി അപകടമുണ്ടാക്കുന്ന നിലയിലാണെന്ന് സുരേഷ് ഒപ്പമുള്ളവരെ അറിയിക്കുന്നു. രണ്ട് വാഹനങ്ങൾ സജ്ജം. ഒന്നിൽ അദ്ദേഹത്തെ കയറ്റി. മറ്റേത് പിന്നാലെ പോയി. ആദ്യവാഹനത്തിന് വേഗം പോരെന്ന് മനസ്സിലാക്കിയ സുരേഷ് തന്നെ, തന്നെ മറ്റേ വാഹനത്തിലാക്കാൻ നിർദേശിച്ചു. വഴിമധ്യേ കണ്ണടയാൻ തുടങ്ങുകയും ഓക്കാനംവരുകയും ചെയ്തപ്പോൾത്തന്നെ തൊട്ടടുത്ത ആശുപത്രിയിലേക്ക് കയറ്റാൻ നിർദേശിക്കുന്നു. ഉടൻ ബോധം മറഞ്ഞു. ഇതിനിടെ ഹൃദയാഘാതം. തനിക്ക് സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ ഒപ്പമുള്ളവരെ അദ്ദേഹം കൃത്യമായി ധരിപ്പിച്ചിരുന്നു.

മെഡിക്കൽ കോളേജ് ലക്ഷ്യമിട്ടാണ് പോയതെങ്കിലും ആറരക്കിലോമീറ്റർ ഇപ്പുറത്തുള്ള ടൗണിലെ ഭാരത് ആശുപത്രിൽ ആദ്യവൈദ്യസഹായം കിട്ടി.ഒപ്പമുണ്ടായിരുന്ന ജനപ്രതിനിധി മഞ്ജിത്ത് ആശുപത്രിയിലേക്ക് വിളിച്ചും പറഞ്ഞിരുന്നു. എത്തുമ്പോൾ നാഡിമിടിപ്പ് 20-ൽ താഴെ മാത്രം. ശരീരം ഏതാണ്ട് നിശ്ചലാവസ്ഥയിലേക്ക്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ബിലാൽ, ഡോ.മുരളീകൃഷ്ണൻ, ഡോ.രാജേഷ് മേനോൻ എന്നിവർ കഴുത്തിൽ തുളയിട്ട് ശ്വാസം നൽകാനുള്ള എയർവെ സ്ഥാപിച്ചു. ഹൃദയം പ്രവർത്തിക്കാനുള്ള സി.പി.ആർ. നൽകി. മിനിറ്റുകൾ കൊണ്ട് നാഡിമിടിപ്പ് സാധാരണനിലയിലെത്തിച്ച് ഹൃദയ പ്രവർത്തനം ശരിയാക്കി. വിഷത്തിനുള്ള മറുമരുന്നും വെന്റിലേറ്റർ സഹായവും നൽകി.

ക്രിട്ടിക്കൽ കെയറിലും മെഡിസിനിലുമുള്ള തീവ്രപരിചരണ യൂണിറ്റുകളിൽ ഓരോ കിടക്ക വീതം ശരിയാക്കി നിർത്തി. മെഡിസിൻ വിഭാഗത്തിലെ തീവ്രപരിചരണ വിഭാഗത്തിലെത്തിക്കുമ്പോൾ അപകടത്തിന്റെ വ്യാപ്തിയും അതുവരെ നൽകിയ ചികിത്സകളും അവിടെ അറിയിച്ചിരുന്നു. വെന്റിലേറ്ററുമായി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിൽ അഞ്ച് വിഭാഗങ്ങളിലെ മേധാവികൾ ഉൾപ്പെട്ട സംഘം.

പലതവണ ആരോഗ്യനിലയുടെ ഗ്രാഫ് കയറിയിറങ്ങി വന്നപ്പോൾ അഞ്ച് തവണയാണ് വിവിധ അളവുകളിൽ മരുന്ന് നൽകിയത്. വ്യാഴാഴ്ച രാവിലെ എത്തിയ മെഡിക്കൽ ബുള്ളറ്റിൻ ആശ്വാസം നൽകുന്നതായിരുന്നു. സ്ഥിതി തൃപ്തികരമെന്ന ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാറിന്റെ വാക്കുകളിൽ ആശ്വാസത്തിന്റെ ലക്ഷണം.

ഗാന്ധിനഗർ: വാവ സുരേഷിനോട് നാടിനുള്ള സ്നേഹം വെളിവായ നിമിഷങ്ങളായിരുന്നു കോട്ടയം മെഡിക്കൽ കോളേജിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി കടന്നുപോയത്. അത്രയേറെ ഫോൺവിളികളാണ് ആശുപത്രിയിലേക്ക് വന്നുകൊണ്ടിരുന്നത്. സംഭവംനടന്ന വൈകുന്നേരം മാത്രം മെഡിക്കൽ കോളേജ് പി.ആർ.ഒ.യുടെ മൊബൈലിലേക്ക് വന്നത് 130 കോളുകൾ. വാവയ്ക് എങ്ങനെയുണ്ട്. അതാണ് അറിയേണ്ടത്.

ഒരു കോൾ തീരുമ്പോൾ അടുത്തത് എന്ന നിലയിൽ. രാത്രി ഒരുമണിയോടെ കേരളത്തിൽ നിന്നുള്ള വിളി കുറഞ്ഞപ്പോൾ വിദേശരാജ്യങ്ങളിൽ നിന്നുള്ള അന്വേഷണങ്ങളായി. പി.ആർ.ഒ. നമ്പരായതിനാൽ ഓഫ് ചെയ്തുവെക്കാനും പറ്റില്ല. ഫോൺ ഹാങ്ങാകുന്ന നില.

കോൾ പോകാതെ വന്നതോടെ ഒരാൾ പരാതിയുമായി അധികൃതരെ വിളിച്ചു. പി.ആർ.ഒ.യെ വിളിച്ചിട്ട് കിട്ടുന്നില്ലന്ന്.

‘ ജോലിയിലുള്ള അൾ വീട്ടിലേക്ക് വിളിക്കുകയായിരിക്കും ഒന്ന് പരിശോധിക്കണം.’- അതായിരുന്നു ആവശ്യം. ഇപ്പോഴും വിളികൾക്ക് കുറവില്ല എന്ന് പി.ആർ.ഒ.മാർ പറയുന്നു. ആശുപത്രി ജീവനക്കാർക്കും ഡോക്ടർമാർക്കും വന്ന ഫോണുകൾക്കും കുറവില്ല.

വാവ സുരേഷുമായി മന്ത്രി വി.എൻ. വാസവൻ ഫോണിൽ സംസാരിച്ചു. ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് അധികാരികളുടെ ഫോണിൽവിളിച്ച് വാവ സുരേഷിനു നൽകിയാണ് മന്ത്രി സംസാരിച്ചത്. ആശുപത്രിയുടെ വിജയമാണെന്നും മികച്ച ചികിത്സയാണ് സർക്കാർ ലഭ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker