23.9 C
Kottayam
Tuesday, May 21, 2024

ശ്രീലേഖ 1282 – 290 = 992 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു; സോളാർ ബില്ലിങ് തട്ടിപ്പല്ല: വിശദീകരണവുമായി കെഎസ്ഇബി

Must read

തിരുവനന്തപുരം: മുൻ ഐപിഎസ് ഉദ്യോഗസ്ഥ ശ്രീലേഖ സോളാർ ബില്ലിങ്ങിനെക്കുറിച്ച് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി കെഎസ്ഇബി. ശ്രീലേഖ തന്റെ സോളാർ നിലയത്തിൽ നിന്ന് കെഎസ്ഇബിക്ക് നൽകിയ വൈദ്യുതിയെക്കാളധികം ഉപഭോഗം നടത്തിയിട്ടുണ്ട്. ഈ അധിക യൂണിറ്റിന് മാത്രമാണ് ബില്ല് നൽകിയിരിക്കുന്നത്. ഇതിന്റെ കണക്ക് കെഎസിഇബി പറയുന്നത് ഇങ്ങനെ:

ഏപ്രിൽ മാസത്തിൽ ശ്രീലഖയുടെ വീട്ടിലെ സൗരോർജ്ജ നിലയത്തിൽ നിന്ന് 557 യൂണിറ്റ് വൈദ്യുതിയാണ് ഉൽപ്പാദിപ്പിച്ചത്. ഇതിൽ തത്സമയ ഉപയോഗം കഴിഞ്ഞ് ബാക്കിയുള്ള 290 യൂണിറ്റ് വൈദ്യുതിയാണ് കെഎസ്ഇബിക്ക് ലഭിച്ചത്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെ 399 യൂണിറ്റ്, വൈകീട്ട് 6 മുതൽ രാത്രി 10 വരെയുള്ള പീക്ക് മണിക്കൂറുകളിൽ 247 യൂണിറ്റ്, രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള ഓഫ് പീക്ക് മണിക്കൂറുകളിൽ 636 യൂണിറ്റ് എന്നിങ്ങനെ വീട്ടിലെ ആകെ വൈദ്യുതി ഉപയോഗം 1282 യൂണിറ്റ് ആയിരുന്നു.

ആകെ ഉപയോഗിച്ച വൈദ്യുതിയിൽ നിന്ന് ഗ്രിഡിലേക്ക് എക്സ്പോർട്ട് ചെയ്ത യൂണിറ്റ് കുറച്ച് ലഭിക്കുന്ന വൈദ്യുതിക്കാണ് കെഎസ്ഇബി ബിൽ ചെയ്യുക.. അതായത് 1282 – 290 = 992 യൂണിറ്റിനാണ് ബില്ല് ചെയ്തിരിക്കുന്നത്.

കെഎസ്ഇബിയുടെ ഫേസ്ബുക്ക് കുറിപ്പ്

ശ്രീമതി ശ്രീലേഖ ഐ പി എസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കെ എസ് ഇ ബിയുടെ സോളാർ ബില്ലിംഗ് തട്ടിപ്പാണെന്ന തരത്തിൽ തികച്ചും വസ്തുതാവിരുദ്ധവും തെറ്റിധാരണാജനകവുമായ കുറിപ്പ് പ്രസിദ്ധീകരിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

സൗരോർജ്ജ ബില്ലിംഗിനെപ്പറ്റി വേണ്ടത്ര ധാരണയില്ലാത്തതുകൊണ്ടാവണം ഈ തെറ്റിദ്ധാരണയുണ്ടായിട്ടുള്ളത്. ഉദാഹരണത്തിന്, ശ്രീമതി ശ്രീലേഖ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച വൈദ്യുതബില്ലിലെ വിവരങ്ങൾ തന്നെ പരിശോധിക്കാം.5 കിലോവാട്ട് ശേഷിയുള്ള ഓൺഗ്രിഡ് സൗരോർജ നിലയമാണ് അവിടെ സ്ഥാപിച്ചിരിക്കുന്നത്. ഏപ്രിൽ മാസം 557 യൂണിറ്റ് ആണ് നിലയത്തിൽ നിന്നും ഉത്പാദിപ്പിച്ചത്. അതിൽ തത്സമയ ഉപയോഗം കഴിഞ്ഞ് ബാക്കിയുള്ള 290 യൂണിറ്റ് വൈദ്യുതി ഗ്രിഡിലേക്ക് എക്സ്പോർട്ട് ചെയ്തു. രാവിലെ 6 മുതൽ വൈകീട്ട് 6 വരെ -399 യൂണിറ്റ്, വൈകീട്ട് 6 മുതൽ രാത്രി 10 വരെയുള്ള പീക്ക് മണിക്കൂറുകളിൽ – 247 യൂണിറ്റ്, രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള ഓഫ് പീക്ക് മണിക്കൂറുകളിൽ 636 യൂണിറ്റ് എന്നിങ്ങനെ വീട്ടിലെ ആകെ വൈദ്യുതി ഉപയോഗം 1282 യൂണിറ്റ് ആയിരുന്നു.

ആകെ ഉപയോഗിച്ച വൈദ്യുതിയിൽ നിന്നും നിന്നും ഗ്രിഡിലേക്ക് എക്സ്പോർട്ട് ചെയ്ത യൂണിറ്റ് കുറച്ച് ലഭിക്കുന്ന വൈദ്യുതിക്കാണ് കെ എസ് ഇ ബി ബിൽ ചെയ്യുക.. അതായത് 1282 – 290 = 992 യൂണിറ്റിനാണ് ബില്ല് ചെയ്തിരിക്കുന്നത്.

