KeralaNews

മാര്‍ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഭൗതികദേഹം മെയ് 20 ന് കേരളത്തിലെത്തിക്കും, സംസ്കാരത്തീയതി നിശ്ചയിച്ചു

തിരുവല്ല: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചര്‍ച്ച് പരമാധ്യക്ഷൻ മാര്‍ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഭൗതികദേഹം ഈ മാസം 20 ന് കേരളത്തിലെത്തിക്കും. അന്ന് തിരുവല്ല സെന്റ് തോമസ് നഗറിലെ ബിലീവേ‌‌ഴ്‌സ് കൺവൻഷൻ സെന്ററിൽ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് മെയ് 21 ന്  സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ ഖബറടക്കം നടത്തും. സമയക്രമങ്ങളും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കുമെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചര്‍ച്ച് സിനഡ് അറിയിച്ചു.

മെത്രാപ്പൊലീത്തയുടെ അപ്രതീക്ഷ വേർപാടിന്‍റെ ദുഃഖത്തിലാണ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച്. അത്തനേഷ്യസ് യോഹാന്‍റെ ഭൗതികദേഹം അമേരിക്കയിലെ ഡാലസ് സിറ്റിയിലെ മെതഡിസ്റ്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരും. 

ചൊവ്വാഴ്ച ടെക്സാസിലെ ഗോസ്‍പൽ ഫോർ ഏഷ്യ ആസ്ഥാനത്തിന് പുറത്തെ ഗ്രാമീണറോഡിൽ  പ്രഭാത നടത്തിന് ഇറങ്ങിയപ്പോഴാണ് മെത്രാപ്പൊലീത്തയെ വാഹനം ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ് അദ്ദേഹത്തെ ഡാലസിലെ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻരക്ഷിക്കാനായില്ല. ഇടിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിൽ മറ്റ് സംശയങ്ങൾ ഇല്ലെന്ന് സഭ പ്രതികരിച്ചു. മെത്രാപ്പൊലീത്തയുടെ ഭാര്യ ഗിസല്ലയും മക്കളായ ഡാനിയേൽ, സാറ എന്നിവരും അമേരിക്കയിൽ തന്നെയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button