പ്രമുഖ റിയൽ എസ്റ്റേറ്റുകാരന്റെ മകനോടിച്ച പോർഷെ ഇടിച്ച് രണ്ടുമരണം; മണിക്കൂറുകൾക്കുള്ളിൽ ജാമ്യം, ശിക്ഷ ഉപന്യാസം എഴുത്ത്

മുംബയ്: ബൈക്കിൽ കാറിടിച്ച് രണ്ടുപേർ കൊല്ലപ്പെട്ട കേസിൽ 17കാരന് അറസ്റ്റിലായി 15 മണിക്കൂറിനുള്ളിൽ ജാമ്യം. ശനിയാഴ്‌ച രാത്രിയാണ് 17കാരൻ ഓടിച്ച പോർഷെ കാറിടിച്ച് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവും യുവതിയും കൊല്ലപ്പെട്ടത്. പൂനെയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്റെ മകനാണ് പ്രതി.

പ്രായപൂർത്തിയാകാത്ത പ്രതിക്ക് ചില നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം ലഭിച്ചതെന്ന് അഭിഭാഷകൻ പറഞ്ഞു. യെ‌ർവാഡ ട്രാഫിക് പൊലീസിനൊപ്പം 15 ദിവസം പ്രവർത്തിക്കണം, റോഡ് അപകടങ്ങളെക്കുറിച്ച് ഉപന്യാസം എഴുതണം, മദ്യപാനത്തിന് ചികിത്സ തേടണം, കൗൺസലിംഗ് സെഷനുകളിൽ പങ്കെടുക്കണം എന്നിവയാണ് കോടതി നി‌ർദേശം.

മദ്ധ്യപ്രദേശിൽ നിന്നുള്ള എഞ്ചിനീയർമാരായ അനീഷ് അവാദിയ (24), അശ്വിനി കോഷ്‌ത (24) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പൂനെയിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. ശനിയാഴ്‌ച രാത്രി 2.15ഓടെ സുഹൃത്തുക്കളുമൊത്ത് ഒരു പാർട്ടിയിൽ പങ്കെടുത്തതിനുശേഷം മടങ്ങവേയാണ് ഇരുവരും സഞ്ചരിച്ച ബൈക്കിൽ പോർഷെ ഇടിച്ചത്.

മണിക്കൂറിൽ 200 കിലോമീറ്ററിലധികം സ്‌പീഡിലാണ് പോർഷെ ഓടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ 20 അടിയോളം മുകളിലേയ്ക്ക് പറന്നുയർന്ന അശ്വിനി ശക്തമായി താഴേയ്ക്ക് പതിക്കുകയായിരുന്നുവെന്നും പാർക്ക് ചെയ്തിരുന്ന കാറിന്റെ മുകളിലാണ് അനീഷ് വീണതെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.

കാറിനുള്ളിൽ ‌ഡ്രൈവർക്ക് പുറമെ രണ്ടുപേരുണ്ടായിരുന്നതായി ദൃക്‌സാക്ഷിയായ ഒരു ഓട്ടോഡ്രൈവർ പറഞ്ഞു. അതിലൊരാൾ രക്ഷപ്പെടുകയും മറ്റ് രണ്ടുപേരെ നാട്ടുകാർ ചേർന്ന് മർദ്ദിക്കുകയും ചെയ്തു. പതിനഞ്ച് മിനിട്ടിനുള്ളിൽ തന്നെ പൊലീസ് സംഭവസ്ഥലത്ത് എത്തുകയും ചെയ്തതായി ഓട്ടോറിക്ഷാ ഡ്രൈവർ പറഞ്ഞു.

പന്ത്രണ്ടാം ക്ളാസ് പരീക്ഷ പാസായതിന് പബ്ബിൽ പാർട്ടി നടത്തിയതിനുശേഷം മടങ്ങുകയായിരുന്നു പ്രതിയും സുഹൃത്തുക്കളും. കാറിന് നമ്പർ പ്ളേറ്റുമില്ലായിരുന്നു. മരണപ്പെട്ടവരിൽ ഒരാളുടെ സുഹൃത്തിന്റെ പരാതിയിൽ അപകടമാംവിധത്തിൽ വാഹനമോടിച്ചതിനും അശ്രദ്ധമായി വാഹനമോടിച്ച് മരണത്തിനിടയാക്കിയതിനുമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയുടെ പിതാവിനെയും പബ്ബ് ഉടമയെയും പ്രതിചേർക്കുമെന്ന് പൊലീസ് പറഞ്ഞു.

ഹീനമായ കുറ്റകൃത്യമായതിനാൽ പ്രതിയെ പ്രായപൂർത്തിയായതായി കണക്കാക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൂനെ പൊലീസ് കമ്മിഷണർ അമിതേഷ് കുമാർ പറഞ്ഞു. പ്രതിക്ക് ജാമ്യം ലഭിച്ചതിനെതിരെ പൊലീസ് സെഷൻസ് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടി മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് വ്യക്തമായതായി കമ്മിഷണർ പറഞ്ഞു. കൗമാരക്കാരനും സുഹൃത്തുക്കളും അമിതമായി മദ്യപിച്ചിരുന്നതായി നിരവധി ദൃക്‌സാക്ഷികൾ പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News