KeralaNews

വണ്ടിപ്പെരിയാർ പീഡനം: സർക്കാർ നൽകിയ അപ്പീൽ‍ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു, പ്രതിക്ക് നോട്ടിസ്

കൊച്ചി: വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെവിട്ടതിനെതിരായ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹൈക്കോടതി ഡിവഷൻ ബെഞ്ചാണ് സർക്കാരിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചത്.

കേസിൽ  വിചാരണക്കോടതി കുറ്റവിമുക്തനാക്കിയ അർജുന് കോടതി നോട്ടിസ് അയച്ചു. സുപ്രധാനമായ വാദങ്ങളാണ് സർക്കാരിന്റ അപ്പീലിൽ സൂചിപ്പിച്ചിരിക്കുന്നത്. അതിൽ പ്രധാനപ്പെട്ടത് കേസിലെ പ്രധാനപ്പെട്ട എട്ടു സാക്ഷിമൊഴികൾ കട്ടപ്പനയിലെ കോടതി പരിഗണിച്ചില്ല എന്നതാണ്. 

വിചാരണ കോടതി ഫൊറൻസിക് റിപ്പോർട്ട് അവഗണിച്ചു. സംഭവസ്ഥലത്തുനിന്നും ലഭിച്ച ബെഡ്ഷീറ്റിൽ പ്രതിയായ അർജുന്റെ തലമുടിയുണ്ടായിരുന്നെങ്കിലും അത് പരിഗണിച്ചില്ലെന്ന് സർക്കാർ വാദിക്കുന്നു. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്ന കാലത്ത് നീതിക്കായുള്ള സമൂഹത്തിന്റെ നിലവിളി പരിഗണിക്കുന്നതിൽ കോടതിക്ക് വീഴ്ച പറ്റിയെന്നും അപ്പീലിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നു. പ്രതിക്കെതിരായ തെളിവുകൾ അന്വേഷണ സംഘത്തിന്റെ പക്കലുണ്ടെന്നും പറയുന്നു. 

2021 ജൂൺ 30നാണു വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിത്തൂക്കിയ നിലയിൽ പെൺകുഞ്ഞിന്റെ ജഡം കണ്ടെത്തിയത്. പെൺകുട്ടിക്കു 3 വയസ്സുള്ളപ്പോൾ മുതൽ മിഠായിയും ഭക്ഷണസാധനങ്ങളും നൽകി പ്രതി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന സാക്ഷിമൊഴികളും ലഭിച്ചു. 78 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിനു ശേഷമാണ് വിധി വന്നത്.

വണ്ടിപ്പെരിയാര്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനു വീഴ്ച പറ്റിയെന്നായിരുന്നു കോടതി പറഞ്ഞത്. കേസിൽ പ്രതി അർജുനെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയുടെ പകർപ്പിലാണു പരാമർശമുള്ളത്. തെളിവ് ശേഖരിച്ചതില്‍ വീഴ്ചയുണ്ടായെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിശ്വാസ്യത സംശയകരമെന്നും കോടതി പറഞ്ഞു.

വിരലടയാള വിദഗ്ധനെ കൊണ്ട് പരിശോധിപ്പിക്കുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ട്. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. ശാസ്ത്രീയമായ തെളിവുകൾ സ്വീകരിക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥൻ പരാജയപ്പെട്ടെന്നും കോടതി വിധിപകർപ്പിൽ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker