ഉത്രയെ കടിച്ചത് ഉഗ്ര വിഷമുള്ള മൂര്‍ഖന്‍; പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, കുഞ്ഞിനെ ഉത്രയുടെ വീട്ടുകാര്‍ക്ക് കൈമാറി
കൊല്ലം: അഞ്ചലില്‍ ഉത്രയെ കടിച്ചത് ഉഗ്ര വിഷമുള്ള മൂര്‍ഖന്‍ പാമ്പാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാവിലെയാണ് പാമ്പിന്റെ ജഡം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
പാമ്പിന്റെ മാംസം ജീര്‍ണിച്ച അവസ്ഥയിലായിരുന്നു. വിഷപ്പല്ല് ഉള്‍പ്പെടെയുള്ളവ കിട്ടിയെന്നും ഫോറന്‍സിക് ഡോക്ടര്‍മാര്‍ അറിയിച്ചു. കൊലപാതക കേസില്‍ പാമ്പിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസാണ് ഇത്. ഉത്രയെ കടിച്ച മൂര്‍ഖനെ സഹോദരനാണ് പിന്നീട് തല്ലിക്കൊന്ന് കുഴിച്ചുമൂടിയത്.
അതേസമയം ഉത്രയുടെ കുഞ്ഞിനെ പോലീസ് ഏറ്റെടുത്തുവീട്ടുകാര്‍ക്ക് കൈമാറി. ചൊവ്വാഴ്ച രാവിലെ അടൂരിലെ പറക്കോട്ടെ വീട്ടിലെത്തിയ അഞ്ചല്‍ പോലീസ് സംഘമാണ് ഭര്‍ത്താവ് സൂരജിന്റെ മാതാപിതാക്കളില്‍നിന്ന് കുഞ്ഞിനെ ഏറ്റെടുത്തത്. ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ശേഷം കുഞ്ഞിനെ ഉത്രയുടെ അച്ഛനും അമ്മക്കും കൈമാറുകയായിരുന്നു. അഞ്ചല്‍ പോലീസ് സ്റ്റേഷനില്‍ എത്തിയാണ് കുഞ്ഞിനെ അവര്‍ ഏറ്റുവാങ്ങിയത്.
ഉത്രമരിച്ചശേഷം കുഞ്ഞിനെ സൂരജിശന്റ വീട്ടിലേക്ക് സൂരജിന്റെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഉത്രയുടേത് കൊലപാതകം ആണെന്ന് സംശയമുയര്‍ന്നപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് ഉത്രയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറാന്‍ ശിശുക്ഷേമ സമിതി ഉത്തരവിട്ടു. എന്നാല്‍ രാത്രി അടൂര്‍ പോലീസ് കുഞ്ഞിനെ തേടി സൂരജിന്റെ വീട്ടിലെത്തിയെങ്കിലും കുഞ്ഞിനെയും കൊണ്ട് സൂരജിന്റെ അമ്മ ബന്ധുവീട്ടിലേക്ക് കടന്നിരുന്നു. പോലീസിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കുഞ്ഞിനെ തിരികെ കൊണ്ടുവന്നത്.