ഒരു മാസത്തെ ബില്ലിംഗ് യൂണിറ്റ് ആയ 992 യൂണിറ്റിന് നിലവിലെ താരിഫ് പ്രകാരം 10,038 രൂപയാണ് ഈടാക്കിയിരിക്കുന്നത്. അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ബില്ലിൽ ഒരു തെറ്റും ഇല്ല എന്ന് വ്യക്തം

സൗരോർജ്ജ നിലയത്തിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി അപ്പപ്പോൾ വൈദ്യുത ശൃംഖലയിലേക്ക് കയറ്റുമതി ചെയ്യുന്ന ഓൺഗ്രിഡ് സംവിധാനത്തെക്കാൾ മെച്ചമാണ് ബാറ്ററിയിൽ സൂക്ഷിച്ച് പിന്നീട് ഉപയോഗിക്കാൻ കഴിയുന്ന ഓഫ് ഗ്രിഡ് സംവിധാനം എന്ന വിചിത്രമായ വാദവും കാണുന്നുണ്ട്. തികച്ചും അബദ്ധജടിലമായ വാദമാണിത്. താരതമ്യേനെ വളരെ ഊർജ്ജക്ഷമത കുറഞ്ഞ സംവിധാനമാണ് ബാറ്ററിയും തദ്വാരാ ഓഫ്ഗ്രിഡ് സോളാർ സംവിധാനവും.

പ്രസ്തുത വ്യക്തിയുടെ പോസ്റ്റിലെ, ‘അറ്റകുറ്റപ്പണിക്കായി വൈദ്യുതി ഓഫ് ചെയ്തിരിക്കുന്ന സമയത്ത് സോളാർ വൈദ്യുതി ഉത്പാദിപ്പിച്ച് നൽകിക്കൊണ്ടിരിക്കും’ എന്ന പരാമർശവും വസ്തുതയല്ല. ലൈനിൽ സപ്ലൈ ഇല്ലാത്ത സമയത്ത് ഗ്രിഡ് ബന്ധിത സൗരോർജ്ജനിലയത്തിൽ ഉത്പാദനം നടക്കുകയില്ല.

കെ എസ് ഇ ബി വൈദ്യുതിക്ക് ഈടാക്കുന്ന വിലയും സൗരോർജ്ജ വൈദ്യുതിക്ക് നൽകുന്ന വിലയും തമ്മിലുള്ള അന്തരവും പോസ്റ്റിൽ സൂചിപ്പിച്ചുകണ്ടു. വൈദ്യുതിക്ക് നമ്മുടെ രാജ്യത്ത് ഡൈനമിക് പ്രൈസിങ്ങാണ് നിലവിലുള്ളത്. പകൽ സമയത്തെ (സോളാർ മണിക്കൂറുകൾ) വിലയെക്കാൾ വളരെക്കൂടുതലാണ് വൈകീട്ട് 6 മണിക്കും രാത്രി 12 മണിക്കുമിടയിലുള്ള വില. ആവശ്യകതയുടെ 75 ശതമാനത്തോളം സംസ്ഥാനത്തിനുപുറത്തുനിന്ന് വൈദ്യുതി വാങ്ങിയെത്തിക്കുകയാണ് കെ എസ് ഇബി. ആകെ വൈദ്യുതി വാങ്ങൽ വിലയുടെ ശരാശരി കൂടി കണക്കാക്കിയാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ വൈദ്യുത താരിഫ് നിശ്ചയിച്ചിരിക്കുന്നത്.

സൗരോർജ്ജ നിലയത്തിൽ ഉത്പാദിപ്പിച്ച്, അതതു സമയത്തെ ആവശ്യം കഴിഞ്ഞ് ഉത്പാദകർ ഗ്രിഡിലേക്ക് എക്സ്പോർട്ട് ചെയ്യുന്ന വൈദ്യുതിയുടെ വില സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ നിശ്ചയിക്കുന്നതും പകൽ സമയത്ത് രാജ്യത്തെ സൗരോർജ്ജ വൈദ്യുതിയുടെ നിരക്ക് കണക്കാക്കിയാണ്. ആ നിരക്കനുസരിച്ചാണ് എക്സ്പോര്ട്ട് ചെയ്ത വൈദ്യുതിയുടെ വില വാർഷികമായി കണക്കാക്കി കെ എസ് ഇ ബി സോളാർ ഉത്പാദകർക്ക് കൈമാറുന്നതും. പകൽ സമയത്ത് എക്സ്പോർട്ട് ചെയ്യുന്ന സൗരോർജ്ജ വൈദ്യുതിക്ക് പകരം പീക്ക് മണിക്കൂറുകളിൽ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി നൽകുകയാണ് കെ എസ് ഇ ബി.

വസ്തുതകൾ ഇതാണെന്നിരിക്കെ, മികച്ച പ്രവർത്തനം കാഴ്ച്ചവയ്ക്കുന്ന കെ എസ് ഇ ബി എന്ന പൊതുമേഖലാ സ്ഥാപനത്തെ ഇകഴ്ത്തിക്കാട്ടാൻ ശ്രീമതി ശ്രീലേഖ ശ്രമിക്കുന്നത് തികച്ചും ദൗർഭാഗ്യകരവും അപലപനീയവുമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week