മുംബൈ: എന്‍ സി പിയേയും പാർട്ടി അധ്യക്ഷന്‍ ശരദ് പവാറിനേയും ബി ജെ പിയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ 4 ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതോടെ എന്‍ സി പിക്കും ശരദ് പവാറിനും ബി ജെ പിയില്‍ ചേരാമെന്നാണ് നരേന്ദ്ര മോദി വെള്ളിയാഴ്ച വ്യക്തമാക്കിയിരിക്കുന്നത്. ‘കോൺഗ്രസിൽ ലയിച്ച് മരിക്കുന്നതിന് പകരം അജിത് പവാറിൻ്റെയും ഏകനാഥ് ഷിൻഡെയുടെയും അടുത്തേക്ക് വരൂ’ എന്നാണ് മഹാരാഷ്ട്രയിലെ നന്ദുർബാറിൽ നടന്ന റാലിയിൽ മോദി പറഞ്ഞത്.
“40-50 വർഷമായി ഇവിടെ സജീവമായ ഒരു വലിയ നേതാവ് ബാരാമതിയിലെ പോളിംഗ് കഴിഞ്ഞതിന് ശേഷം ആശങ്കാകുലനാണ്. ജൂൺ 4 ന് ശേഷം, ചെറുപാർട്ടികൾ, അതിജീവിക്കാൻ, കോൺഗ്രസിൽ ലയിക്കുമെന്ന് അദ്ദേഹം പറയുന്നു,” ശരദ് പവാറിന്റെ പേരെടുത്ത് പറയാതെ പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസില്‍ ചേരുന്നതിന് പകരം ബി ജെ പിയില്‍ ചേരുന്നത് അദ്ദേഹം ആലോചിക്കണമെന്നും മോദി അഭിപ്രായപ്പെട്ടു.
ശരദ് പവാറിൻ്റെ അനന്തരവൻ കൂടിയായ അജിത് പവാർ കഴിഞ്ഞ വർഷം ജൂലൈയിൽ എൻ സി പിയില്‍ പിളർപ്പുണ്ടാക്കുകയും ഭൂരിപക്ഷം എം എൽ എമാരുമായി മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ബി ജെ പി-ശിവസേന സർക്കാരുമായി കൈകോർക്കുകയും ചെയ്തിരുന്നു.
എന്‍ സി പിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുന്നതിനുള്ള ചില സൂചനകള്‍ അടുത്തിടെ ശരദ് പവാർ നല്‍കിയിരുന്നു. “അടുത്ത രണ്ട് വർഷത്തിനുള്ളിൽ, നിരവധി പ്രാദേശിക പാർട്ടികൾ കോൺഗ്രസുമായി കൂടുതൽ അടുത്തിടപഴകും. അല്ലെങ്കിൽ തങ്ങളുടെ പാർട്ടിക്ക് ഏറ്റവും നല്ലതെന്ന് അവർ കരുതുന്നുവെങ്കിൽ കോൺഗ്രസുമായി ലയിക്കുന്നതിനുള്ള സാധ്യതകളും അവർ തേടാം” എന്നായിരുന്നു ശരദ് പവാർ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത്.
അതേസമയം, ഹിന്ദു വിശ്വാസം അവസാനിപ്പിക്കാൻ കോൺഗ്രസ് ഗൂഢാലോചന നടത്തുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. രാമക്ഷേത്രവും രാമനവമി ആഘോഷങ്ങളും ഇന്ത്യയുടെ ആശയത്തിന് വിരുദ്ധമാണെന്ന് കോൺഗ്രസിൻ്റെ രാജകുമാരന്‍ അമേരിക്കയില്‍ പറഞ്ഞതായും രാഹുലിന്റെ പേര് എടുത്ത് പറയാതെ പ്രധാനമന്ത്രി ആരോപിച്ചു.
“വ്യാജ ശിവസേന എന്നെ ജീവനോടെ കുഴിച്ചുമൂടാൻ ആഗ്രഹിക്കുന്നു. അവരുടെ പ്രിയപ്പെട്ട വോട്ട് ബാങ്കിന് ഇഷ്ടപ്പെടും വിധം അവർ എന്നെ ദുരുപയോഗം ചെയ്യുന്നു” മുഗൾ ചക്രവർത്തി ഔറംഗസേബിനെപ്പോലെ തന്നെ മഹാരാഷ്ട്രയിൽ അടക്കം ചെയ്യുമെന്ന ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്തിൻ്റെ ആരോപണത്തിന് മറുപടിയായി മോദി പറഞ്ഞു.